തിയേറ്റർ റിലീസ് കാത്തിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ റോഷാക്കിന്റെ മറ്റൊരു പോസ്റ്റർ കൂടി പുറത്തുവന്നു. ഇതിന് മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകൾ പോലെ തന്നെ നിഗൂഢത കാത്തുസൂക്ഷിക്കുന്ന പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം വെളുത്ത മുറിയിൽ പ്രത്യേക തരം വസ്ത്രം ധരിച്ചിരിക്കുന്ന പോസ്റ്ററിനെ കുറിച്ച് ആരാധകർ പലതരത്തിലുള്ള ഫാൻ തിയറികളാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുന്നത്.
കുറ്റവാളികളെയും അക്രമാസക്തരായ മാനസിക രോഗികളെയും മറ്റും അടച്ചിടുന്ന വൈറ്റ് റൂമിലാണ് പോസ്റ്ററിൽ മമ്മൂട്ടിയുള്ളത്. ഉള്ളിലുള്ളയാൾക്ക് ശരിക്കും അനങ്ങാൻ പോലും കഴിയാതെ വലിയ രീതിയിലുള്ള മാനസികാഘാതമോൽപ്പിക്കുന്ന ഈ രീതി വൈറ്റ് റൂം ടോർച്ചർ എന്ന പേരിലാണ് അറിയപ്പെടുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസിക നിലയാണ് റിലീസ് ചെയ്യുന്ന പോസ്റ്ററുകൾ വഴി സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച നിസാം ബഷീറാണ് റോഷാക്കിന്റെ സംവിധായകൻ. ചിത്രത്തിൽ നായക കഥാപാത്രം അവതരിപ്പിച്ച ആസിഫ് അലി റോഷാക്കിൽ അതിഥി താരമായി എത്തുന്നുണ്ട്. സമീർ അബ്ദുളിന്റെ തിരക്കഥയിൽ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത് .
ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം നിമീഷ് രവി. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |