പ്രമുഖ ചിന്തകനും ഗവേഷകനുമായ റൊമാങ്റോളണ്ട്, ശ്രീനാരായണഗുരുവിനെ 'കർമ്മനിരതനായ മഹാജ്ഞാനി" എന്നാണ് വിശേഷിപ്പിച്ചത്. യുഗപ്രഭാവനായ വിശ്വഗുരുവിന്റെ ആത്മീയ ശിഷ്യപരമ്പര ശിവലിംഗ - ബോധാനന്ദ സ്വാമികളിലൂടെ സച്ചിദാനന്ദസ്വാമികളിൽ എത്തിനിൽക്കുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴുവർഷക്കാല കോഴ്സിൽ വിദ്യാർത്ഥിയായിരുന്നു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മാനന്ദസ്വാമിയിൽ നിന്ന് 1976-ൽ ബ്രഹ്മവിദ്യാദീക്ഷയും ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ഗീതാനന്ദസ്വാമിയിൽ നിന്ന് 1982ൽ സന്യാസി ദീക്ഷയും സ്വീകരിച്ചു. ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തിയും, പൊരുളും ലോകത്തെ അറിയിക്കാനുള്ള സ്വാമിയുടെ യജ്ഞം കാലത്തിനു തന്നെ ദിശാബോധം നൽകുന്നു. ഇന്ത്യയിലെ വിവിധ ശ്രീനാരായണ ആശ്രമങ്ങളിലെ കാര്യദർശിയായി പ്രവർത്തിച്ച സ്വാമി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ദീർഘകാല ബോർഡംഗവുമാണ്.
1992ൽ ആരംഭിച്ച ആദ്ധ്യാത്മിക മഹായജ്ഞമാണ് ശ്രീനാരായണ ദിവ്യപ്രബോധനവും, ധ്യാനവും, ദിവ്യപ്രബോധന ധ്യാനയജ്ഞ സരണി നടക്കുന്ന പ്രദേശങ്ങളിൽ അദ്ഭുതാവഹമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നു. ദിവ്യപ്രബോധനവും ധ്യാനവും കൃത്യമായ നിബന്ധനകളോടും ആചാരാനുഷ്ഠാനങ്ങളോടും വ്രതശുദ്ധിയോടുമാണ് നടക്കുന്നത്. അതുകൊണ്ടാണ് പഞ്ചശുദ്ധി വ്രതാനുഷ്ഠാനങ്ങളോടെ ധ്യാനവേദിയിൽ ആയിരങ്ങൾ പങ്കെടുക്കുന്നത്. പാമര - പണ്ഡിത ഭേദമില്ലാതെ, ജാതിഭേദമില്ലാതെ ശ്രദ്ധിക്കുന്നവർക്കെല്ലാം മനഃശുദ്ധിയും സമാധാനവും പ്രദാനം ചെയ്തുകൊണ്ട് അനേകലക്ഷം ഗുരുധർമ്മ ശ്രോതാക്കളെ സൃഷ്ടിക്കുന്നു. മഹാത്മാഗാന്ധി, ഡോ. അംബേദ്കർ, ശ്രീബുദ്ധൻ, യേശുദേവൻ, മുഹമ്മദ് നബി, ഗുരുവിന് താങ്ങും തണലുമായി നിന്ന സന്യാസിമാർ പ്രത്യേകിച്ച് സത്യവ്രത സ്വാമി, ഡോ. പല്പു, ഉൾപ്പെടെ പ്രമുഖ ഗൃഹസ്ഥാശ്രമശിഷ്യർ ഉൾപ്പെടെയുള്ളവരുടെ ജീവിതകഥകൾ ശ്രോതാക്കളുടെ മുമ്പിൽ അനാവരണം ചെയ്യുന്നു. അതോടൊപ്പം സംസ്കൃത - മലയാള ശ്ളോകങ്ങളുടെ ആലാപനവും.
ബ്രഹ്മവിദ്യാലയ രജത ജൂബിലി ആഘോഷ കമ്മിറ്റി, ശിവഗിരി തീർത്ഥാടന പ്ളാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി, ശ്രീ ശാരദാ പ്രതിഷ്ഠാ ശതാബ്ദി കമ്മിറ്റി, ദൈവദശക രചനാ ശതാബ്ദി ആഘോഷ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന വമ്പിച്ച പരിപാടികൾ വിജയപ്രദമാക്കുന്നതിന് സ്വാമിയുടെ അക്ഷീണ പ്രയത്നം വാഴ്ത്തപ്പെടേണ്ടതാണ്. ലോകമാകെ ശിഷ്യ ഭക്ത സമ്പത്തുമുള്ള സന്യാസശ്രേഷ്ഠനുമാണ് സ്വാമികൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് 9000 ത്തോളം പ്രഭാഷണങ്ങൾ സ്വാമികൾ നടത്തി. വർഷങ്ങളായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും പ്രത്യേകിച്ചും അമേരിക്കയിൽ ഗുരുദർശനമെത്തിക്കുകയും ചെയ്തു. ഈ ദൃശ്യപ്രവർത്തനങ്ങൾക്ക് സന്യാസിമാരുടെ പ്രത്യേകിച്ച് ഗുരുപ്രസാദ് സ്വാമിയുടെ സഹകരണവും ഉണ്ടായിരുന്നു. മലയാളവും ഇംഗ്ളീഷിലുമായി സ്വാമികൾ 25 ലധികം പ്രധാന കൃതികൾ തന്നെ രചിച്ചിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങളും സ്വാമിയെ തേടിയെത്തി.
ഗുരുദേവ ജയന്തിയും തുടർന്നുള്ള 94-ാം മഹാസമാധിയും ആചരിക്കുന്ന വേളയിൽ സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരിയിൽ നടക്കുന്ന മഹാസംരംഭങ്ങൾക്ക് ഭാവുകങ്ങൾ.
ലേഖകന്റെ ഫോൺ: 9567934095.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |