പയ്യോളി (കോഴിക്കോട്): സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകൾ തുടങ്ങാനാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. കോഴിക്കോട് ജില്ലയിലെ ആദ്യ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ ബ്രാഞ്ചുകൾ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് സ്വർണ പണയ വായ്പ ഉൾപ്പെടെ സേവനം എളുപ്പത്തിൽ ലഭ്യമാകും. സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിൽ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും മന്ത്രി പറഞ്ഞു. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ എം.കെ.മോഹനൻ, ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.