കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന (എസ്.സി - എസ്.ടി ) നിയമപ്രകാരമുള്ള കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈയാവശ്യമുന്നയിച്ച് പെൺകുട്ടിയുടെ പിതാവു നൽകിയ ഹർജി തള്ളി.
എസ്.സി - എസ്.ടി നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെങ്കിൽ ഇര ഈ വിഭാഗത്തിലുള്ളയാളാണെന്ന് അറിഞ്ഞുകൊണ്ട് പ്രതി ആക്രമിച്ചതാവണം. പ്രതി ഈ വിഭാഗത്തിലുൾപ്പെട്ട വ്യക്തിയായിരിക്കരുതെന്നുമുണ്ട്. കേസിന്റെ പ്രഥമ വിവര മൊഴിയിലോ പെൺകുട്ടിയുടെ പിതാവു നൽകിയ രഹസ്യമൊഴിയിലോ കുട്ടി പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി കുറ്റം ചെയ്‌തതെന്നു പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.
നേരത്തെ ഈ ആവശ്യമുന്നയിച്ച് പിതാവു നൽകിയ ഹർജിയിൽ ഇക്കാര്യം പരിശോധിക്കാൻ ഹൈക്കോടതി വിചാരണക്കോടതിയോടു നിർദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണക്കോടതി ഈ ഹർജി പരിഗണിച്ചു തള്ളി. വീണ്ടും നൽകിയ ഹർജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ 2021 ജൂൺ 30 നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി പ്രതിയായ അയൽവാസി അർജ്ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമവും പോക്‌സോ നിയമവും അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെങ്കിലും എസ്.സി - എസ്.ടി നിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.