കേരളം രണ്ട് വർഷം മുമ്പ് ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി നൽകി
നവതരംഗ സിനിമയുടെ അപ്പോസ്തലൻ ഴാംങ് ലുക് ഗൊദാർദ് യാത്രയായി.തൊണ്ണൂറ്റിയൊന്നാം വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം. ഫ്രഞ്ച് ന്യൂ വേവിന്റെ സൃഷ്ടാവും നവസിനിമാ മുന്നേറ്റത്തിന്റെ പടനായകനുമാണ് സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ഗൊദാർദ്.ബ്രെത്ത് ലസിന്റെയും ആൽഫാ വില്ലെയുടെയും സംവിധായകൻ.1960 ൽ ബ്രെത്ത് ലെസ്സിൽ തുടങ്ങി 2018ലെടുത്ത ദി ഇമേജ് ബുക്ക് വരെ ചലച്ചിത്ര പ്രേക്ഷകരെ ഇളക്കിമറിച്ച ചിത്രങ്ങളുടെ സംവിധായകൻ. 1950 കളിലും 60കളിലും വിപ്ളവകരമായ പ്രമേയങ്ങളും നൂതന അവതരണരീതിയുമായി ഗൊദർദ് കടന്നുവന്നു.തന്റെ സിനിമ രാഷ്ട്രീയം പറയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച സംവിധായകനെ ലോകമെമ്പാടും നവസിനിമയുടെ പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചു.ഹോളിവുഡ് സിനിമകളുടെ നിത്യവിമർശകനായിരുന്നു അദ്ദേഹം.
സിനിമ ഡിജിറ്റൽ ടെക്നോളജിയിലേക്ക് മാറിയപ്പോഴും ഗൊദാർദ് ആ മാറ്റം ഉൾക്കൊണ്ടു.സോഷ്യലിസമെ, ഗുഡ് ബൈ ടു ലാംഗ്വേജ് എന്നീ അവസാന ചിത്രങ്ങൾ ഉദാഹരണമാണ്.ഫ്രഞ്ച് -സ്വിസ് ചലച്ചിത്രകാരൻ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.പാരീസുകാരനായ ഫിസിഷ്യൻ പോൾ ഗൊദാർദിന്റെ മകനാണ് .സ്കൂൾ വിദ്യാഭ്യാസം സ്വിറ്റ്സർലൻഡിലായിരുന്നു.ശേഷം പാരീസിലേക്ക് മടങ്ങിവന്നു..രാഷ്ട്രത്തിന് അതിന്റെ വിലപ്പെട്ട നിധി നഷ്ടമായി .ഒരു ജീനിയസിന്റെ കണ്ണുകളും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫ്രാൻസിൽ ഉയർന്നുന്ന ബൗദ്ധികമായ സിനിമ ക്ളബ്ബുകളിലും ചർച്ചാവേദികളിലും ഗൊദാർദ് സജീവമായിരുന്നു.ആന്ദ്രെ ബാസിനെപ്പോലെയുള്ള നിരൂപകരുമായി പിന്നീട് സമകാലികരായി മാറിയ ഫ്രാങ്കോ ത്രൂപോയടക്കമുള്ളവരുമായും ഗൊദാർദ് ഉറ്റബന്ധം പുലർത്തി.മാഗസീനുകളിൽ ചലച്ചിത്ര നിരൂപണവും എഴുതി.ആന്ദ്രെ ബാസിന്റെ കഹേദു സിനിമ മാഗസീനിലും എഴുതി.അതൊരു പ്രസ്ഥാനമായി മാറി. ആദ്യ കഥാചിത്രമായ ബ്രെത്ത് ലെസ്സ് ഒരു മഹാപ്രതിഭയുടെ ഉദയം കുറിക്കുകയായിരുന്നു. ചാർലോട്ടെ, വെറോണിക്കെ തുടങ്ങിയ ഹൃസ്വചിത്രങ്ങളിും തുടക്കത്തിൽ അദ്ദേഹത്തിന്റേതായി പുറത്തുവന്നു.ത്രൂഫോ ചെയ്യാനിരുന്ന ആൾ ദ ബോയ്സ് നെയിംഡ് പാട്രിക്ക് ഗൊദർദ് കഥാചിത്രമായി എടുത്തതും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.ബെർലിൻ ചലച്ചിത്രോത്സവത്തിൽ ബ്രെത്ത് ലെസ്സിന് സമ്മാനം ലഭിച്ചതോടെ ഗൊദർദ് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.24 ഫ്രെയിമിൽ നിറഞ്ഞുനിൽക്കുന്ന സത്യമാണ് സിനിമയെന്ന് ഗൊദാർദ് വിശേഷിപ്പിച്ചു. ഗൊദാർദിന്റെ സിനിമകൾ കവിതപോലെയാണെന്ന് ആരാധകർ പറയുന്നുണ്ട്.എന്നാൽ മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ അതേരീതിയിൽ തുറന്നുകാട്ടുന്നതിൽ ഗൊദാർദ് ഒരു മടിയും കാട്ടിയില്ല.
മാൻ വിത്ത് എ മൂവി കാമറയെടുത്ത സോവിയറ്റ് സംവിധായകൻ സിഗ വെർട്ടോവിന്റെ നാമത്തിൽ ഫിലിം കളക്ടീവിനും ഗൊദാർദ് രൂപം നൽകി.കാനിലും ഓസ്കാറിലും പ്രത്യേക ജൂറിപ്രൈസ് നേടിയിട്ടുണ്ട്.രണ്ട് വർഷം മുമ്പ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി.പങ്കെടുക്കാനെത്തിയില്ലെങ്കിലും ഗൊദാർദ് അംഗീകാരം സ്വീകരിച്ച് സന്ദേശം അയയ്ക്കുകയുണ്ടായി.ഗൊദാർദിനൊപ്പം ആധുനികസിനിമയുടെ ചരിത്രമാണ് മായുന്നത്.
സിനിമയുടെ വ്യാകരണം മാറ്റി
അനുസ്മരിച്ച് അടൂർ ഗോപാലകൃഷ്ണൻ
സിനിമയുടെ വ്യാകരണം മാറ്റി മറിച്ച ആളാണ് ഗൊദാർദ്. സിനിമ എന്ന മാദ്ധ്യമത്തിലൂടെ നിരന്തരമായ പരീക്ഷണങ്ങൾ നടത്തി. എല്ലാ മുൻധാരണകളെയും പതിവുകളെയും തെറ്റിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ പുതിയ കണ്ടെത്തലുകൾ നടത്തിയത്. ശരിക്കും സിനിമയിൽ ജീവിച്ച ആള്. കഹേദു മാസികയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രെത്ത് ലെസ്സ് . അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് എല്ലാ സിനിമകളെയും പിന്നിലാക്കി പുതിയ ചലച്ചിത്ര ശൈലി ആവിഷ്കരിച്ച സിനിമയായിരുന്നു അത്. സിനിമയിൽ കഥാപാത്രങ്ങൾ നേരിട്ട് സംസാരിക്കുന്നതു പോലുള്ള പുതിയ കാര്യങ്ങൾ കൊണ്ടു വന്നു. അദ്ദേഹത്തെ പോലെ സിനിമ ചെയ്യാൻ മറ്റാരും ശ്രമിച്ചിട്ടില്ല. അക്കാര്യത്തിൽ അദ്ദേഹം ഏകാകിയായിരുന്നു. ഒറ്റപ്പെട്ട് മാറി നിന്ന പ്രതിഭ. ഇടയ്ക്ക് സിനിമ എന്ന മാദ്ധ്യമത്തിൽനിന്ന് മാറി വിഡിയോ രംഗത്തേക്ക് കടന്നു. അവിടെയും പുതിയ കണ്ടെത്തലുകൾ നടത്തി കൊണ്ടിരുന്നു. മരണം വരെ സിനിമയുടെ രംഗത്ത് പുതിയ പുതിയ കണ്ടെത്തലുകൾ നടത്തി കൊണ്ടിരുന്ന മഹാപ്രതിഭ. സിനിമ എന്ന കലാരൂപം നിലനിൽക്കുന്നിടത്തോളം കാലം ഗൊദാർദിന്റെ മഹത്വം ആരാധകർ വാഴ്ത്തും.