പയ്യന്നൂർ : കണ്ണൂർ - കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കായൽ- ടൂറിസം രംഗത്തു വൻ പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആസൂത്രണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ , കവ്വായി കായലിന്റെ ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി സീ-കവ്വായി പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവ്വീസ് ആരംഭിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ മധുസൂദനൻ എം.എൽ.എ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി.
തെക്ക് ചെമ്പല്ലിക്കുണ്ട് മുതൽ വടക്ക് നീലേശ്വരം വരെ വ്യാപിച്ച് കിടക്കുന്നതും ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കവ്വായി കായൽ.കടലോരത്തിന് സമാന്തരമായി നീണ്ട് കിടക്കുന്ന കായൽ ഏഴ് പുഴകളുടെ സംഗമകേന്ദ്രം കൂടിയാണ്. 37 കിലോമീറ്റർ വിസ്തൃതിലുള്ള കായലിൽ പ്രകൃതി രമണീയമായ ധാരാളം ദ്വീപുകളുമുണ്ട്. പുതുതായി ആരംഭിക്കുന്ന സോളാർ ബോട്ട് സർവ്വീസ് പദ്ധതിയിൽ കവ്വായിക്ക് മുൻഗണന നൽകുമെന്ന് മന്ത്രി മറുപടി നൽകി.