ചെന്നൈ: കിണറ്റിൽ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ പാമ്പുപിടിത്തക്കാരനെ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം സ്വദേശിയായ ജി. നടരാജനാണ് (55) ഈ ദുര്യോഗം നേരിട്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനായിരുന്നു അപകടം. 10 അടിയോളം വലിപ്പമുള്ള പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് നടരാജന്റെ കഴുത്തിൽ ചുറ്റിയത്. പാമ്പിനൊപ്പം കിണറ്റിൽ വീണ നടരാജൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വരിഞ്ഞുമുറുക്കിയതിനാൽ ശ്വാസം മുട്ടി മരിച്ചു.
വെള്ളത്തിൽ വീണിട്ടും പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അഗ്നിശമന സേന ഏറെ പരിശ്രമിച്ച് നടരാജനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ പാമ്പിനെ കണ്ടെത്താനായില്ല. കർഷകനായ ചിന്നസ്വാമിയുടെ 50 അടി താഴ്ചയുള്ള കിണറ്റിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. കനത്ത മഴയെ തുടർന്ന് കിണർ നിറഞ്ഞതോടെയാണ് പാമ്പിനെ പുറത്തെടുക്കാൻ നടരാജനെ സമീപിച്ചത്. കയർ ഉപയോഗിച്ച് കിണറ്റിലേക്കിറങ്ങി പാമ്പിനെ എടുത്തതിന് പിന്നാലെ നടരാജിന്റെ ദേഹത്തും കഴുത്തിലും ചുറ്റുകയായിരുന്നു.