SignIn
Kerala Kaumudi Online
Saturday, 25 March 2023 3.01 AM IST

ലോക സിനിമയിലെ വിപ്ളവനേതാവ്

godard

സിനിമയുടെ വ്യവസ്ഥാപിത വ്യാകരണങ്ങളെ തകിടംമറിച്ച് 1960കളിൽ ലോക സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ഴാങ് ലൂക്ക് ഗൊദാർദ്. സിനിമ എന്ന കലാരൂപത്തിന് മനുഷ്യനെ മാറ്റാൻ കഴിയുമെന്ന് കണ്ടെത്തുക മാത്രമല്ല, തന്റെ സിനിമകളിലൂടെ അദ്ദേഹമത് തെളിയിക്കുകയും ചെയ്തു. അനന്യമായ ആഖ്യാനപാടവം പുലർത്തിയ ഗൊദാർദിന്റെ സിനിമകൾ കാവ്യാത്മകമായ അനുഭവമായിരിക്കെത്തന്നെ രാഷ്ട്രീയബോധത്തിന്റെ പൊള്ളുന്ന അടരുകളുള്ളവയുമായിരുന്നു.

ശബ്ദം സിനിമയുടെ ഭാഗമായിമാറിയ ശേഷമാണ് സിനിമ പ്രത്യേക സ്വഭാവത്തിലുള്ള കലാരൂപമായി വളർന്നുവന്നത്. അതിന്റെ തുടക്കത്തിൽ സിനിമയുടെ സൗന്ദര്യശാസ്ത്രം പഠിച്ച ചെറുപ്പക്കാരിലൊരാളായിരുന്നു ഗോദാർദ്. അദ്ദേഹമുൾപ്പെടെ നവസിനിമയുടെ വക്താക്കൾ വിമർശന ബുദ്ധിയോടെയായിരുന്നു സിനിമയെ സമീപിച്ചിരുന്നത്.

സിനിമയിൽ ശബ്ദംകൂടി ചേരുന്നത് 1930കൾക്കു ശേഷമാണ്. അതുവരെ നിശബ്ദമാണ് സിനിമയിലെ ജീവിതം. ലോകത്ത് പൊതുവേ യുദ്ധാന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന കാലം. വേദനകളും ആകുലതകളുമുള്ള കാലത്ത്. അന്നത്തെ ജീവിത സാഹചര്യത്തിൽ അതിനകത്തുള്ള നർമ്മമാണ് സിനിമ നൽകിയത്. ചാർലി ചാപ്ലിന്റെ സിനിമകളിൽ അത് കാണാം. ആ നർമ്മത്തിലും ഫിലോസഫിയുണ്ടായിരുന്നു. അതുകഴിഞ്ഞാണ് നവതരംഗം ഉണ്ടാകുന്നത്. കാലഘട്ടമാണ് പ്രധാനം. ഫ്രഞ്ചുകാരാണ് ഫിലോസഫി ഉൾപ്പെടെയുള്ള എല്ലാമേഖലയിലും അതിന്റെ സൗന്ദര്യ ശാസ്ത്രം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഗോദാർദ് ഉൾപ്പെടെയുള്ളവർ നവതരംഗവുമായി എത്തുമ്പോൾ സിനിമയിൽ മാത്രമല്ല, ചിത്രരചനയിലും സംഗീതത്തിലുമൊക്കെ നവതരംഗമുണ്ടായി.

രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു ഗോദാർദ്. 'പൊളിറ്റിക്കൽ സിനിമ'യുടെ ശക്തനായ പ്രയോക്താവും സംവിധായകനും മാത്രമല്ല, നിർമ്മാതാവ് ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ... അങ്ങനെ എല്ലാമാണ്.

സൗന്ദര്യശാസ്ത്ര ബോധത്തിൽ നിന്നുകൊണ്ടാണ് ഗോദാർദ് സിനിമകൾ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ ഇമേജ് ബുക്ക് അഭിനേതാക്കൾക്ക് പ്രധാന്യം നൽകാതെ സംഭവങ്ങൾ മാത്രം വച്ചൊരു സിനിമയായിരുന്നു. കാനിൽ അംഗീകാരം കിട്ടിയ സിനിമയിൽ കഥപറയുകയല്ല, ഇമേജുകളിലൂടെ അന്വേഷിക്കുകയാണ്. ഫാസിസത്തെക്കുറിച്ചും അറബ് ലോകത്തെ നൈരന്തര്യങ്ങളെക്കുറിച്ചും സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും സംസാരിക്കാനായി ആഴത്തിൽ സ്പർശിക്കുന്ന ദൃശ്യങ്ങളെ മാത്രമാണ് അദ്ദേഹം ആശ്രയിച്ചത്.

സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ എങ്ങനെ സമീപിക്കണം, എന്താണ് അതിലെ ഫിലോസഫി എന്നൊക്കെ അദ്ദേഹം കൃത്യമായി നിർവചിച്ചിരുന്നു. ഫ്രഞ്ച് ഫിലോസഫി മാത്രമല്ല റഷ്യൻ ഫിലോസഫിയും മാർക്സിയൻ ഫിലോസഫിയും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സ്രഷ്ടാവല്ല ഉടമ എന്ന മാ‌ർക്സിയൻ ഫിലോസഫിയെയാണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമായ ബ്രത്ത്ലസിൽ ഉൾച്ചേർത്തിട്ടുള്ളത്. 1959ലെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്രെത്ത്ലസിനായിരുന്നു.

തുടർച്ചയായി സിനിമകൾ ഗോദാർദ് സൃഷ്ടിച്ചിരുന്നു. ഓരോ കാലത്തും സിനിമയിൽ വ്യത്യാസം വന്നു. സിനിമയിലെ ഓരോ ഫ്രെയിമിന്റേയും ഉള്ളിൽ ഒരു ഫിലോസഫിയുണ്ടായിരുന്നു. ഫ്രെയിമിന്റെ പുറത്തും ഫിലോസഫിയുണ്ട്. പ്രേക്ഷകൻ കാണുന്ന ഫ്രെയിമിലെ കാഴ്ച മാത്രമല്ല സിനിമ. ഫ്രെയിമിനു പുറത്തുള്ള ശബ്ദങ്ങളും കാഴ്ചകളായി മാറും. അതാണ് അദ്ദേഹത്തിന്റെ സിനിമകളിലെ സൗന്ദര്യശാസ്ത്രം. സിനിമയിലെ ശബ്ദത്തിനും വ്യത്യസ്‌തമായ സൗന്ദര്യശാസ്ത്രമുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. അതുൾക്കൊള്ളുന്ന വിമർശനം കൂടി ചേരുമ്പോഴാണ് സിനിമ ഗൗരവമായ പഠനവിഷയമായി മാറുന്നത്. ഇപ്പോൾ കാണുന്ന ഓൺലൈൻ ക്രിട്ടിസിസം അമച്വർ ആണ്. ആർക്കു വേണമെങ്കിലും എഴുതാം. വായിക്കുമ്പോൾ രസം തോന്നുമെന്നു മാത്രം. അതിന് സൗന്ദര്യശാസ്ത്രമില്ല.

ഓരോ ഫ്രെയിമിലും ഒരുപാട് ചെറിയകാര്യങ്ങൾ അദ്ദേഹം ഒളിപ്പിച്ചുവച്ചിരുന്നു. അങ്ങനെ ഒളിപ്പിച്ച ശൂന്യതയ്ക്കു പോലും ചിന്തയുണ്ട്. അത് മനസിലാക്കാൻ ഫ്രെയിമിനെ വിശദീകരിക്കണം. അങ്ങനെ വിശദീകരിക്കുന്ന ഫ്രെയിമുകളെ ജാലകമെന്ന പോലെ പ്രേക്ഷകർക്കായി തുറന്നുകൊടുത്ത ആളാണ് ഗോദാർദ്. ആ ദൃശ്യങ്ങൾ പ്രേക്ഷകരെ ചിലപ്പോൾ ശല്യപ്പെടുത്തിയേക്കാം അല്ലെങ്കിൽ അവിടെ നാം സ്വന്തം ജീവിതത്തെ കണ്ടേക്കാം. മൈ ലൈഫ് ടു ലിവ് ഉൾപ്പെടെയുള്ള സിനിമകളിൽ വ്യക്തിപരമായ ജീവിതങ്ങളെ, ജീവിതപാഠങ്ങളെചിത്രീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും രാഷ്ട്രീയമനസിൽ ഇടതുപക്ഷ ചിന്താഗതിയായിരുന്നു. വിയറ്റ്നാം യുദ്ധവും അതിനു ശേഷമുള്ള സംഭവങ്ങളും സിനിമകളെ സ്വാധീനിച്ചു. യുദ്ധത്തെക്കുറിച്ചുള്ള ഒരുപാട് മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ യുദ്ധത്തിന്റെ വൈകാരിക അംശങ്ങളുണ്ട്. യുദ്ധത്തിൽ നഷ്ടംവന്നവരുടെ ജീവിതമുണ്ട്. ഒപ്പം സ്ത്രീപുരുഷ യുദ്ധവും കൂടിയുണ്ട്.

ജീവിതത്തിന്റെ താളവും ദൃശ്യങ്ങളുടെ താളവും തമ്മിലുള്ള ഗണിതത്തെ സൗന്ദര്യാനുഭൂതിയായി മാറ്റുന്നതിനൊപ്പം
അതിനെ വിമർശനാത്മകമായി കാണികൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു ഗൊദാർദ് ഉൾപ്പെടെയുള്ള നവതരംഗ വക്താക്കൾ. ഇവർ പറയുന്ന കാര്യങ്ങൾ ശരിയെന്ന് വിശ്വസിച്ചിരുന്നവരുടെ ഒപ്പം ജീവിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയം. കാണികളുടെ വിശ്വാസം നേടിയെടുത്ത സംവിധായകരായിരുന്നു അവർ. ഇപ്പോഴത്തെപ്പോലെ നഷ്ടപ്പെടുത്തിയവരല്ല.

ഗോദാർദിന്റെ സിനിമകൾ ആഴത്തിൽ ഉൾക്കൊള്ളാൻ പ്രേക്ഷകർക്കും കഴിഞ്ഞിരുന്നു . സിനിമയ്ക്കും ഒരു കണ്ണുണ്ടെന്നുള്ളതാണ് ഗോദാർദും കൂട്ടരും പറഞ്ഞിരുന്നത്. സിനിമ വാക്കുകളുടെ സൃഷ്ടിയല്ല മറിച്ച് ചിത്രങ്ങൾ കൊണ്ടാണത് സൃഷ്‌ടിക്കുന്നത്. ചലിക്കുന്ന ചിത്രങ്ങളുടെ സൗന്ദര്യ ശാസ്ത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. ഫോർ എവർ മൊസാർട്ട്, ഫിലിം സോഷ്യലിസം,

വീക്കെൻഡ്, പാഷൻ, വൺ പ്ലസ് വൺ, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലെല്ലാം ഈ സൗന്ദര്യശാസ്ത്രം അനുഭവിക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GODARD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.