സിനിമയുടെ വ്യാകരണം മാറ്റിമറിച്ച ആളാണ് ഗൊദാർദ്. സിനിമ എന്ന മാദ്ധ്യമത്തിലൂടെ നിരന്തരമായ പരീക്ഷണങ്ങൾ നടത്തി. എല്ലാ മുൻധാരണകളെയും പതിവുകളെയും തെറ്റിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ പുതിയ കണ്ടെത്തലുകൾ നടത്തിയത്. ശരിക്കും സിനിമയിൽ ജീവിച്ച ആള്. കഹേദു മാസികയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രെത്ത് ലെസ്സ് .. അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് എല്ലാ സിനിമകളെയും പിന്നിലാക്കി പുതിയ ചലച്ചിത്രശൈലി ആവിഷ്കരിച്ച സിനിമയായിരുന്നു അത്. സിനിമയിൽ കഥാപാത്രങ്ങൾ നേരിട്ട് സംസാരിക്കുന്നതു പോലുള്ള പുതിയ കാര്യങ്ങൾ കൊണ്ടുവന്നു. അദ്ദേഹത്തെപ്പോലെ സിനിമ ചെയ്യാൻ മറ്റാരും ശ്രമിച്ചിട്ടില്ല. അക്കാര്യത്തിൽ അദ്ദേഹം ഏകാകിയായിരുന്നു. ഒറ്റപ്പെട്ട് മാറിനിന്ന പ്രതിഭ. ഇടയ്ക്ക് സിനിമയെന്ന മാദ്ധ്യമത്തിൽനിന്ന് മാറി വീഡിയോ രംഗത്തേക്ക് കടന്നു. അവിടെയും പുതിയ കണ്ടെത്തലുകൾ നടത്തി കൊണ്ടിരുന്നു. മരണം വരെ സിനിമയുടെ രംഗത്ത് പുതിയ പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരുന്ന മഹാപ്രതിഭ. സിനിമ എന്ന കലാരൂപം നിലനിൽക്കുന്നിടത്തോളം കാലം ഗൊദാർദിന്റെ മഹത്വം ആരാധകർ വാഴ്ത്തും.