ഹൈദരാബാദ്: തെലങ്കാന സെക്കന്തരാബാദിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് എട്ട് പേർ ശ്വാസംമുട്ടി മരിച്ചു.
നിരവധിപ്പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കെട്ടിടത്തിലെ ഇലക്ട്രിക് സ്കൂട്ടറുകൾ സൂക്ഷിച്ചിരുന്ന ബേസ്മെന്റിൽ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പവർ ജനറേറ്ററും അഞ്ച് ഗാർഹിക ഗ്യാസ് സിലിണ്ടറുകളും സ്കൂട്ടറുകളുടെ സമീപമുണ്ടായിരുന്നു. ഇത് പൊട്ടിത്തെറിച്ച് തീ മുകൾ നിലയിലെ നാലുനിലയുള്ള റൂബി പ്രൈഡ് ഹോട്ടലിലേക്കും വ്യാപിച്ചു. ഇവിടെ 23 മുറികളിലായി 22 അതിഥികളാണ് ഉണ്ടായിരുന്നത്. പുക മുകളിലേക്കുയർന്നപ്പോൾ ഒന്നും രണ്ടും നിലകളിൽ ഉറങ്ങുകയായിരുന്ന ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടനാഴികളിൽ വീണ് പരിക്കേറ്റതായി ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി ആനന്ദ് പറഞ്ഞു. രക്ഷപ്പെടാനായി നിരവധിപ്പേർ ഹോട്ടലിന്റെ ജനാലകളിൽ കൂടി പുറത്തേക്ക് ചാടി. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സി.വി. ആനന്ദ് പറഞ്ഞു.
ഫയർ ഫോഴ്സ് ക്രെയിൻ ഉപയോഗിച്ച് നിരവധിപ്പേരെ രക്ഷിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.
അപകട സമയത്ത് കെട്ടിടത്തിലെ വാട്ടർ സ്പ്രിംങ്ക്ലർ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന്റെയും ഹോട്ടലിന്റെയും ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് കെട്ടിടത്തിന്റെ ബേസ്മെന്റ് ഗോഡൗൺ ആയി ഉപയോഗിക്കാനുള്ള അനുമതിയുണ്ടോയെന്നും അന്വേഷിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.