തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ദർശനം സാമൂഹിക മുന്നേറ്റത്തിനുള്ള ഏറ്റവും വലിയ പ്രേരക ശക്തിയാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ന് ശിവഗിരിയിലെത്തി ഗുരുവിന്റെ മഹാസമാധി സന്ദർശിക്കുമെന്നും കല്ലമ്പലത്ത് ഭാരത് ജോഡോ പദയാത്രയുടെ ജില്ലാ തല സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗുരുദേവനെപ്പോലുള്ള സന്യാസി ശ്രേഷ്ഠന്മാർ വലിയ അറിവുകളും പാഠങ്ങളുമാണ് നമുക്ക് പകർന്ന് നൽകിയത്. . ആ മഹത്തായ പാത പിന്തുടരണം..ഒരുമിച്ച് പ്രവർത്തിച്ചാൽ ശക്തി കൂടും. വെറുപ്പും വിദ്വേഷവും രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നു. സമാധാനവും സ്നേഹവുമാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യം ഇന്നത്തെ അവസ്ഥയിലെത്തിയതിന് കാരണം ഭിന്നിപ്പും വിദ്വേഷവും അരാജകത്വവുമാണ്. ഓം ശാന്തിയിൽ വിശ്വസിക്കുന്ന പാർട്ടിയാണ് രാജ്യത്താകെ അശാന്തിയുണ്ടാക്കുന്നതും, നാശം വിതയ്ക്കുന്നതും. ദാരിദ്ര്യവും വിദ്യാഭ്യാസ, ആരോഗ്യ പ്രശ്നങ്ങളും ജനത്തെ ബുദ്ധിമുട്ടിക്കുന്നു . ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ളതാണ് ഭാരത് ജോഡോ യാത്ര. ജാതി മതങ്ങൾക്ക് അതീതമായി ശാന്തി പുലരണം.
കഴിഞ്ഞ ദിവസങ്ങളിലെ പദയാത്രയ്ക്കിടയിൽ കേരളത്തിൽ ഓരോ അഞ്ചു മിനിട്ടിലും ആംബുലൻസുകൾ പായുന്നത് കണ്ടു. റോഡപകടങ്ങളിലെ ഇരകളാണ് ഇതിലധികവും. ആദ്യം ഞാൻ കരുതിയത് തെറ്റായി വാഹനം ഓടിക്കുന്നതിനാലാണെന്നാണ്. പിന്നീട് മനസ്സിലായി, റോഡുകളുടെ കുഴപ്പമാണ്കാരണമെന്ന്. റോഡുകളുടെ ദുരവസ്ഥയിൽ കേരള സർക്കാരിനെയോ, മുഖ്യമന്ത്രിയെയോ അധിക്ഷേപിക്കുന്നില്ല. റോഡുകൾ രൂപകല്പന ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് പല കുഴപ്പങ്ങളും-രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് വക്താവ് ജയറാം രമേഷ്, പദയാത്ര അഖിലേന്ത്യ കോ-ഓർഡിനേറ്റർ ദിഗ് വിജയ്സിംഗ്, കെ.സി.വേണുഗോപാൽ, വി.ടി ബൽറാം, പി.സി.വിഷ്ണുനാഥ് , ടി. സിദ്ദിഖ്, വർക്കല കഹാർ,
എൻ.പീതാംബരക്കുറുപ്പ്, പാലോട് രവി എന്നിവരും സംസാരിച്ചു.