SignIn
Kerala Kaumudi Online
Sunday, 29 January 2023 8.39 PM IST

മാനവികതയുടെ ജലോത്സവം

aranmula
ആറൻമുളയിലെ ജല ഘോഷയാത്ര

ലോകത്ത് ജലോത്സവങ്ങൾ എല്ലായിടത്തും നടക്കാറുണ്ട്. എന്നാൽ, മറ്റൊരിടത്തും കാണാനാകാത്ത പുതുമകളും ഒരുമയും ഉൾക്കൊള്ളുന്നതാണ് ആറന്മുള ജലോത്സവം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ആഘോഷം. വിശ്വാസവും ആചാരവും കൂട‌ിച്ചേർന്ന മാനവികതയുടെ ജലാേത്സവമായ ആറന്മുള വള്ളംകളി പൂർണതോതിൽ വീണ്ടും പമ്പയാറിൽ നടന്നു. പ്രളയവും കൊവിഡും കാരണം മുടങ്ങിപ്പോയ ജലോത്സവം ഇത്തവണ ജനപങ്കാളിത്തത്തോടെ വീണ്ടും അരങ്ങേറിയപ്പോൾ പമ്പയുടെ ഇരു കരകളിലും നിറഞ്ഞത് പതിനായിരങ്ങളാണ്. ഒാളപ്പരപ്പിലെ ഇൗ കാഴ്ചപ്പൂരത്തിൽ നാൽപ്പത്തിയൊൻപത് പള്ളിയോടങ്ങൾ പങ്കെടുത്തു. വള്ളംകളിക്കുള്ള തയ്യാറെടുപ്പിനെ തുടർന്ന് മറിഞ്ഞ ചെന്നിത്തല പള്ളിയോടത്തിലെ മൂന്നുപേർ മരണപ്പെട്ടതിനെ തുടർന്ന്, പള്ളിയോടം പിന്മാറിയെങ്കിലും ആറൻമുള പാർത്ഥസാരഥിയ്ക്കുള്ള വഴിപാട് വള്ളംകളിക്ക് മുടക്കം വരുത്തിയില്ല. വഞ്ചിപ്പാട്ടിന്റെ നതോന്നത താളത്തിൽ പള്ളിയോടങ്ങൾ തുള്ളിക്കളിച്ച് എത്തിയപ്പോൾ ആറന്മുളക്കാർക്ക് വള്ളംകളിയുടെ ആവേശകാലം തിരിച്ചെത്തുകയായിരുന്നു.

പരപ്പുഴ കടവ് മുതൽ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റർ ദൂരം നടന്ന ജലോത്സവം തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഭദ്രദീപം തെളിച്ചതോടെയാണ് തുടങ്ങിയത്‌. ഫൈനൽ മത്സരത്തിൽ എ ബാച്ചിൽ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടവും ജേതാക്കളായി. പാരമ്പര്യശൈലയിൽ ചമയത്തോടെ പാടിത്തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ സ്വർണട്രോഫി വന്മഴി പള്ളിയോടത്തിന് ലഭിച്ചു.

വേറിട്ട ആറന്മുള

ശൈലി

ഭക്തനും ഭഗവാനും തെളിനീരായ പമ്പയും ഒന്നാകുന്ന നിമിഷങ്ങളാണ് ആറന്മുള വള്ളംകളിയുടെ പ്രത്യേകത. അണിഞ്ഞൊരുങ്ങിയ പള്ളിയോടങ്ങൾ വെള്ളത്തിലൂടെ ആടിക്കളിച്ച് എത്തുന്ന കാഴ്ച ഹൃദയം കവരുന്നതാണ്. വെള്ള മുണ്ടുടുത്ത് തലയിൽ തോർത്ത് കെട്ടിയ കരക്കാർ പാട്ടിനൊപ്പം താളംപിടിച്ചാണ് തുഴ കറക്കിത്തുഴയുന്നത്. ആറന്മുള ഭഗവാന് തിരുമുൽക്കാഴ്ചയായി മത്സര വള്ളംകളിക്ക് മുൻപ് നടക്കുന്ന പള്ളിയോടങ്ങളുടെ ജലഘോഷയാത്ര നിറപ്പകിട്ടിന്റെ മേളം കൂടിയാണ്. അലങ്കരിച്ച പള്ളിയോടങ്ങളുടെ അമരച്ചാർത്ത് പടിഞ്ഞാറൻ വെയിലിൽ വെട്ടിത്തിളങ്ങും. ചുവപ്പ്, നില, പച്ച നിറങ്ങളിലെ മുത്തുക്കുടകൾ. കെട്ടുവള്ളങ്ങളിൽ ദൃശ്യ കലാരൂപങ്ങൾ. അകമ്പടിയായി വാദ്യമേളങ്ങൾ. പമ്പയുടെ നെട്ടായത്തിൽ ആറന്മുള കരകളുടെ ഐക്യത്തിന്റെ സന്ദേശം ലോകത്തിന് മാതൃകയായി നിലകൊള്ളുന്നു.

ദേവസ്തുതികളാണ് ജലമേളയിൽ ഉയരുന്നത്. ഭക്തിയും കലയും സാഹിത്യവും ഒന്നുചേരുന്ന ഒരു സംസ്കൃതിയുടെ വെളിച്ചം ലോകമാകെ അറിയപ്പെടുന്നതാണ്. ചരിത്ര മാഹാത്മ്യം ഏറെയുള്ളതാണ് ആറന്മുള വള്ളംകളി.

ആറന്മുള പാർത്ഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ജലഘോഷയാത്രയും അരങ്ങേറുന്നത്. പള്ളിയോട സേവാസംഘമാണ് വള്ളംകളിക്ക് നേതൃത്വം നൽകുന്നത്.

മറ്റ് വള്ളങ്ങളിൽ നിന്ന് വേറിട്ടതാണ് ആറന്മുള പള്ളിയോടങ്ങൾ എന്നറിയപ്പെടുന്ന വള്ളങ്ങൾ. അമരവും അണിയവും ഉയർന്നു നിൽക്കുന്നതാണ് അതിന്റെ പ്രത്യേകത. അമരത്തിന്റെ തലയെടുപ്പും ഗാംഭീര്യവും മറ്റിടങ്ങളിലെ വള്ളങ്ങൾക്കില്ല. മത്സരങ്ങൾക്കു വേണ്ടി നിർമിക്കപ്പെട്ടതല്ല ആറന്മുള പള്ളിയോടങ്ങൾ. ആറന്മുള ഭഗവാന്റെ സാന്നിദ്ധ്യം കുടികൊള്ളുന്നതാണ് പള്ളിയോടങ്ങൾ. തുഴച്ചിലിനുമുണ്ട് വേറിട്ട ആറന്മുള ശൈലി. വഞ്ചിപ്പാട്ടിന്റെ താളത്തിൽ മുന്നോട്ടാഞ്ഞ് നീട്ടിക്കുത്തി വെള്ളം കോരിയെടുത്ത് വശങ്ങളിലേക്ക് കറക്കി തെറിപ്പിക്കുന്ന കാഴ്ച ആസ്വാദ്യകരമാണ്. ഇത് ആറന്മുള ശൈലിയുടെ മാത്രം പ്രത്യേകതയാണ്.

പൈതൃകം

കാത്തുസൂക്ഷിക്കണം

ആറന്മുളയുടെ വേറിട്ട ആചാരങ്ങളും പൈതൃകവും ശൈലിയും സംസ്കാരവും സംരക്ഷിക്കുന്നതിന് സർക്കാർ തലങ്ങളിൽ സഹായം പ്രഖ്യാപിക്കാറുണ്ട്. പള്ളിയോടങ്ങളുടെ പുനരുദ്ധാരണത്തിന് ചെലവേറുന്നതാണ്. പള്ളിയോട കരക്കാർ വിചാരിച്ചാൽ മാത്രം ഇൗ ചെലവ് വഹിക്കാനാവില്ല. തദ്ദേശസ്ഥാപനങ്ങൾ അവരുടേതായ രീതിയിൽ സഹായം പ്രഖ്യാപിക്കാറുണ്ട്. പത്തോളം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ആറന്മുളയിലെ പള്ളിയോടക്കരകൾ. എന്നാൽ, സർക്കാർ സഹായങ്ങൾക്ക് ഏകീകൃത സ്വഭാവമില്ലാത്തത് പളളിയോടങ്ങളെ ബാധിക്കാറുണ്ട്. ചില പഞ്ചായത്തുകൾ പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ചിലത് അവഗണിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പതിനായിരം രൂപ വീതം പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകാറുണ്ട്. ദേവസ്വം ബോർഡ് അവരുടേതായ നിലയിലും സംഭാവനങ്ങൾ നൽകുന്നു. ഇതെല്ലാം പള്ളിയോടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികളുടെ ചെലവിന്റെ പകുതിയോളമേ വരികയുള്ളൂ. പള്ളിയോട‌ങ്ങളുടെ സംരക്ഷണം കൂടാതെ, വഞ്ചിപ്പാട്ട് പഠനക്കളരി, വഞ്ചിപ്പാട്ട് സോപാനം, പമ്പാതടം സംരക്ഷണം, തുഴച്ചിലുകാർക്കുള്ള പരിശീലനം, വള്ളസദ്യ തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ സർക്കാരിന്റെ ധനസഹായം എത്തേണ്ടതുണ്ട്. ജലമേളയുടെ ഒാരോ വർഷത്തെയും ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പ്രഖ്യാപനങ്ങൾ നടത്തി പോകുന്നതല്ലാതെ ഒന്നും പ്രാവർത്തികമാകാറില്ല. വള്ളംകളി അടുത്തുവരുന്ന ദിവസങ്ങളിൽ തട്ടിക്കൂട്ടി ഒരുക്കങ്ങൾ നടത്തുന്ന പതിവുശൈലി തുടരുകയാണ്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ ലോകമാകെ അറിയപ്പെടുന്ന ആറന്മുളയുടെ പാരമ്പര്യ കലയും അനുഷ്ഠാനവും നിലനിറുത്തേണ്ടത് വരും തലമുറയ്ക്ക് വലിയ ബാദ്ധ്യതയായി മാറും.

പൈതൃക ഗ്രാമമായ ആറന്മുളയിലെ അടയാളങ്ങൾ ലോകപ്രശസ്തമാണ്. ആറന്മുള കണ്ണാടിയും പള്ളിയോടങ്ങളും വള്ളംകളിയും വള്ളസദ്യയുമാണ് അതിൽ പ്രധാനം. ഭക്തിയും ആചാരവും അനുഷ്ഠാനവും ഇഴുകിച്ചേർന്നതാണ് ആറന്മുള സംസ്കാരം. ആത്മാവിൽ ആഴ്ന്നിറങ്ങിയ ആചാര വിശ്വാസങ്ങളുടെ അടിത്തറയിലാണ് ആ സംസ്കാരം രൂപപ്പെട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARANMULA BOAT RACE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.