വിഴിഞ്ഞം: സഹപാഠികൾക്കു മുന്നിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോവളം സമുദ്ര ബീച്ചിൽ കുളിക്കാനിറങ്ങിയ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് ഷെഹിൻ മൻസിലിൽ എൻ.എച്ച്.ഷാജിയുടെയും ഷക്കീലയുടെയും മകൻ ഷെഹിൻ ഷാ(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളായ പവൻ, ആദിത്യ ജെ. കമ്മത്ത് , നാജ് ജവാദ് എന്നിവരുടെ കൺമുന്നിലാണ് ഷെഹിൻ ഷാ തിരയിൽപ്പെട്ടത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 4 അംഗ സംഘം കടലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന 3 പേർകുളിക്കാനിറങ്ങാതെ കരയിൽ നിൽക്കുകയായിരുന്നു.കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിലെ 3-ാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു ഷെഹിൻ ഷാ.ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് രക്ഷാപ്രവർത്തകർ എത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ ഷെഹിൻ ഷായെ കരയ്ക്കെടുത്ത് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ നടന്ന പരീക്ഷ എഴുതിയ ശേഷമാണ് നാലുപേരും കടൽത്തീരത്തേക്കുപോയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.