തൃശൂർ: നഗരത്തിലെ റോഡിലുള്ള കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. ശക്തന്റെ മാർക്കറ്റ് ജംഗ്ഷന് മുന്നിലെ കുഴിയിൽ വീണ് കല്ലൂർ ബ്രഹ്മകുളം വീട്ടിൽ സാംസണ് (61) ആണ് പരിക്കേറ്റത്. വലതുകാലിന് ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം.
ശക്തമായ മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതാണ് അപകട കാരണം. ശക്തനിലെ അടക്കം നഗരത്തിലെ റോഡുകളെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഓണത്തിന് മുമ്പ് റോഡുകളെല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
നേരത്തെ അറ്റകുറ്റപ്പണി കഴിഞ്ഞ രാമനിലയം ഭാഗത്തെ റോഡും പഴയപടിയായി. വിവിധ ജംഗ്ഷനുകളിൽ ടൈലിട്ട റോഡുകളിൽ ടൈൽ പൊട്ടിയതും പ്രശ്നമുണ്ടാക്കുന്നുണ്ട്. പ്രധാന റോഡുകളായ കൊക്കാലെ, പൂത്തോൾ, പടിഞ്ഞാറെക്കോട്ട, കിഴക്കെക്കോട്ട, ശക്തൻനഗർ, വെളിയന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളിലെല്ലാം വലിയ കുഴികളാണ്. കൊക്കാലെ പ്രെട്രോൾ പമ്പിനടുത്തും ദിവാൻജിമൂല കഴിഞ്ഞ് പടിഞ്ഞാറെക്കോട്ട വരെയുള്ള ഭാഗങ്ങളിലും റോഡിൽ വൻകുഴികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |