കുന്നത്തൂർ: ശാസ്താംകോട്ട പള്ളിശേരിക്കലിൽ രണ്ട് വൃദ്ധരെയും വളർത്ത് മൃഗങ്ങളെയും കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധയുടെ ലക്ഷണം പ്രകടിപ്പിച്ച നായ പിന്നീട് ചത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് തെരുവുനായ ആക്രമണം അഴിച്ചുവിട്ടത്. പേ വിഷ ബാധ സംബന്ധിച്ച ആശങ്ക പടർന്നതോടെയാണ് തിങ്കളാഴ്ച ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, വെറ്ററിനറി സർജന്മാരായ ഡാ. ബൈജുഷാ, സുജാത ജെഹി, ജെ.എച്ച്.ഐ സലീന, ഗ്രാമപഞ്ചായത്തംഗം നസീമ എന്നിവരുടെ നേതൃത്വത്തിലാണ് നായയുടെ ജഡം പോസ്റ്റ് മോർട്ടം ചെയ്തത്. ശാസ്താംകോട്ട പള്ളിശേരിക്കൽ വെസ്റ്റ് പാട്ടുപുരക്കുറ്റി ലക്ഷംവീട്ടിൽ ഫാത്തിമാബിവി, കപ്ലെഴത്ത് കിഴക്കതിൽ ഗോമതിയമ്മ എന്നിവരെയാണ് നായ കടിച്ചത്. ഒരു ആടിനെയും പൂച്ചയെയും തെരുവുനായ ആക്രമിച്ചിരുന്നു.
നായക്ക് പേവിഷബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കടിയേറ്റവരും വളർത്തുമൃഗങ്ങളും ശക്തമായ നിരീക്ഷണത്തിലാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ നേരത്തേ തന്നെ എടുത്തിരുന്നു. പ്രദേശത്ത് ആരോഗ്യവകുപ്പ് - മൃഗസംക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ട്.