തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവും ആത്മഹത്യചെയ്തതോടെ അനാഥരായ മൂന്നു കുട്ടികൾക്ക് സർക്കാർ താങ്ങാവും. 7, 10, 13 വയസുള്ള കുട്ടികൾക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം പ്രായപൂർത്തിയാകുന്നത് വരെ നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ ഈമാസം നാലിനാണ് ഭാര്യ ലിജയെ കൊലപ്പെടുത്തിയ ശേഷം ഒഡീഷ സ്വദേശി സാജൻ ആത്മഹത്യ ചെയ്തത്. ഇതോടെ കുഞ്ഞുങ്ങളുടെ ജീവിതം വഴിമുട്ടിയ വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ലിജയുടെ മാതാപിതാക്കൾ കുട്ടികളെ സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടർന്നാണ് പ്രായപൂർത്തിയാകുന്നതുവരെ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.