പീത പതാകയെ അപമാനിച്ചു
പ്രതിഷേധം കനക്കുന്നു
കൊല്ലം: ചതയദിനത്തിൽ പീത പതാക കെട്ടുന്നത് സാമൂഹ്യവിരുദ്ധർ തടഞ്ഞതുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറിയെ കരുനാഗപ്പള്ളി സി.ഐ സ്റ്റേഷനുള്ളിൽ വച്ച് ക്രൂരമായി മർദ്ദിച്ചു.
ആദിനാട് വടക്ക് 184-ാം നമ്പർ ശാഖാ സെക്രട്ടറി പ്രസന്നകുമാറാണ് മർദ്ദനത്തിന് ഇരയായത്. പീത പതാകയെയും അപമാനിച്ച സി.ഐ ഇനി മഞ്ഞക്കൊടി കെട്ടിയാൽ നിന്നെയൊക്കെ പിടിച്ച് അകത്തിടുമെന്നും ഭീഷണിപ്പെടുത്തി.
അവിട്ടദിനത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ചതയദിനാഘോഷത്തിന്റെ ഭാഗമായി ആദിനാട് വടക്ക് ശാഖ പരിസരത്ത് പീത പതാകകൾ കെട്ടുന്നത് ഒരു സംഘം സാമൂഹ്യവിരുദ്ധർ തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് സംഘം ശനിയാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകാൻ പറഞ്ഞു. ഇതുപ്രകാരം എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം കെ.ജെ. പ്രസേനൻ, ശാഖാ പ്രസിഡന്റ് എം. രാജേഷ്, സെക്രട്ടറി പ്രസന്നകുമാർ എന്നിവർ സ്റ്റേഷനിലെത്തി. ഓഫീസിലേക്ക് കയറിയപ്പോൾ സി.ഐ തൊട്ടടുത്ത് നിന്ന പൊലീസുകാരനോട് ശാഖാ പ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിച്ചു.
'എന്തുവാടാ ഇവന്മാർ, ഇവന്മാർക്ക് വേണ്ടി ഇവിടെ പ്രത്യേകം സ്റ്റേഷൻ പണിയണോ'. എന്നായിരുന്നു സി.ഐയുടെ ആക്ഷേപം. തുടർന്ന് ശാഖ ഭാരവാഹികൾ നൽകിയ പരാതി വായിക്കാൻ പോലും തയ്യാറാകാതെ സി.ഐ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. ശാഖാ ഭാരവാഹികൾ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവേ കസേരിയിൽ നിന്ന് ചാടിയെഴുന്നേറ്റ സി.ഐ കരണത്ത് പിടിച്ച് തള്ളിയ ശേഷം മർദ്ദിച്ചുവെന്നാണ് പ്രസന്നകുമാറിന്റെ പരാതി. ഇനി മഞ്ഞക്കൊടി കെട്ടിയാൽ പിടിച്ച് അകത്തിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ശാഖാ ഭാരവാഹികളെ സ്റ്റേഷനിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു
പീത പതാകയെ അപമാനിച്ചതിലും സെക്രട്ടറിയെ കൈയേറ്റം ചെയ്തതിലും ആദിനാട് വടക്ക് 184-ാം നമ്പർ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു. ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറാനായി ശാഖയുടെ പരാതി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഭാരവാഹികൾക്ക് കൈമാറി. ഇന്ന് കരുനാഗപ്പള്ളി യൂണിയൻ യോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യും.