SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.55 AM IST

പൂത്തുലഞ്ഞ ഓണം

onam

പ്രളയവും കൊവിഡും അപഹരിച്ച ഓണത്തിന്റെ ആഘോഷാരവങ്ങൾ എല്ലാ അർത്ഥത്തിലും ജീവിതത്തിൽ ചാലിച്ചു ചേർത്താണ് ഇക്കുറി മലയാളികൾ ഓണം ആഘോഷിച്ചത്. ഓണത്തിന്റെ ഉത്സവാന്തരീക്ഷമൊരുക്കാൻ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും പ്രത്യേകിച്ച് വിനോദസഞ്ചാരവകുപ്പ് പിന്തുണയും സഹായവും നൽകിയതോടെ ഓണാഘോഷങ്ങൾക്ക് ഇരട്ടി മധുരവും പൊൻതിളക്കവും അനുഭവപ്പെട്ടു.

ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് കഥയുടെയോ ഐതീഹ്യത്തിന്റെയൊ ഒക്കെ പേരുചാർത്താൻ കഴിയും. അതിനൊക്കെ യുക്തിസഹമായ ചരിത്രത്തിന്റെ പിൻബലമുണ്ടാകുമോ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാൽ ഈവക ചിന്തകൾക്കപ്പുറം ഓണം മലയാളികൾക്ക് മധുരതരവും മനസിനെ ഉണർത്തുന്നതുമായ ഒരു ജീവിത സ്മൃതിയാണ്. ഒരുപക്ഷേ, കള്ളങ്ങളും പൊളിവചനങ്ങളുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത സുഖസമൃദ്ധമായ ഒരു സാമൂഹ്യജീവിതം എത്തിപ്പിടിക്കാനുള്ള അദമ്യമായ അഭിവാഞ്ഛയുടെ നിറചിത്രമായിരിക്കാം.

കാലവും കഥകളും മാറുകയും ജീവിത ചുറ്റുപാടുകളിലെ സംഘർഷങ്ങളും സങ്കീർണതകളും കൂടിക്കുഴയുകയും ചെയ്തതോടെ മലയാളിയുടെ ജീവിതത്തിന് ഭാവമാറ്റങ്ങളുണ്ടായി. 2017 ലെ നിപയും 2018 ലെ പ്രളയവും 19 ലെ വെള്ളപ്പൊക്കവും പിന്നീടുള്ള രണ്ട് വർഷങ്ങളിലെ കൊവിഡ് മഹാമാരിയും നമ്മുടെ ജീവിത പരിസരങ്ങളിലെ ഉത്സവാഘോഷങ്ങളെയാകെ തല്ലിക്കെടുത്തിയെന്നു മാത്രമല്ല ജീവിതമാകെ ആശങ്കകളുടെ മുൾമുനയിലാവുകയും ചെയ്തു.

കൂട്ടായ്മകളുടെ കൊടുക്കൽ വാങ്ങലുകളിൽ ജീവിതം പൂത്തുലഞ്ഞ മലയാളിക്ക് കഴിഞ്ഞ രണ്ട് വർഷവും അടച്ചുപൂട്ടലിന്റെയും നിയന്ത്രണങ്ങളുടെയും ഭാഗമായുള്ള ഒറ്റപ്പെടലുകളുടെ നാളുകളായിരുന്നു. മനസിൽ താഴിട്ടു പൂട്ടിയിരുന്ന എല്ലാ ഉത്സവമേളങ്ങളുടെയും പെരുമ്പറ മുഴക്കങ്ങൾക്ക് ഇടമൊരുക്കിക്കൊണ്ടാണ് ഇത്തവണ ഓണമെത്തിയത്. അതുകൊണ്ട് ഈ ഓണം ന്യൂജെൻ ഭാഷയിൽ അടിച്ചുപൊളിക്കുകതന്നെ ചെയ്തു മലയാളികൾ. കാലവർഷത്തിന്റെ ഓർക്കാപ്പുറത്തുള്ള കലിതുള്ളൽപോലും ഓണനാളുകളിലെ ആഘോഷങ്ങൾക്ക് ഒട്ടും മങ്ങലേൽപ്പിച്ചില്ല. 'കാണം വിറ്റും ഓണം ഉണ്ണണം ' എന്ന ഗൃഹാതുരമായ പഴഞ്ചൊല്ലുകളും ഇക്കുറി തിരുത്തപ്പെട്ടു. കാണം വിൽക്കാതെ തന്നെ ഓണമുണ്ണാൻ എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അവസരമൊരുക്കി. അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഭക്ഷ്യക്കിറ്റുകൾ ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ എല്ലാവരുടെയും അടുക്കളകളെ ആഘോഷപൂരിതമാക്കി. ക്ഷേമപെൻഷനുകൾ പൂർണമായും വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഓണത്തിനു മുൻപേ നൽകിയ വാർത്ത കേരളക്കരയാകെ ആശ്വാസത്തോടെയാണ് കേട്ടത്.

ചന്നംപിന്നം പെയ്ത മഴയോടെയായിരുന്നു അത്തത്തെ വരവേറ്റതെങ്കിലും തുടർന്നുള്ള പത്തുനാളുകളിലും മലയാളി ഓണത്തെ ആഘോഷങ്ങൾകൊണ്ട് പൊതിഞ്ഞു. നാടും നഗരവും ഓണമേളങ്ങളാൽ നിറഞ്ഞുനിന്നു. പ്രാദേശിക ഭേദങ്ങളുടെ വൈവിദ്ധ്യങ്ങൾക്കിടയിലും ഓണത്തിന്റെ ഒത്തൊരുമയും ഉത്സവമേളങ്ങളും തകർത്താടി. തെയ്യങ്ങളുടെ വരവും പുലികളുടെ നാടിറക്കവും വള്ളംകളിയുടെ ആർപ്പുവിളികളും കേരളത്തിന്റെ ഗ്രാമനഗരങ്ങളുടെ ഉത്സവാഘോഷങ്ങൾക്ക് ഇമ്പവും ഈണവും പകർന്നു.

പത്തുനാൾ നീണ്ടുനിന്ന ഉത്സവങ്ങൾക്ക് കഴിഞ്ഞദിവസം തലസ്ഥാനനഗരിയിൽ നടന്ന വർണങ്ങൾ വാരിപ്പൂശിയ ഘോഷയാത്രയോടെയാണ് സമാപനമായത്. ഘോഷയാത്രയിൽ ചുവടുവച്ച കലാരൂപങ്ങൾക്കും നിറഞ്ഞുനീങ്ങിയ നിശ്ചലക്കാഴ്ചകൾക്കും സാക്ഷികളായി പതിനായിരങ്ങൾ നഗരത്തിൽ ആർത്തിരമ്പി. സമാപനം വരെയുള്ള എല്ലാ ദിവസങ്ങളിലും ഒരു പരാതിക്കും ഇടവരുത്താതെ ഓണം വാരോഘോഷം സമാധാനപൂർണമായി നടത്തുന്നതിൽ സ്തുത്യർഹമായ പങ്കാണ് പൊലീസ് വഹിച്ചത്. പ്രത്യേകിച്ചും രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വാരാഘോഷ സമാപനത്തിരക്കിനിടെ നഗരത്തിൽ പ്രവേശിച്ചിട്ടും യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ലെന്നതിൽ അഭിനന്ദനാർഹമായ കർത്തവ്യബോധമാണ് പൊലീസ് പ്രകടിപ്പിച്ചത്. ഓരോ ആഘോഷങ്ങളും ഇനി കൂടുതൽ മികവോടെയും മിഴിവോടെയും സാക്ഷാത്ക്കരിക്കപ്പെടട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഓണാഘോഷം സമ്പന്നമാക്കിയ എല്ലാവരേയും ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM, EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.