ബീഫ് വിഭവങ്ങൾ എന്നുകേട്ടാൽതന്നെ വായിൽ വെള്ളമൂറും നമ്മൾ മിക്കവാറും മലയാളികൾക്കും. ബീഫും പൊറോട്ടയും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. അതിനാൽതന്നെ ബീഫ് കൊണ്ട് എന്തുണ്ടാക്കിയാലും നമ്മൾ സന്തോഷത്തോടെ അത് ആസ്വദിക്കാറുമുണ്ട്. ഇത്തവണത്തെ എപ്പിസോഡിൽ കേരള സ്റ്റൈൽ സ്പെഷ്യൽ ബീഫ് ഫ്രൈ ഉണ്ടാക്കുകയാണ് പ്രിയനടി ദിവ്യ.
ബീഫ്, സവാള, വറ്റൽമുളക്, വെളിച്ചെണ്ണ, കടുക്, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, പെരുംജീരകപൊടി എന്നിവയാണ് സ്പെഷ്യൽ ബീഫ് ഫ്രൈ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ബീഫ് ആദ്യം തന്നെ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചുവയ്ക്കണം. പിന്നാലെ പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് വറ്റൽമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ചതച്ചത് കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കണം. ഇതിൽ വേവിച്ച് ബീഫ് ചേർത്ത് നന്നായി യോജിപ്പിക്കണം. അടുത്തതായി ഒരു സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ ഗരംമസാല പൊടി, അര സ്പൂൺ പെരുംജീരക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കണം. ശേഷം ബീഫ് കൂട്ടുമായി നന്നായി യോജിച്ച് കഴിയുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേർത്തുകൊടുക്കാം. ശേഷം അഞ്ച് പച്ചമുളക് രണ്ടായി കീറിയത് ചേർത്ത് ഇളക്കാം. കുറച്ച് നേരം അടച്ചുവച്ച് വേവിച്ച് കഴിഞ്ഞാൽ ബീഫ് ഫ്രൈ റെഡി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |