SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.15 PM IST

പുനർമൂല്യനിർണയം ; ശാശ്വതപരിഹാരം വേണം

photo

കേരളത്തിലെ സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പരീക്ഷാനടത്തിപ്പ് ആകെ കുത്തഴിഞ്ഞ രീതിയിലാണ് നടക്കുന്നത്. എം.എസ്‌.സി രണ്ട് പേപ്പറിന്റെ ഫലം വന്നപ്പോൾ എന്റെ മകൾ പരാജയപ്പെട്ടു. തുടർന്ന് സ്‌ക്രൂട്ടിനിക്കും റീവാല്യുവേഷനും അപേക്ഷ നൽകി. സ്‌ക്രൂട്ടിനിയിൽ വ്യത്യാസം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റീവാല്യുവേഷൻ റിസൾട്ട് കാത്തിരിക്കുന്നതിനിടയിൽ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഫീസടച്ച് പരീക്ഷ എഴുതുകയും ചെയ്തു. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വളരെ വൈകിയാണ് റീവാല്യുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും 23 മാർക്ക് വീതം രണ്ട് പരീക്ഷകൾക്കും കൂടുതലായി ലഭിച്ചു. ജയിച്ച പരീക്ഷ വീണ്ടും എഴുതേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥയോ അവർക്കുണ്ടാകുന്ന ധനനഷ്ടമോ ഒന്നും യൂണിവേഴ്സിറ്റിക്ക് പ്രശ്നമല്ല.
താൻ എഴുതിയ ഒരു പരീക്ഷയ്ക്ക് തോറ്റുപോയത് എങ്ങനെയെന്നോ ആ പരാജയത്തിന് കാരണം എന്തെന്നോ അറിയാനുള്ള അവകാശം ഒരു കുട്ടിക്കില്ലേ.. ? പത്താംക്ലാസ് മുതലുള്ള പരീക്ഷകളുടെ പേപ്പർ കുട്ടികൾക്ക് തിരിച്ചുകൊടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതാരും കാണുകയില്ലെന്നോ അറിയുകയില്ലെന്നോ ഉള്ള വിശ്വാസമാണ് പലപ്പോഴും അലക്ഷ്യമായി പേപ്പർ നോക്കാൻ അദ്ധ്യാപകരെ പ്രേരിപ്പിക്കുന്നത്. താനെഴുതിയ ഒരു പരീക്ഷയ്ക്ക് എത്ര മാർക്ക് കിട്ടിയെന്നും അതിന് എന്തൊക്കെ പോരായ്മകൾ ഉണ്ടായിരുന്നുവെന്നും അറിയാനുള്ള അവകാശം ഒരു വിദ്യാർത്ഥിക്കില്ലേ? ഇനിയെങ്കിലും ഇത്തരം ഏർപ്പാടുകൾ നിറുത്തലാക്കി പേപ്പറുകൾ കുട്ടികൾക്ക് തിരിച്ചു കൊടുക്കുന്ന സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
പുനർമൂല്യനിർണയത്തിന്റെ ഫലം വരുമ്പോൾ നിശ്ചിത ശതമാനത്തിലധികം മാർക്ക് കിട്ടിയാൽ പേപ്പർ നോക്കിയ അദ്ധ്യാപകർക്ക് അതുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടിവരും എന്നതിനാൽ പുനർമൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ 'സ്വന്തം കൂട്ടത്തിൽ' ഉള്ളവരെ സഹായിക്കാൻ ആ പരിധിക്കു താഴെയുള്ള മാർക്ക് മാത്രമേ നൽകാറുള്ളൂ എന്നത് എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. ആയതിനാൽ ഈ സമ്പ്രദായത്തിന് ഒരു മാറ്റം വന്നേ മതിയാകൂ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ അനേകം കാര്യങ്ങൾ ബോദ്ധ്യപ്പെടും. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അധികാരസ്ഥാനങ്ങളിൽ ഉള്ളവരുടെ ഇടപെടൽ ആവശ്യമായിരിക്കുന്നു. അവരുടെ കണ്ണു തുറപ്പിക്കാൻ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്ന 'കേരള കൗമുദി'ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
ബിജിമോൾ
തുറവൂർ

ശ്വാനൻ വാഴും

കേരളം


1980കളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു: ഇപ്പോൾ അങ്ങനെ ചെയ്താൽ വലിയ കുറ്റമാകുന്ന വിധത്തിൽ നിയമഭേദഗതി വന്നു. ഓരോ ദിവസവും പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ എത്രയെത്ര പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നത്. പേപ്പട്ടിയുടെ കടിയേറ്റ് ഏതാനും മാസങ്ങൾക്കകം അരഡസൻ പേർ മരണപ്പെട്ടു.
തെരുവുനായ ശല്യം ഒഴിവാക്കാൻ എന്താണ് പരിഹാരം? വന്ധ്യംകരണം കൊണ്ട് അവയുടെ ആക്രമണ സ്വഭാവം മാറുമോ? വാക്സിൻ കുത്തിവച്ച് വീണ്ടും തെരുവിലേക്ക് വിട്ടാൽ അവ കടിക്കില്ലെന്ന് ഉറപ്പുണ്ടോ? കൂട്ടമായി ഓടുന്ന നായ്ക്കൾ കുറുകെ ചാടിയും അവയെ കണ്ട് ഭയന്നും ഇരുചക്രവാഹനങ്ങളിൽ നിന്ന് വീണ് പരിക്കേൽക്കുന്നതും മരിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. ഇപ്പോൾ വഴിയോരത്ത് തള്ളുന്ന ഭക്ഷ്യ - മാംസാവശിഷ്ടങ്ങളാണ് അവയുടെ ഭക്ഷണം . ഇറച്ചിക്കോഴി അറവുമാലിന്യവും ധാരാളം ലഭിക്കുന്നു. അത് കിട്ടാതെ വരുമ്പോൾ വീടുകളിൽ വളർത്തുന്ന കോഴികളെ / താറാവുകളെ ഓടിച്ചിട്ട് പിടിച്ച് തിന്നുന്നു. കൂട്ടമായിവന്ന് കൂട് പൊളിച്ച് കൊണ്ടുപോയി ഭക്ഷിക്കുന്നു. എതിർത്താൽ മനുഷ്യർക്ക് നേരെ ചാടിവീഴുന്നു.


ഇതിനൊരു പരിഹാരം എന്താണ്? കൊന്നൊടുക്കാൻ കഴിയില്ല. അതിനാൽ എല്ലാ തെരുവു നായകളേയും പിടികൂടി ജയിൽ ഉൾപ്പെടെയുള്ള അതിസുരക്ഷാ മേഖലകളിൽ കണ്ണി അകലം കുറവുള്ള കമ്പിവേലി ഉണ്ടാക്കി അതിനകത്ത് പാർപ്പിക്കുക.' ഭക്ഷണം നായപ്രേമികൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ നൽകട്ടെ. അല്ലാതെ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് സ്വൈര്യവിഹാരം നടത്താൻ അനുവദിച്ച് മനുഷ്യ ജീവനെടുക്കാൻ വിടരുത്. വീട്ടിൽ വളർത്തുന്ന നായയ്‌ക്ക് നിർബന്ധമായും ലൈസൻസ് സമ്പ്രദായവും വാക്സിനും നൽകുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്താതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രായോഗികമായ മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തുക. തെരുവുനായ്ക്കളെ പിടികൂടി പുനരധിവസിപ്പിക്കുക. ഡോഗ്സ് ഓൺ കൺട്രി എന്ന ചീത്തപ്പേരിൽ നിന്നും കേരളം മുക്തമാകട്ടെ.

രാഗനാഥൻ വയക്കാട്ടിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VALUATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.