SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

ഒഴിയാതെ കുരങ്ങുകൾ.., തീരാ ശല്യം

monkey

നെന്മാറ: വീട്ടുവളപ്പുകളിൽ കുരങ്ങ് ശല്യം രൂക്ഷം. ചക്കയും മാങ്ങയും സീസൺ കഴിഞ്ഞിട്ടും ശേഷിക്കുന്ന തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പ തുടങ്ങിയവയ്ക്കായി പറയമ്പള്ളം പെരുമാങ്കോട്, കരിമ്പാറ, തോടുകാട് തളിപ്പാടം തുടങ്ങിയ ഗ്രാമീണ മേഖലകളിലെ വീട്ടുവളപ്പുകളിലും വീടുകളിലും എട്ടോളം അടങ്ങുന്ന വാനരക്കൂട്ടങ്ങൾ വിഹരിക്കുകയാണ്.

ഫലവൃക്ഷങ്ങളും പയർ, കപ്പ തുടങ്ങിയ കാർഷികവിളകളും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളും പുറത്തു വയ്ക്കുന്ന പാത്രങ്ങളും കൊണ്ടുപോയി മരത്തിന് മുകളിലും മറ്റു പലഭാഗത്തായി ഇടുകയും നശിപ്പിക്കുകയും ചെയ്യുന്നു. ആളുകൾ ഇല്ലാത്ത സമയത്ത് ഓടിളക്കി അകത്തുകടന്ന് വീട്ടിനകത്ത് സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും മറ്റും പൊട്ടിച്ച് വീടിനകം അലങ്കോലമാക്കുന്നതായും പരാതിയുണ്ട്. വീടുകൾക്ക് മുകളിലെ ജലസംഭരണി ടാപ്പുകൾ തുടങ്ങിയവ കേടുവരുത്തുന്നതും പതിവാണ്. മഴപെയ്താൽ കുരങ്ങുകൾ പൊട്ടിച്ച ഓടുകൾക്കിടയിലൂടെ മഴവെള്ളം വീടിനകത്ത് കടക്കുന്നതാണ് മറ്റൊരു ദുരിതം.

ആട്ടിയോടിച്ചാൽ ഒളിക്കും ഉടനെ തിരിച്ചെത്തും

കുരങ്ങുകളെ ഭയന്ന് വീടിന്റെ ജനലുകൾ തുറന്നിടാനോ മുറ്റത്ത് കുട്ടികളെ കളിക്കാൻ വിടാനോ ധൈര്യമില്ലാത്ത അവസ്ഥയാണ്. നായയെ വളർത്തുന്ന വീടുകളിൽ കുരങ്ങുകൾ നിലത്തുകൂടി വരുന്നതിന് പകരം മരങ്ങൾക്ക് മുകളിലൂടെ കയറി വന്നാണ് പലതും നശിപ്പിക്കുന്നത്.

പന്നി, മാൻ പോലെയുള്ള മൃഗങ്ങളെ വേലികെട്ടിയും വലകെട്ടിയും ഒരു പരിധിവരെ തടയാമെങ്കിലും വാനര ശല്യത്തിന് മാർഗ്ഗം അറിയാതെ കുഴങ്ങുകയാണ് പ്രദേശവാസികൾ. പകൽ സമയങ്ങളിൽ വരുന്ന വാനര കൂട്ടം പെട്ടെന്ന് എത്തി അരമണിക്കൂറിനുള്ളിൽ വീടും പരിസരവും മുഴുവൻ നശിപ്പിച്ച് സ്ഥലം വിടും. ശബ്ദമുണ്ടാക്കി ആട്ടിയോടിച്ചാലും വലിയ ഇല ചാർത്തുള്ള മരങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന് അരമണിക്കൂറിനുള്ളിൽ വീണ്ടുമെത്തും. ഇരുചക്ര വാഹനങ്ങളുടെയും മറ്റും സീറ്റ്, കണ്ണാടികൾ മുതലായവ കീറുകയും നശിപ്പിക്കുകയും തുടങ്ങി സകലവിധ വീട്ടുപകരണങ്ങളും ഡിഷ് ടിവി ആന്റിനകൾ വരെ ഇളക്കി നശിപ്പിക്കുന്നുണ്ട്. ആളുകളെ കണ്ടാൽ ഓടി മറയുമെങ്കിലും അല്പസമയത്തിനുശേഷം വീണ്ടും എത്തുകയും ചെയ്യും.

തുരത്തുന്നത് കവണ ഉപയോഗിച്ച്

കുരങ്ങുകളെ പ്രതിരോധിക്കാനായി കല്ലും കവണയുമാണ് പ്രദേശവാസികളുടെ പ്രധാനായുദ്ധം. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ മുഴുവൻ കെട്ടുകണക്കിന് കവണയാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. മരക്കമ്പുകളിൽ ഉണ്ടാക്കിയിരുന്ന കവണ ഇപ്പോൾ പ്ലാസ്റ്റിക് ഫ്രെയിമിൽ റെഡിമെയ്ഡായി വന്നുതുടങ്ങി. തമിഴ്നാട്ടിൽ നിന്നും ഇരുചക്ര വാഹനങ്ങളിലും കൈയ്യിൽ തൂക്കിയും കവണ വിൽപ്പനക്കാർ ഗ്രാമീണ മേഖലകളിൽ സ്ഥിരമായി എത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.