SignIn
Kerala Kaumudi Online
Friday, 19 April 2024 6.46 AM IST

മന്ത്രിമാരുടെ യാത്രയെ എന്തിന് എതിർക്കണം?

photo

മന്ത്രിമാരിൽ ആരെങ്കിലും വിദേശയാത്രക്കിറങ്ങുമ്പോൾ വിമർശനവുമായി രംഗത്തുവരാൻ നിരവധി പേരുണ്ടാകും. വിദേശയാത്ര അത്യപൂർവമായിരുന്ന പണ്ട് ആര് വിദേശത്തേക്കു പോയാലും വലിയ വാർത്തയാകുമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഇപ്പോൾ വിമാനടിക്കറ്റിനും മറ്റ് അത്യാവശ്യ ചെലവുകൾക്കും സാമ്പത്തികശേഷിയുള്ള ആർക്കും വിദേശയാത്ര നടത്താം. മന്ത്രിയായിപ്പോയതുകൊണ്ട് വിദേശയാത്ര പാടില്ലെന്നു പറയുന്നത് അസൂയകൊണ്ടാവാനേ തരമുള്ളൂ. ഇപ്പോൾ വിമർശനങ്ങൾ ഉയർത്തുന്നവർ അധികാരത്തിൽ കയറിയാലും മന്ത്രിമാർ വിദേശയാത്രയ്ക്കുപോകും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. ഇതൊക്കെ പർവതീകരിച്ചു ചിത്രീകരിക്കേണ്ട കാര്യങ്ങളല്ല.

യാത്രകൾ എപ്പോഴും നല്ലതാണ്. അത് മന്ത്രിമാർ നടത്തിയാലും വ്യക്തികൾ നടത്തിയാലും ഒട്ടേറെ ഗുണങ്ങളുണ്ട്. യാത്ര വെറും നാടുകാണൽ മാത്രമല്ല. ധാരാളം കാര്യങ്ങൾ പഠിക്കാനും സ്വജീവിതത്തിൽ പകർത്താനും ഓരോ യാത്രയും ഉപകാരപ്പെടും. മന്ത്രിമാരാകുമ്പോൾ പ്രത്യേകിച്ചും. അവരൊക്കെ അതുചെയ്യുന്നുണ്ടോ എന്നത് മറ്റൊരു കാര്യം. വിദേശയാത്രയ്ക്കിടെ കാണുന്ന നല്ല കാര്യങ്ങളും ഭരണമാതൃകകളും സ്വന്തം നാട്ടിൽ പരീക്ഷിക്കാവുന്നതാണ്. ഗതാഗത സംവിധാനങ്ങൾ, ശുചീകരണം, പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ് .

മുഖ്യമന്ത്രി പിണറായി വിജയനും അരഡസനോളം മന്ത്രിമാരുമാണ് വ്യത്യസ്ത തീയതികളിൽ വിദേശപര്യടനത്തിന് ഒരുങ്ങുന്നത്. കൂടുതൽ വിദേശനിക്ഷേപത്തിന് സാദ്ധ്യത തേടിയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്ര. ഇംഗ്ളണ്ടിനു പുറമേ ഫിൻലൻഡ്, നോർവേ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് പര്യടനപട്ടികയിലുള്ളത്. മുതിർന്ന ഏതാനും ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പമുണ്ടാകും.

സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുമ്പോൾ മന്ത്രിമാർ കൂട്ടത്തോടെ വിദേശയാത്ര നടത്തുന്നത് ധൂർത്തും ആഡംബരവുമാണെന്ന മട്ടിലാണ് പ്രതിപക്ഷനേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും വിദേശയാത്ര നടത്തിയതുകൊണ്ട് സംസ്ഥാനം മുടിയാനൊന്നും പോകുന്നില്ലെന്നാണ് ഈ വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിലപാട്. അതു ശരിയുമാണ്.

വിമർശിക്കാൻ ഒരു വിഷയം എന്നതിനപ്പുറം ഗൗരവമായെടുക്കേണ്ട പ്രശ്നമാണിതെന്നു തോന്നുന്നില്ല. പലരംഗങ്ങളിലും സംസ്ഥാനം ഉന്നതനിലവാരത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിമാർ വിദേശത്തുചെന്ന് പുതുതായി എന്തു പഠിക്കാനാണെന്നാണ് വിമർശകരുടെ ചോദ്യം. പഠിക്കാനും പകർത്താനും ഇനിയും ഏറെയുണ്ടെന്നു മനസിലാക്കുമ്പോഴാണ് കൂടുതൽ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനാവുക. മാത്രമല്ല ഓരോ യാത്രയും രാജ്യത്തിനകത്തായാലും പുറത്തായാലും ഒട്ടേറെ പുതിയ അനുഭവങ്ങളും മാതൃകകളും സമ്മാനിക്കുന്നവയാകും. യാത്രയിൽ നേടുന്ന പുതിയ അറിവുകളും നൂതനാശയങ്ങളും പിന്നീട് സ്വന്തം നാട്ടിൽ എന്തുമാത്രം പ്രയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാകും യാത്രയുടെ ഫലം വിലയിരുത്തേണ്ടത്. മുൻ അനുഭവങ്ങൾ വിലയിരുത്തുമ്പോൾ എടുത്തുപറയാൻ അധികമൊന്നുമില്ലെന്നതു വാസ്തവമാകാം. എന്നാൽ അതുകൊണ്ടുമാത്രം മന്ത്രിമാർ ഇനി വിദേശയാത്ര നടത്തരുതെന്നു പറയാനാവില്ല. അവർ വിദേശങ്ങളിൽ പോകട്ടെ. വിദേശ നിക്ഷേപങ്ങൾ ലഭ്യമായത്ര കൊണ്ടുവരട്ടെ. വിവിധ മേഖലകളിൽ പകർത്താൻ കഴിയുന്ന പുതിയ മാതൃകകൾ കണ്ടെത്തിയാൽ അവ നാട്ടിലും പരീക്ഷിക്കാൻ ശ്രമിക്കണം.

വിദേശരാജ്യങ്ങളിലെ മാലിന്യസംസ്കരണ രീതികൾ പഠിക്കാനും മന്ത്രിമാരുടെ സംഘത്തിന് താത്‌പര്യമുണ്ടത്രേ. മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തിൽ അർഹിക്കുന്ന പരിഗണന നൽകി ഇവിടെയും പകർത്താൻ ശ്രമിച്ചാൽ നന്നായിരുന്നു. ഒരുപാടു പഠനങ്ങൾ ഇതിനകം നടന്നിട്ടുള്ളതാണ്. എന്നിട്ടും സ്വീകാര്യമായ മാലിന്യ സംസ്കരണ പദ്ധതി ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ എതിർപ്പാണു കാരണമത്രേ. കുറ്റമറ്റ സംവിധാനം കൊണ്ടുവരാത്തതുകൊണ്ടല്ലേ ജനങ്ങൾ എതിർക്കുന്നത്. സമീപവാസികൾക്കു ദോഷകരമല്ലാത്ത മാലിന്യപ്ളാന്റ് സ്ഥാപിച്ചു പ്രവർത്തിപ്പിച്ചു ബോദ്ധ്യപ്പെടുത്തിയാൽ തീരാവുന്നതേയുള്ളൂ ജനങ്ങളുടെ എതിർപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.