കൊല്ലം: കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഇപ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധിയോട് ആർ.എസ്.പി നേതാക്കൾ. ഇന്നലെ ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഉണ്ടായിരുന്ന ചില്ലറ പ്രശ്നങ്ങളെല്ലാം പ്രതിപക്ഷ നേതാവിന്റെയും യു.ഡി.എഫ് കൺവീനറുടെയും നേതൃത്വത്തിൽ പരിഹരിച്ചു. ഇപ്പോൾ കോൺഗ്രസും ഒറ്റക്കെട്ടാണ്. ഈ നിലയിൽ മുന്നോട്ട് പോയാൽ യു.ഡി.എഫിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാകും. ഭാരത് ജോഡോ യാത്ര കോൺഗ്രസിനും യു.ഡി.എഫിനും വലിയ ഉണർവ് പകർന്നിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. തുടർന്ന്, കശുഅണ്ടി മേഖലയിലെ പ്രതിസന്ധിയും മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളെല്ലാം നിലവിൽ പ്രേമചന്ദ്രൻ ശക്തമായി പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി കൂടി ഈ വിഷയങ്ങൾ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോൺ എന്നിവരാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |