SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 PM IST

മൗനഭാഷ

mm

വാക്കുക,ളക്ഷരക്കൂട്ടുകളായ്, മന
സ്സോർക്കുന്ന ചിന്തകളായ്, വികാരങ്ങളായ്,
മാനവചേതന തൻ മഹാസിദ്ധി തൻ
മാറ്റുരച്ചീടും നികഷോപലങ്ങളായ്,
വാക്കുകൾ, മർത്യനമർത്യഭാവത്തിന്റെ
ദിക്കു കാട്ടും നോക്കിയന്ത്രങ്ങളായവർ.
വാക്കുകൾ, സത്യവും സൗന്ദര്യവും കുടി
പാർക്കുവാൻ ഭാവനശാലകൾ തീർത്തവർ.
വാക്കുകൾ, സ്വപ്നങ്ങൾ നെയ്തുവളർന്നവർ,
വാക്കുകൾ, സ്‌നേഹം കുടിച്ചുതളിർത്തവർ,
വാക്കുകൾ, ജീവന്റെ തേങ്ങലിൻ മാത്രകൾ
നീർക്കുമിളയ്ക്കകം പേറിയോർ, പിന്നെയാ
സ്‌മേരങ്ങളിൽ നുരയാർത്തവർ, വാഴ് വിന്റെ
ഭാരങ്ങളേറ്റിത്തളർന്നുകിതച്ചവർ.

വാക്കുകളിന്നലെ വന്നൂ വിലാപമായ്,
വാങ്മയം കണ്ണീരടരുകളായ് ക്ഷണം.
സത്യസൗന്ദര്യങ്ങളർത്ഥങ്ങളോടൊത്തു
നൃത്യലാസ്യങ്ങളാൽ പൂവനി തീർത്തവർ
ഏകാന്തരാ,യവരിന്നിന്റെ കൗശല
ഗൂഢാർത്ഥഭാരം ചുമക്കുമടിമകൾ.
വാക്കുക,ളർത്ഥങ്ങൾ വേർപെട്ടുപോയവർ,
വാക്കുകൾ, പൊള്ളയാം സ്‌മേരമണിഞ്ഞവർ,
വാക്കുകൾ, ലാഭം കൊതിച്ചുപിറന്നവർ,
വാക്കുകൾ, നേട്ടത്തിൻ നേരു ചികയുവോർ,
കള്ളമെന്നാ,ലുച്ചഭാഷിണിയേറിയോർ
കർണ്ണങ്ങളിൽ സത്യമായ് പെയ്തിറങ്ങിയോർ,
വാക്കുകൾ, വൈറലായ് മാരകരോഗങ്ങൾ
തീർക്കുന്ന ഭാഷ തൻ നവ്യസങ്കീർത്തനം.

ചിന്തകൾ, കർമ്മങ്ങളിൽ നിന്നു വാക്കുകൾ
ചീന്തിയെടുത്തതാം ഭാഷകളെങ്ങുപോയ്?
ഒറ്റയാന്മാരാ,യപകടകാരികൾ
മുറ്റത്തുനിന്നു ചിന്നംവിളിച്ചീടുന്നു.
മൗനമാണുത്തമഭാഷ, കർമ്മങ്ങളാൽ
ചിന്തകൾ വായിച്ചെടുക്കുവാനാവുകിൽ
വാക്കുകളെന്തിനായ്? മൗനം ഭരിക്കുന്ന
വല്മീകലോകത്തിലേക്കു സുസ്വാഗതം.

( കവി സംസ്ഥാന ചീഫ് സെക്രട്ടറിയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, KAVITHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.