SignIn
Kerala Kaumudi Online
Friday, 19 April 2024 5.56 AM IST

പത്രാധിപർ ;നിർഭയ മനസ്സും സമുന്നത ശിരസ്സും

pathradhipar-k-sukumaran

പത്രാധിപർ കെ. സുകുമാരന്റെ

41 -ാ മത് ചരമവാർഷികം ഇന്ന്

........................................................

കമ്മ്യൂണിസ്റ്റു പാർട്ടിക്ക് സഖാവ് എന്നു പറഞ്ഞാൽ പി. കൃഷ്ണപിള്ള. പത്രവായനാ സമൂഹത്തിന് പത്രാധിപർ എന്നു പറഞ്ഞാൽ കെ. സുകുമാരൻ. ഈ പ്രത്യേകത കേരളത്തിൽ മൂന്നാമതൊരാൾക്കില്ല. ഏതു മേഖലയിൽ പ്രവർത്തിച്ചോ, ആ മേഖലയുടെ പര്യായമായി മാറുക. ഈ അപൂർവതകൊണ്ട് വേറിട്ടു നിൽക്കുന്നു പത്രാധിപർ കെ. സുകുമാരൻ. എന്തുകൊണ്ടാണ് കെ. സുകുമാരൻ എന്ന നാമവും പത്രാധിപർ എന്ന സ്ഥാനവും പരസ്പരം പര്യായപദങ്ങളായിത്തീർന്നത്? കെ.സുകുമാരൻ മാതൃകാ പത്രാധിപർ ആയതുകൊണ്ടുതന്നെ. മലയാള പത്രപ്രവർത്തനത്തിന് മൂല്യാധിഷ്ഠിതമായ ഒരു തനതു സമ്പ്രദായം രൂപപ്പെടുത്തിയതുകൊണ്ടുതന്നെ. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ മുതൽ വ്യത്യസ്ത അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കൽവരെ ആ മാതൃകാ പത്രാധിപത്യത്തിലുണ്ട്. പത്രഭാഷ ഏറ്റവും ലളിതവും സുതാര്യവുമായിരിക്കണമെന്ന നിർബന്ധം മുതൽ വ്യവസ്ഥിതിയിലെ ജീർണ്ണപ്രവണതകളെ ചോദ്യം ചെയ്യണമെന്ന നിഷ്‌കർഷവരെ അതിലുണ്ട്. ഇത്തരം മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സ്വതന്ത്ര പത്രപ്രവർത്തന ശൈലിയുടെ പതാകാവാഹകനായി നിന്നു എന്നതുകൊണ്ടു തന്നെയാണ് പത്രാധിപർ എന്നു കേൾക്കുന്ന മാത്രയിൽ മലയാളിയുടെ മനസ്സിൽ കെ. സുകുമാരന്റെ ചിത്രം തെളിയുന്നത്.

ഉറച്ച ഗാന്ധിയനായിരുന്നു. ഗാന്ധിത്തൊപ്പി വേഷത്തിന്റെ ഭാഗം പോലുമായിരുന്നു. കോൺഗ്രസ്സിന്റെ രാഷ്ട്രീയ പൈതൃകം എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടയാളായിരുന്നു. എന്നാൽ, കോൺഗ്രസ്സ് വിരുദ്ധമായ രാഷ്ട്രീയ അഭിപ്രായങ്ങൾക്കും പത്രത്തിൽ ഇടവേണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായില്ല. പത്രത്തിന് അഭിപ്രായമുണ്ട്. അത് എഡിറ്റോറിയലിൽ മാത്രം. വാർത്തയിലേക്ക് അത് കടന്നുകയറരുതെന്ന നിലപാട് അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിച്ചു. അത് മലയാള പത്രപ്രവർത്തന രംഗത്ത് അതുവരെയില്ലാത്ത സവിശേഷരീതിയായി. അതിനെ വായനക്കാർ ഹൃദയപൂർവം സ്വീകരിച്ചു. ഇത്തരം കാര്യങ്ങളിലൂടെയാണ് അദ്ദേഹം പത്രാധിപർ എന്ന വാക്കിന്റെ പര്യായമായത്.

പ്രഗത്ഭ സാഹിത്യകാരൻ കൂടിയായ പത്രാധിപരുടെ മകനായിരുന്നെങ്കിലും ജന്മനാ പത്രാധിപനായിരുന്നു എന്നു പറഞ്ഞുകൂടാ. സാഹചര്യം കൊണ്ട് പത്രാധിപനായതാണ്. അച്ഛൻ സി.വി കുഞ്ഞുരാമൻ 1911 ൽ മയ്യനാട്ട് സ്ഥാപിച്ച കേരളകൗമുദി സാമ്പത്തിക വൈഷമ്യങ്ങളിൽപ്പെട്ടപ്പോൾ അതിനെ ഏറ്റെടുക്കേണ്ട നിലവന്നു. അങ്ങനെയാണ് മുമ്പ് വാരികയായിരുന്ന കേരളകൗമുദി തിരുവനന്തപുരത്ത് കെ. സുകുമാരന്റെ പത്രാധിപത്യത്തിൽ ദിനപ്പത്രമായി ഇറങ്ങിയത്.
ഏതായാലും ചുരുങ്ങിയ കാലം കൊണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമായി കേരള കൗമുദിയെ ഉയർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വൈഷമ്യങ്ങളിൽ നിന്ന് വെല്ലുവിളികളിലൂടെ അതിജീവനത്തിലേക്ക് പത്രം വളർന്നു. ആ പശ്ചാത്തലത്തിൽ നോക്കിയാൽ ഏതു പ്രൊഫഷണലിനേയും അമ്പരപ്പിക്കുന്നതാണ് കെ.സുകുമാരന്റെ പത്രാധിപത്യം. അദ്ദേഹത്തിന് പത്രപ്രവർത്തനം കരിയറോ പ്രൊഫഷനോ ആയിരുന്നില്ല. പത്രനടത്തിപ്പ് ബിഗ് ബിസിനസ്സുമായിരുന്നില്ല. മൂല്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹ്യസേവനത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് പത്രപ്രവർത്തനം. നിലപാടുകളിലെ അചഞ്ചലത്വം കൊണ്ടു ശ്രദ്ധേയമായ സമാനതകളില്ലാത്ത പത്രാധിപ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നിർഭയമായ മനസ്സോടും സമുന്നതമായ ശിരസ്സോടും കൂടി പത്രാധിപർ കെ. സുകുമാരൻ സൃഷ്ടിച്ച പത്രപ്രവർത്തന ചരിത്രം കേരളത്തിന്റെ വിലമതിക്കാനാവാത്ത പൊതു ഈടുവെയ്പ്പായി നിൽക്കുന്നു; മാറുന്ന തലമുറകൾക്കു വറ്റാത്ത പ്രചോദനമായി മഹനീയ മാതൃകയാകുന്നു.
പത്രാധിപരുടെ ഈ മഹത്വത്തിനു പ്രചോദനമായത് ഗുരുദേവദർശനം തന്നെയാണ്. അതിലെ മാനുഷസത്തയുടെ വക്താവും പ്രയോക്താവുമായാണ് തന്റേതായ പത്രാധിപത്യ വഴി അദ്ദേഹം കണ്ടെത്തിയത്. പി.പരമേശ്വരൻ സുകുമാർ അഴീക്കോടിന്റെ അവതാരികയോടെ ഗുരുദേവന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോൾ അതിലെ സമീപനം ഗുരുദേവന്റെ ജീവിതസന്ദേശ സാരസത്ത ഉൾക്കൊള്ളുന്നതല്ലെന്നു കൗമുദിയിലെ ലേഖനത്തിലൂടെ പ്രഖ്യാപിച്ചു പത്രാധിപർ. പി.പരമേശ്വരനും അഴീക്കോടും വേണ്ടപ്പെട്ടവർ. എന്നിട്ടും പി.പരമേശ്വരന്റെ കൃതി ശരിയല്ലെന്നു പറയാൻ പത്രാധിപർക്കു സങ്കോചമുണ്ടായില്ല. ഇവിടെ, പി.പരമേശ്വരന്റെ നിലപാടല്ല, പത്രാധിപരുടെ നിലപാടായിരുന്നു ശരി എന്നതിന്റെ ഏറ്റവും വലിയ തെളിവ്, 'ചാതുർവർണ്യം മയാസൃഷ്ടം' എന്നത് ഉൾക്കൊള്ളുന്ന ഭഗവദ്ഗീതയിൽ നിന്ന് ഒരു വരിപോലും ഗുരുദേവൻ തന്റെ പ്രഭാഷണത്തിലൊ കൃതികളിലൊ ഉദ്ധരിക്കാൻ തയ്യാറായിട്ടില്ല എന്നതുതന്നെയാണ്. പലമതസാരവുമേകം എന്നു കണ്ടെത്തിയ ഗുരു ഒരു മതത്തിന്റെ കള്ളിയിൽ ഒരുങ്ങുന്നയാളല്ലെന്ന് ഓർമ്മിപ്പിക്കുന്നതായി പത്രാധിപരുടെ ആ ഇടപെടൽ. എസ്.എൻ. ഡി. പി യോഗത്തിന്റെ പ്രസിഡന്റായിരുന്നിട്ടുള്ള പത്രാധിപരുടെ വാക്ക് അക്കാര്യത്തിലുള്ള അന്തിമതീർപ്പായി. പുതിയ കാലത്ത് ഗുരുവിനെക്കുറിച്ചുള്ള
പുതുമതഭാഷ്യങ്ങൾ വരുമ്പോൾ ആവർത്തിച്ചു നാം വായിക്കേണ്ടതാണ് പത്രാധിപരുടെ ആ ലേഖനം. ഇതിലടക്കം പ്രതിഫലിച്ച് നിൽക്കുന്ന സവിശേഷമായ ഒരു പത്രാധിപത്യ പാരമ്പര്യം അദ്ദേഹം സ്ഥാപിച്ചു. നിത്യശത്രുക്കളില്ല; നിത്യമിത്രങ്ങളുമില്ല. ശത്രുവിനെ സംഹരിക്കുക ലക്ഷ്യമല്ല; മിത്രത്തിന് അടിമപ്പെടുക
മാർഗവുമല്ല. ഓരോ വിഷയത്തോടും ഓരോ വ്യക്തിഗത നിലപാടിനോടും അതു സമൂഹപുരോഗതിക്ക് ഉതകുന്നതോ എന്ന ചോദ്യത്തിന്റെ ഉരകല്ലിലുരച്ചു നോക്കി മാത്രം പ്രതികരിക്കുക. അങ്ങനെ പ്രതികരിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതിരിക്കുക,​ ഇതായിരുന്നു അദ്ദേഹത്തിന്റെ
ഏക്കാലത്തെയും സമീപനം.
1957 ൽ, മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ കുളത്തൂരിൽ വെച്ച് വേദിയിലിരുത്തി നിശിതമായി വിമർശിച്ച അതേ പത്രാധിപർ തന്നെയാണ് 1959 ൽ ഇ.എം.എസ് മന്ത്രിസഭയെ പുറത്താക്കാനുള്ള വിമോചനസമരം വന്നപ്പോൾ അതിന്റെ പിന്നിലുള്ള ശക്തികളെ 'വർഗീയതയുടെ തുറന്നുവിടപ്പെട്ട ദുർഭൂതങ്ങൾ' എന്നു വിമർശിച്ചതും. രണ്ടും നിലപാടുകളിൽ ഉറച്ച സമീപനങ്ങളായിരുന്നു. ഇത്തരം സമീപനങ്ങൾ കൊണ്ടുതന്നെ പത്രപ്രവർത്തനത്തിൽ നിത്യശത്രുക്കളോ നിത്യമിത്രങ്ങളോ ഇല്ല, നിലപാടുകളേയുള്ളൂ എന്നദ്ദേഹം തെളിയിച്ചു. ഇ.എം.എസിനെ മാത്രമല്ല, ശങ്കർ മുതൽ മന്നം വരെയുള്ളവരെയും അദ്ദേഹം ഒരു
നിലപാടിൽ അനുകൂലിച്ചു; മറ്റൊരു നിലപാടിൽ വിമർശിച്ചു. പത്രപ്രവർത്തനത്തിൽ കൈക്കൊള്ളുന്ന നയനിലപാടുകളുടെ പേരിൽ അടുത്തുനിന്നവരോട് അകലാൻ അദ്ദേഹത്തിനു വൈമനസ്യമുണ്ടായില്ല. അധികാരത്തോട് ഏറ്റുമുട്ടാൻ അദ്ദേഹത്തിന് ഒരുവിധ വൈമുഖ്യവുമുണ്ടായില്ല. പ്രചോദനങ്ങളോ പ്രകോപനങ്ങളോ അദ്ദേഹത്തെ തീണ്ടിയതുമില്ല. പത്രത്തിന്റെ പ്രചാരം കുറയുമോ, എന്നതായിരുന്നില്ല ഈ പത്രാധിപരുടെ നയസമീപനങ്ങളുടെ മാനദണ്ഡം. വിമോചനസമരത്തെ ശക്തമായി എതിർത്ത ഘട്ടത്തിൽ പത്രത്തിന്റെ പ്രചാരം കുറഞ്ഞു. ചില പ്രബല സമുദായങ്ങളിൽപ്പെട്ടവരുടെ അസ്വീകാര്യത നേരിടേണ്ട സ്ഥിതിവന്നു. അതിലൊന്നും അദ്ദേഹം വ്യാകുലപ്പെട്ടില്ല. പ്രലോഭനങ്ങളുമായി ഈ പത്രാധിപരെ സമീപിക്കാൻ ഒരാളും ധൈര്യപ്പെട്ടതുമില്ല. വിമോചനസമര ഘട്ടത്തിൽ അതിനനുകൂലമായ നിലപാടെടുത്തിരുന്നെങ്കിൽ എന്തെല്ലാം ഭൗതികസൗകര്യങ്ങൾ വേണമെങ്കിലും കിട്ടുമായിരുന്നു. മൊയ്നിഹാന്റെ പുസ്തകത്തിലും, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പിൽക്കാലത്തു വെളിപ്പെടുത്തിയ രഹസ്യരേഖകളിലും അന്നു കേരളത്തിലൊഴുക്കിയ പണത്തിന്റെ കണക്കുണ്ട്; വാങ്ങിയ രാഷ്ട്രീയക്കാരുടെയും പത്രപ്രവർത്തകരുടെയും വിവരങ്ങളുമുണ്ട്. അതിന്റെയൊന്നും നിഴൽപോലും പത്രാധിപരിലോ കേരളകൗമുദിയിലോ വീണില്ല എന്നത് പത്രാധിപരുടെ വ്യക്തിത്വ വിശുദ്ധിയുടെ ധാവള്യത്തിന്റെ നിത്യദൃഷ്ടാന്തമായി നിൽക്കുന്നു. എത്രയോ പ്രകോപനങ്ങളെ, ഭീഷണികളെ അതിജീവിച്ചായിരിക്കണം, പത്രാധിപർ മൂല്യാധിഷ്ഠിതമായ ആ പത്രാധിപസംസ്‌കാരം അന്നു സ്ഥാപിച്ചെടുത്തത്.


1957 ലെ കുളത്തൂർ പ്രസംഗം ചരിത്രത്തിലെ നാഴികക്കല്ലാണ്. അതും നിലപാടിലുറച്ചതുതന്നെയായിരുന്നു. തൊഴുന്തോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന സമ്പ്രദായം ഇനി അധികകാലം നടന്നുകൂടാ ... എന്ന് പറഞ്ഞ സി.വി കുഞ്ഞുരാമന്റെ മകന് മറിച്ചൊരു നിലപാടുണ്ടാവുക വയ്യ. ഭരണപരിഷ്‌‌കാര കമ്മിഷന്റെ നിർദ്ദേശങ്ങൾ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസം അതിശക്തമായ ഭാഷയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രപ്രധാനമായ ആ പ്രസംഗം അതിന്റെ സ്ഫോടക ശക്തികൊണ്ടുമാത്രമല്ല, പൊക്കന്റെ കുടിലിൽ ഇ.എം.എസ് പണ്ടു കഴിഞ്ഞതിന്റെ ഓർമ്മപ്പെടുത്തലടക്കം ഉൾപ്പെടുത്തിയതിലെ ശൈലീവിശേഷം കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന ശൈലീവല്ലഭനായ സി.വിയുടെ മകന്റെ പ്രസംഗത്തിൽ തനതായ ശൈലീവിശേഷം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ!
ചരിത്രപരമായ കാരണങ്ങളാൽ ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ടുപോന്ന
ജനവിഭാഗങ്ങളെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ സംവരണം നിലനിൽക്കേണ്ടതുണ്ട്. അതിനു ചെറിയ മങ്ങൽ പോലും ഏറ്റുകൂടാ. ഇക്കാര്യത്തിലുള്ള നിഷ്‌കർഷയാണു പത്രാധിപരുടെ വാക്കുകളെ ചിതറിത്തെറിക്കുന്ന കനൽച്ചീളുകൾ പോലെ ചൂടും മൂർച്ചയുമുള്ളതാക്കി മാറ്റിയത്. ഇക്കാര്യത്തിൽ പത്രാധിപർക്കും കേരളകൗമുദിക്കും എന്നും ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു. വിശ്വനാഥ പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ മുന്നണി മന്ത്രിസഭ എൺപതുകളിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടു നടപ്പാക്കിയവേളയിലും കേരളകൗമുദിയുടെ നിലപാടിൽ പ്രതിഫലിച്ചത് ഇതേ വികാരം തന്നെ. സത്യത്തിൽ, കുളത്തൂരിന്റെ തുടർച്ചയുണ്ട് മണ്ഡൽ നിലപാടിൽ.
കെ.ആർ.നാരായണനെ രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കണമെന്ന് ഇന്ത്യയിൽ ആദ്യമായി ആവശ്യപ്പെട്ടതു കേരളകൗമുദിയാണ് എന്നതിലും പ്രാന്തവൽക്കരിക്കപ്പെട്ട അധഃസ്ഥിത ജനതയോടുള്ള കൗമുദിയുടെ കരുതൽ പ്രതിഫലിച്ചു. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണ കാര്യത്തിൽ പടവാളായി പത്രാധിപരും, അദ്ദേഹത്തിന്റെ ധീരപൈതൃകമുള്ള കേരളകൗമുദിയും എന്നും നിന്നു എന്നത് ചരിത്രം. കേരളകൗമുദിയിലൂടെ പത്രാധിപർ കേരള സമൂഹത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിൽ സവിശേഷ നിഷ്‌കർഷ കാട്ടുന്ന നവോത്ഥാനപരമായ ഈ രാഷ്ട്രീയ ഇടപെടലാണ്. സ്വാതന്ത്ര്യലബ്ധിയോടെ, ഇനിയെല്ലാം സ്വാഭാവികമായും ശരിയായിക്കൊള്ളുമെന്നു കരുതി സമൂഹം. അതുകൊണ്ടുതന്നെ സജീവമായ നവോത്ഥാന ശ്രമങ്ങൾ മന്ദീഭവിക്കപ്പെട്ടുപോയി. അത് സ്വാതന്ത്ര്യലബ്ധിയോടെ അസ്തമിച്ചു പോകേണ്ടതല്ലെന്നും സമഭാവന പുലരുന്ന കാലംവരെ തുടരേണ്ട ഒന്നാണെന്നുമുള്ള സന്ദേശം തുടർച്ചയായി നൽകുകയും അതിനായുള്ള ശ്രമങ്ങൾക്കായി സമൂഹത്തെ സദാ ജാഗ്രതപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ഇടപെടലാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിൽ പത്രാധിപർ നടത്തിയത്. അദ്ദേഹം ഇതു ചെയ്തതിൽ അത്ഭുതമില്ല.
കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിലും സാമൂഹ്യനവോത്ഥാന ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും ഒരുപോലെ മായ്ക്കാനാവാത്തവിധം കലർന്നു നിൽക്കുന്നതായിരുന്നല്ലോ അദ്ദേഹത്തിന്റെ കുടുംബമാകെ. ഇങ്ങനെ മറ്റൊരു കുടുംബമില്ല കേരളത്തിൽ. സി.വി കുഞ്ഞുരാമൻ, കെ. സുകുമാരൻ, കെ.ദാമോദരൻ, സി. കേശവൻ, കെ.ബാലകൃഷ്ണൻ... ഇവരൊക്കെയില്ലാതെ കേരളത്തിന് ഒരു ചരിത്രമുണ്ടോ? ഇങ്ങനെ ചരിത്രത്തിൽ ഭാഗമായതിന്റെ സംസ്‌കാര പ്രാതിനിധ്യമുണ്ട് പത്രാധിപർ കെ. സുകുമാരന്റെ പത്രാധിപ വ്യക്തിത്വത്തിലും ഓരോ പ്രവൃത്തിയിലും.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മഹദ്വചനം ഗുരുവിൽ നിന്നുളവായതും ഗുരുവുമായി ആദ്യം നടന്നതുമായ അഭിമുഖ സംഭാഷണം
സി.വി യുടേതായിരുന്നു. ഗുരുദേവന്റെ ശ്രദ്ധേയമായ ജീവചരിത്രങ്ങളിലൊന്നിന്റെ രചയിതാവ് മയ്യനാട് കെ. ദാമോദരനാണ്. കോഴഞ്ചേരി പ്രസംഗത്തിലൂടെയും തിരു-കൊച്ചി മുഖ്യമന്ത്രി സ്ഥാനത്തിലൂടെയും ഒക്കെ കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട നേതാവാണ് സി. കേശവൻ. എഴുത്തിന്റെ നനയാത്ത,
അണയാത്ത ജ്വാലയാണ് കെ. ബാലകൃഷ്ണൻ. സർ സിപിക്കും രാജവാഴ്ചക്കും ബ്രിട്ടീഷ് കോയ്മയ്ക്കുമെതിരായ ധീരപോരാട്ടങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ചരിത്രത്തിന്റെ സൃഷ്ടികൂടിയാണ് ഈ കുടുംബകൂട്ടായ്മ! അതിന്റെ ഭാഗമായിനിന്ന് കൊല്ലം പീരങ്കിമൈതാനത്ത് അറസ്റ്റുവരിച്ചു ജയിലിൽ പോയതിന്റെയടക്കം ചരിത്രമുള്ള പത്രാധിപരാണു കെ. സുകുമാരൻ. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തീഷ്ണത മനസ്സിൽ ആവാഹിച്ച് വളർന്നുവന്നയാൾ. ആ ധീരതയാണു പത്രപ്രവർത്തനത്തിൽ പ്രതിഫലിച്ചതും കേരള കൗമുദിയെ ജനഹൃദയങ്ങളിൽ സ്ഥാപിച്ചതും; ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി ആ പത്രത്തെ മാറ്റിയതും.
അധികാരത്തോട് ഏറ്റുമുട്ടാനുള്ള ആർജവം കൊണ്ടു കരുത്താർന്നതായി ആ പത്രാധിപത്യം. ആ പത്രാധിപത്യത്തിൻ കീഴിലാണ്, മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേറ്റീവ് പരമ്പര, വനംകൊള്ളയെ തുറന്നുകാട്ടിക്കൊണ്ട് അച്ചടിച്ചുവന്നത്. ആ പത്രാധിപത്യത്തിന്റെ ഉപലബ്ധിയായി മലയാള മാദ്ധ്യമരംഗത്തിനു കൈവന്നതാണ് അതിലളിതമായ പത്രഭാഷ. ചായക്കടയിലിരുന്നു ചായ കുടിക്കുന്ന സാധാരണക്കാരന് ആദ്യ വായനയിൽത്തന്നെ കാര്യം മനസ്സിലാവുന്ന വിധത്തിലുള്ള ലളിതഭാഷതന്നെ വേണമെന്ന കാര്യത്തിൽ പത്രാധിപർക്കു വലിയ നിഷ്കർഷയുണ്ടായിരുന്നു. 'ചെയ്യേണ്ടുന്നതു ചെയ്യണ്ട സമയത്തു ചെയ്യേണ്ടപോലെ ചെയ്യണ'മെന്നു ജാഗ്രതപ്പെടുത്തുന്ന എഡിറ്റോറിയൽ നയവും പത്രാധിപരിൽ നിന്ന് ഉണർന്നുവന്നതു തന്നെ. വിവിധങ്ങളും വിരുദ്ധങ്ങളുമായ അഭിപ്രായങ്ങളുടെ
സംവാദവേദിയായി പത്രത്തെ മാറ്റണമെന്ന കാര്യത്തിലും പത്രാധിപർക്കു നിർബന്ധമുണ്ടായിരുന്നു. കേരളകൗമുദിക്കുതന്നെ പലപ്പോഴും യോജിക്കാൻ കഴിയാത്ത അഭിപ്രായമുള്ള സി. നാരായണപിള്ളയടക്കമുള്ളവരുടെ പംക്തികൾ കൗമുദിയിൽ വന്നതോർക്കുക.

ഇങ്ങനെ വിവിധതലങ്ങളിൽ നമ്മുടെ സാമൂഹ്യ ജീവിതത്തെ ഇന്നുകാണുന്ന വിധത്തിൽ പുരോഗമനാത്മകമായി പരിവർത്തിപ്പിച്ചതിൽ, സമാനതകളില്ലാത്ത സംഭാവന നൽകിയ പത്രാധിപരാണ് കെ. സുകുമാരൻ. ദേശീയ സ്വാതന്ത്ര്യ സമരവുമായും നവോത്ഥാന പ്രസ്ഥാനവുമായും ബന്ധപ്പെട്ടുയർന്നുവന്ന മൂല്യങ്ങളെ പുതിയ കാലത്തേക്കും പുതിയ തലമുറകളിലേക്കും പ്രസരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പത്രാധിപർ. പത്രാധിപർക്കു സമനായി പത്രാധിപർ മാത്രം !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHRADHIPAR K SUKUMARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.