SignIn
Kerala Kaumudi Online
Friday, 19 April 2024 9.23 AM IST

ചീറ്റ റിട്ടേൺസ്, ആഫ്രിക്കൻ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു

cheeta

ന്യൂഡൽഹി:ഇന്ത്യയുടെ വന്യജീവി സൗന്ദര്യത്തിന് അലങ്കാരമായി ആഫ്രിക്കൻ കരുത്തുമായി വന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നു വിട്ടു.

നമീബിയയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ എട്ട് ചീറ്റപ്പുലികളെയാണ് എത്തിച്ചത്. ഇവയിൽ മൂന്നെണ്ണത്തിനെയാണ് മോദി ഔപചാരികമായി കൂടുതുറന്നു വിട്ടത്.

ലോകത്തെ ഏറ്റവും വേഗതയുള്ള ( മണിക്കൂറിൽ110 കിലോമീറ്റർവരെ)​ മൃഗമായ ചീറ്റപ്പുലികൾ എഴുപതു വ‌ർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ആവാസവ്യവസ്ഥയിലേക്ക് വരുന്നത്. കുനോയിൽ വിഹരിച്ചിരുന്ന ഏഷ്യൻ ചീറ്റപ്പുലികൾക്ക് 1952ൽ വംശനാശം സംഭവിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ 11ന് കുനോ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ പ്രത്യേക ക്വാറന്റൈൻ മേഖലയിലാണ് ചീറ്റകളെ വിട്ടത്. ഫെഡോറ തൊപ്പിയും ജാക്കറ്റും ധരിച്ച മോദി പത്തടി ഉയരമുള്ള വേദിയിൽ നിന്ന് ലിവർ തിരിച്ചാണ് മരക്കൂടുകൾ തുറന്നത്. ഒരു കൂട്ടിലെ രണ്ടെണ്ണത്തിനെയും പിന്നീട് 70മീറ്റർ അകലെയുള്ള കൂട്ടിലെ ഒന്നിനെയുമാണ് അദ്ദേഹം തുറന്നു വിട്ടത്. തുടർന്ന് ചീറ്റകളെ അദ്ദേഹം കാമറയിൽ പകർത്തുകയും ചെയ്‌തു. ജൻമദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടിയായിരുന്നു ഇത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ഒപ്പമുണ്ടായിരുന്നു.

യാത്രാക്ഷീണവും മയക്കുമരുന്ന് കുത്തിവച്ചതിന്റെ ആലസ്യവും പ്രകടമാക്കിയ ചീറ്റകൾ പുതിയ സ്ഥലം കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
നമീബിയയിലെ ചീറ്റ കൺസർവേഷൻ ഫണ്ട് (സി.സി.എഫ്) എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ലോകപ്രശസ്‌ത ചീറ്റ വിദഗ്ദ്ധനുമായ ലോറി മാർക്കറാണ് കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. അദ്ദേഹം ചീറ്റകളെ ഇന്ത്യയിലേക്ക് അനുഗമിച്ചു.
ചീറ്റകളുമായി വന്ന ബോയിംഗ് ജംബോ ജെറ്റ് ഇന്നലെ രാവിലെ എട്ടുമണിക്കാണ് ഗ്വാളിയോർ മഹാരാജ്‌പുര എയർബേസിൽ ഇറങ്ങിയത്. ജയ്‌പൂരിലെത്തിക്കാനുള്ള മുൻ തീരുമാനം അവസാന നിമിഷം മാറ്റി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മേൽനോട്ടത്തിൽ ചീറ്റപ്പുലികളെ പരിശോധനയ്ക്കു ശേഷം വ്യോമസേനയുടെ ഹെലികോപ്ടറിൽ പാൽപൂരിലേക്കും അവിടെ നിന്ന് ട്രക്കുകളിൽ കുനോ ഉദ്യാനത്തിലും എത്തിച്ചു.
2009-ൽ വിഭാവനം ചെയ്‌ത 'ആഫ്രിക്കൻ ചീറ്റ ഇൻട്രൊഡക്‌ഷൻ പ്രൊജക്‌റ്റ് ഇൻ ഇന്ത്യ' പ്രകാരമാണ് ചീറ്റകളെ കൊണ്ടുവന്നത്. വലിയ മാംസഭുക്കുകളുടെ ലോകത്തെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റമാണിത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകൾ ഇന്ന് ലോകത്താകെ 7,​000 എണ്ണമാണുള്ളത്.

ഉപഗ്രഹനിരീക്ഷണം

റേഡിയോ കോളറുകൾ കഴുത്തിൽ കെട്ടിയതിനാൽ ചീറ്റകളുടെ നീക്കങ്ങൾ വിദഗ്ദ്ധ സംഘം ഉപഗ്രഹസഹായത്തോടെ 24മണിക്കൂറും നിരീക്ഷിക്കും. ഒരുമാസം നിരീക്ഷിച്ച ശേഷമേ വിശാലമായ വനത്തിലേക്ക് വിടുകയുള്ളൂ. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റകളും നാലരയും അഞ്ചരയും വയസുള്ള മൂന്ന് ആൺ ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHEETAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.