SignIn
Kerala Kaumudi Online
Friday, 29 March 2024 5.55 AM IST

ജനരോഷം ഉയരുമെന്ന് ആശങ്ക , നായ്ക്കളുടെ ഷെൽട്ടർ ഹോമിന് കടമ്പകളേറെ

stray-dog

തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ ഷെൽട്ടർ ഹോമുകൾ ആരംഭിക്കണമെന്ന തദ്ദേശവകുപ്പിന്റെ നിർദ്ദേശം വന്നതോടെ ജനരോഷം ഭയന്നിരിക്കുകയാണ് പഞ്ചായത്തുകൾ. ജനങ്ങളുടെ എതിർപ്പ് ഉയരുമെന്നതിനാൽ ഇത്തരം കേന്ദ്രങ്ങൾ എവിടെ ആരംഭിക്കുമെന്നോ, നായ്ക്കളെ ആര് പരിപാലിക്കുമെന്നോ അറിയില്ല. തെരുവുനായ ശല്യം കാരണം വലയുന്ന തദ്ദേശസ്ഥാപനങ്ങളോട് അവയെ കൂട്ടിലടച്ച് തീറ്റിപ്പോറ്റണമെന്ന് പറയുന്നത് മറ്റൊരു ക്രൂരതയായാണ് പഞ്ചായത്ത് ഭരണസമിതികൾ കാണുന്നത്. എന്നാൽ ദുരന്തനിവാരണ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കണമെന്നാണ് തദ്ദേശവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡിനെയും പ്രളയത്തെയും നേരിട്ടത് പോലെ തെരുവുനായ പ്രശ്നത്തെയും നേരിടാനാണ് സർക്കാർ തീരുമാനം. എന്നാൽ മറ്റ് രണ്ട് വിഷയങ്ങൾ പോലെയല്ല തെരുവ് നായ. പേവിഷഭീതിയിൽ നിൽക്കുമ്പോഴും നായ്ക്കളെ എവിടെയെങ്കിലും കൂട്ടത്തോടെ പാർപ്പിക്കണമെന്ന നിർദ്ദേശത്തോട് ജനങ്ങൾ യോജിക്കില്ലെന്നാണ് പഞ്ചായത്തുകൾ ചൂണ്ടിക്കാട്ടുന്നത്. തെരുവുനായ്ക്കളെ കൂട്ടിലടച്ച് പാർപ്പിക്കുന്നതും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാണെന്നാണ് വാദം. ജനവാസകേന്ദ്രങ്ങളുടെ സമീപത്തൊന്നും നായ്ക്കളുടെ ഷെൽട്ടർ ഹോം സാദ്ധ്യമല്ല. വനങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ നായ്‌ക്കളെ ആക്രമിക്കാനെത്തുന്ന വനമൃഗങ്ങൾ നാടിന് പുതിയ ഭീഷണിയാകും. ഈ സാഹചര്യത്തിലാണ് തദ്ദേശ,ആരോഗ്യ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനം ദീർഘവീക്ഷണമില്ലാത്തതും അപ്രായോഗികവുമാണെന്ന വാദം തദ്ദേശസ്ഥാപനങ്ങൾ ഉയർത്തുന്നത്.

ഈ യോഗത്തിൽ പങ്കെടുത്ത പലരും ഷെൽട്ടർ ഹോമിന്റെ സാദ്ധ്യത വിരളമാണെന്നാണ് ചൂണ്ടികാട്ടുന്നുണ്ട്. നായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് പ്രാദേശികതലത്തിൽ ജനരോഷത്തിന് കാരണമാകും. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി പരമാവധി അഞ്ചുദിവസം പാർപ്പിക്കണം. ഇക്കാരണം കൊണ്ട് സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞകാലങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ ജനങ്ങൾ സമ്മതിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നായ്ക്കളെ എത്രകാലത്തേക്ക് എന്നറിയാതെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഷെൽട്ടർ ഹോമുകൾ സംബന്ധിച്ച് മാതൃകകളും മുന്നിലില്ല. കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകൂവെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ വാദം.

വന്ധ്യംകരണം ദീർഘകാലാടിസ്ഥാനത്തിൽ ഫലപ്രദമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ തെരുവുകളിൽ നായകളുടെ എണ്ണം കുറച്ചേ തീരൂ. എന്നാൽ അതിന് ഷെൽട്ടർഹോമല്ല പരിഹാരമെന്ന് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മൃഗസ്‌നേഹികളുടെ സഹായം തേടി അവർക്ക് സാമ്പത്തിക സഹായം നൽകി നായ്ക്കളുടെ ദത്തെടുക്കൽ പോത്സാഹിപ്പിക്കുക മാത്രമാണ് പോംവഴി. അതിന് മുന്നോടിയായി നായ്ക്കളിൽ വാക്സിനേഷൻ നടക്കണം. പേവിഷബാധയില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ സംഘടനകൾ ഏറ്റെടുക്കാൻ തയ്യാറാകൂ. നായ്ക്കൾക്ക് വിരയിളക്കാനുള്ള മരുന്ന് നൽകി രണ്ടുദിവസത്തിന് ശേഷം വാക്സിൻ നൽകിയാൽ മാത്രമേ ഫലപ്രദമാകൂവെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

അതേസമയം,ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ ദുരന്തനിവാരണ നിയമം പ്രയോഗിക്കാനുള്ള തീരുമാനവുമായി തദ്ദേശവകുപ്പ് മുന്നോട്ടു പോകുകയാണ്. അഭയകേന്ദ്രങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 65–ാം വകുപ്പ് പ്രായോഗിക്കാനാണ് അനുമതി.

ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിലെ തെരുവുനായ്ക്കളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടത്. സംസ്ഥാനത്ത് 660 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയതിനാൽ ഇതിന്റെ പകുതിയെങ്കിലും ഷെൽട്ടർ ഹോമുകൾ ഉടൻ തുടങ്ങേണ്ടി വരും.

തദ്ദേശസ്ഥാപനങ്ങൾ അല്ലാതെ സർക്കാരിന്റെ മറ്റ് വകുപ്പുകൾക്ക് കീഴിലെ ഒഴിഞ്ഞ കെട്ടിടങ്ങളോ കെട്ടിടഭാഗങ്ങളോ ഷെൽട്ടർകേന്ദ്രങ്ങളാക്കി മാറ്റാൻ ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്. ഇത് തദ്ദേശഭരണവകുപ്പ് സ്ഥിരം കെട്ടിടങ്ങൾ കണ്ടെത്തുന്നതുവരെ താൽക്കാലികാടിസ്ഥാനത്തിലാണ് ഉപയോഗിക്കുക. ഹോട്ട്സ്പോട്ട് അല്ലെങ്കിൽ കൂടി നഗരപ്രദേശങ്ങളിലും ബ്ലോക്ക് പഞ്ചായത്തിലും ഇത്തരംകേന്ദ്രങ്ങൾ തുടങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിലേക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാം. ഷെൽട്ടർഹോമുകൾ ആരംഭിക്കുന്നത്

രണ്ടു തദ്ദേശസ്ഥാപനങ്ങൾക്ക് ഒന്നിച്ചും ഷെൽട്ടർ ഹോം തുടങ്ങാം. ഈ കേന്ദ്രങ്ങളിൽ ഭക്ഷണം നൽകാനും പരിചരണത്തിനുമായി ഷെൽട്ടർ മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിക്കണം. കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി പൊലീസ് എന്നിവർക്കു പുറമേ മൃഗക്ഷേമ സംഘടനകളെയും സന്നദ്ധസേനാംഗങ്ങളെയും നായ്ക്കളെ പിടിക്കാൻ വിടാം. ഇവർക്കു കരുതൽ വാക്സിനേഷൻ നൽകണമെന്നുമാണ് നിർദ്ദേശം. എന്നാൽ അത് എളുപ്പമല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. നായപിടിത്തക്കാരെ പോലും ഇപ്പോൾ കിട്ടാത്ത നാട്ടിൽ നായ്ക്കളെ പരിചരിക്കാനും ഷെൽട്ടർ ഹോമുകൾ പരിപാലിക്കാനും ആളെക്കിട്ടില്ലെന്നും അവർ പറയുന്നു.

പ്രതിസന്ധി കണക്കിലെടുത്താണ് നായപിടിത്തക്കാർക്ക് 300 രൂപയും നായയെ എത്തിക്കുന്നതിന് 200 രൂപയും അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കേന്ദ്രങ്ങളിൽ എത്തിക്കുന്ന മൃഗസ്‌നേഹികൾക്കു പ്രതിഫലമായി 500 രൂപ എ.ബി.സി കേന്ദ്രങ്ങളിൽനിന്നു നൽകാനും ഉത്തരവായിട്ടുണ്ട്.

ഇതോടൊപ്പം അക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടിസർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവിധതദ്ദേശസ്ഥാപനങ്ങൾ കേസിൽ കക്ഷിചേരാനും ഒരുങ്ങുകയാണ്. അത്തരത്തിൽ അനുമതി ലഭിച്ചാൽ ഷെൽട്ടറുകളിൽ പാർപ്പിക്കുന്നതിന് പകരം ആക്രമണകാരികളെ കൊന്നൊടുക്കുകയാണ് നിലവിൽ ഫലപ്രദമെന്ന് സർക്കാരും വിലയിരുത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAYDOG SHELTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.