SignIn
Kerala Kaumudi Online
Thursday, 25 April 2024 2.16 PM IST

ഉപഗ്രഹ ഇന്റർനെറ്റ് മാറ്റം കരുതലോടെ വേണം

photo

ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം പുതിയ തലത്തിലേക്ക് മാറുകയാണ്. ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലാണ് ഇപ്പോൾ കമ്പനികൾക്ക് താത്പര്യം. ഇന്റർനെറ്റ് സേവന ദാതാവിൽനിന്ന് നമ്മുടെ കൈകളിലുളള ഉപകരണങ്ങളിലേക്ക് ഉപഗ്രഹം ഇന്റർനെറ്റ് സിഗ്നലെത്തിക്കാൻ ഉപഗ്രഹം ഉപയോഗിക്കുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്‌ഷൻ. ഇന്റർനെറ്റ് കണക്‌ഷനു വേണ്ടി ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹത്തെ ആശ്രയിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇപ്പോഴും ഇന്റർനെറ്റ് ഉപഗ്രഹാധിഷ്ഠിതമാണെങ്കിലും ഉപഭോക്താക്കളിലേക്കെത്തുന്നത് കേബിളുകൾ വഴിയും കേബിൾ അധിഷ്ഠിത ടവറുകൾ വഴിയുമൊക്കെയാണ്. എന്നാൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് മോഡത്തിലേക്ക് എത്തുന്ന സാങ്കേതികവിദ്യയാണ് ഉപഗ്രഹ ഇന്റർനെറ്റ്. വളരെയേറെ ചെലവേറിയതും കൂറ്റൻ ഉപകരണങ്ങൾ ആവശ്യമുള്ളതുമായിരുന്നു ഉപഗ്രഹ ഇന്റർനെറ്റ്. അതുകൊണ്ട് തന്നെ സിഗ്നൽ പ്രശ്നങ്ങളുള്ള വനാന്തരങ്ങളിലും പർവ്വതമേഖലകളിലും അതിർത്തികളിലുമൊക്കെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കൂടുതലും പ്രതിരോധാവശ്യങ്ങൾക്കാണെന്ന് പറയാം. എന്നാലിന്ന് ഉപഗ്രഹ ഇന്റർനെറ്റിനുള്ള മോഡങ്ങൾക്ക് വലിപ്പം കുറഞ്ഞു, ചെലവും കുറഞ്ഞു. ഇതോടെ കേബിളുകൾ വലിക്കാതെ നേരെ കമ്പ്യൂട്ടറുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കാമെന്ന നിലയായി. ഇതോടെയാണ് ഇന്റർനെറ്റ് രംഗത്ത് വൻ വിപ്ളവത്തിന് ലക്ഷ്യമിട്ട് ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയിൽ ഇന്റർനെറ്റിന് 36വയസ്സ്

ഇന്ത്യയിൽ ഇന്റർനെറ്റ് എത്തിയിട്ട് 36വർഷം. സാധാരണക്കാർക്ക് ഇത് കിട്ടിത്തുടങ്ങിയിട്ട് 27വർഷങ്ങളെ ആയിട്ടുള്ളൂ. 1986 ൽ ഗവേഷണം, തന്ത്രപ്രധാനമേഖലകൾ എന്നിങ്ങനെ ഇന്റർനെറ്റ് ഉപയോഗം വളരെ പരിമിതമാക്കപ്പെട്ട നിലയിലായിരുന്നു.1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ ഇന്റർനെറ്റ് പൊതു ഉപയോഗത്തിനായി അനുവദിക്കപ്പെട്ടത്.

വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (വി.എസ്.എൻ.എൽ) എന്ന സർക്കാർ സ്ഥാപനം മാത്രമാണ് ആദ്യകാലത്ത് ഇന്റർനെറ്റ് സേവനം നൽകിയിരുന്നത്. ലോകത്തെമ്പാടും എന്ന പോലെ ഇന്ത്യയിലും വളരെ വേഗതകുറഞ്ഞ ഇന്റർനെറ്റ് സംവിധാനമാണ് അന്നുണ്ടായിരുന്നത്. ഇന്ന് പല സർവീസ് പ്രൊവൈഡർമാരാണ് ഇന്ത്യയിലുള്ളത്. സ്വകാര്യമേഖലയിലാണ് കൂടതലും.

1995 ൽ ഇതിന് ഈടാക്കിയിരുന്നത് വൻ തുകയാണ്. ഒരു മാസത്തേക്ക്, അല്ലെങ്കിൽ 250 മണിക്കൂറിലേക്ക് ഈടാക്കിയിരുന്നത് 5000 രൂപയായിരുന്നു. 9.6 കെ.പി.ബി.എസ് ആയിരുന്നു അന്ന് ആ ഡയൽ അപ്പ് കണക്ഷനുണ്ടായിരുന്ന വേഗത. ഒച്ച് വേഗത്തിൽ നിന്ന് 4 ജിയുടെ റോക്കറ്റ് വേഗത്തിലെത്തിയിരിക്കുന്നത്. വിലയും കുറഞ്ഞു. ഒരു ജി.ബിക്ക് ശരാശരി ഏഴ് രൂപ നിരക്കിൽ ഇന്ത്യയിലിന്ന് ഇന്റർനെറ്റ് ലഭ്യമാകുമെന്നാണ് കണക്ക് പറയുന്നത്. മാത്രമല്ല, ഇന്ന് ലോകത്തേറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

കേബിൾ ഇന്റർനെറ്റ്

ഇന്ന് ലോകത്തെ വിരൽതുമ്പിലേക്ക് കൊണ്ടുവന്ന ഇന്റർനെറ്റ് സംവിധാനം ലോകമൊട്ടാകെ പ്രവർത്തന സജ്ജമാക്കുന്നതിൽ കടലിനടിയിലൂടെയുള്ള കേബിളുകൾക്ക് വലിയ പങ്കുണ്ട്. ഫോൺകോളും മെസേജുമൊക്കെ ഇതുവഴിയാണ് രാജ്യാതിർത്തികൾ കടന്നുപോകുന്നത്. 7,45,645 മൈൽ ദൂരം വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന 380 കേബിളുകളാണ് നിലവിൽ പ്രവർത്തനനിരതമായിട്ടുള്ളത്‌. ഇതിന് മാറ്റം വരുത്തിയാണ് ഉപഗ്രഹ ഇന്റർനെറ്റ് രംഗത്തെത്തുന്നത്. കേബിളിനേക്കാളും ഫൈബർ ഇന്റർനെറ്റിനേക്കാളും താരതമ്യേന ചെലവേറിയതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. ഇന്ത്യയിലാദ്യമായി സാറ്റലൈറ്റ് ഇന്റർനെറ്ര് നടപ്പാക്കുന്നത് 'ഹൈ ത്രൂപുട്ട് സാറ്റലൈറ്റാണ്.

ഐ.എസ്.ആർ.ഒയുടെ സഹായത്തോടെ പ്രതിമാസ ചെലവുകൾ കുറയ്‌ക്കാനുള്ള ശ്രമത്തിലാണിവർ. ചില സംസ്ഥാനങ്ങളിലും ഗാൽവൻ മേഖല ഉൾപ്പടെയുള്ള ചൈനീസ് അതിർത്തികളിലെ ഇന്ത്യൻ സുരക്ഷാ സേനകൾക്കുമായി പരിമിതമായ സേവനങ്ങൾ മാത്രമാണ് ഇത്രയും നാൾ നൽകി വന്നിരുന്നത്. ഐ.എസ്.ആർ.ഒയുടെ ജിസാറ്റ് 11, ജിസാറ്റ് 29 ഉപഗ്രഹങ്ങളിൽ നിന്നുള്ള കുബാൻഡ് ഫ്രീക്വൻസിയും ഹ്യൂസ് ജുപീറ്റർ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹ്യൂസ് ഇന്ത്യയിലുടനീളം അതിവേഗ എച്ച്.ഡി.എസ് ബ്രോഡ്ബാൻഡ് എത്തിക്കുക

ഉപഗ്രഹ ഇന്റർനെറ്റ്

ഇന്റർനെറ്റ് സേവനദാതാക്കൾ ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തിലേക്ക് ഇന്റർനെറ്റ് സിഗ്നൽ അയക്കുന്നതോടെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രവർത്തനം. ഈ സിഗ്നൽ ഉപയോക്താക്കളിലേക്ക് മടങ്ങിയെത്തുകയും അവരുടെ സാറ്റലൈറ്റ് ഡിഷ് പിടിച്ചെടുക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ മോഡം വഴി അവസാനം കംപ്യൂട്ടറിനെ ഇന്റർനെറ്റ് സിഗ്നലുമായി ബന്ധിപ്പിക്കുന്നു. ഈ പ്രക്രിയ പിന്നീട് ഇന്റർനെറ്റ് സേവന ദാതാവിലേക്ക് തിരിച്ചുപോകുകയും ഓരോ തവണയും ആവർത്തിക്കുകയും ചെയ്യുന്നു.
ഉപയോക്താക്കൾ സാറ്റലൈറ്റ് ഇന്റർനെറ്റിലേക്ക് മാറാൻ തയാറാണെങ്കിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ പ്രത്യേകതരം ഉപകരണങ്ങൾ സജ്ജമാക്കി നൽകും. നേരത്തെ, മിക്ക സാറ്റലൈറ്റ് ഇന്റർനെറ്റും വലിയ ഉപകരണങ്ങളുമായാണ് വന്നിരുന്നതെങ്കിലും ഇപ്പോൾ ഭൂരിഭാഗം ഇന്റർനെറ്റ് ദാതാക്കളുടെ പക്കലും ചെറുതും ഒതുക്കമുള്ളതുമായ ഉപകരണങ്ങളുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റും ഇപ്പോൾ മോഡം, വയർലസ് റൂട്ടർ, നെറ്റ്‌വർക്ക് കേബിൾ എന്നിവയിൽ മാത്രമേ ലഭ്യമാകൂ. നേരത്തെ ചില ദാതാക്കൾ സിഗ്നലിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ ഒരു ഡിഷ് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോളത് സാധാരണമല്ല. സാറ്റലൈറ്റിന്റെ സിഗ്നലിനെ നമ്മുടെ സിസ്റ്റത്തിന്റെ നെറ്റ്‌വർക്ക് അഡാപ്റ്ററിന് വായിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണമാണ് മോഡം. ഇതാണ് കംപ്യൂട്ടറിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നത്. സാറ്റലൈറ്റ് ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന റൂട്ടറും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളിൽ ഉപയോഗിക്കുന്നതു പോലെ തന്നെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റിലും പ്രവർത്തിക്കുന്നത്. മോഡത്തിൽനിന്നുള്ള ഇന്റർനെറ്റ് സിഗ്നൽ റൂട്ടർ ഇന്റർനെറ്റ് കേബിൾ വഴിയോ വൈഫൈ വഴിയോ വീട്ടിൽ എല്ലായിടത്തും എത്തിക്കുന്നു.

അത്ര മെച്ചമല്ല

സാറ്റലൈറ്റ് ഇന്റർനെറ്റ്

സാറ്റലൈറ്റ് ഇന്റർനെറ്റിന് നേരത്തെ വേഗം വളരെ കുറവായിരുന്നു. മുമ്പ് ഏകദേശം 750 കെ.ബി.പി.എസ് ഡൗൺലോഡ് വേഗമാണ് ഉണ്ടായിരുന്നത്. സങ്കേതിക വിദ്യയിലെ പുരോഗതിയും പുതിയ ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗം കൂട്ടാൻ സഹായിച്ചു. നിലവിൽ 100 എം.പി.ബി.എസ് വരെ വേഗം വാഗ്ദാനം ചെയ്യുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളുണ്ട്. പക്ഷെ ഇത് കേബിൾ ഇന്റർനെറ്റുമായി താരതമ്യം ചെയ്യുമ്പോൾ അധികമല്ല. മാത്രമല്ല
സാറ്റലൈറ്റ് ഇന്റർനെറ്റിന് കൂടിയ ലേറ്റൻസി ആയിരിക്കുമെന്നതാണ് മറ്റൊരു പോരായ്മ. ഡാറ്റ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും എടുക്കുന്ന സമയമാണ് ലേറ്റൻസി എന്നറിയപ്പെടുന്നത്. ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ വളരെക്കാലമായി സാറ്റലൈറ്റ് ഇന്റർനെറ്റിന് ലേറ്റൻസി ഒരു പോരായ്മയാണ്. കേബിളും ഫൈബർ ഇന്റർനെറ്റും 20 മുതൽ 50 മില്ലിസെക്കൻഡ് പരിധിയിൽ ലേറ്റൻസി വാഗ്ദാനം ചെയ്യുമ്പോൾ സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലകൾ 600 എം.എസ് വരെയാകാം. ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 22,000 മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഡാറ്റ വളരെ ദൂരം സഞ്ചരിക്കുന്നു. വളരെ വേഗത്തിലുള്ള പ്രതികരണങ്ങൾ ആവശ്യമുള്ളതിനാൽ ഗെയിമിംഗിനെയാണ് ഉയർന്ന ലേറ്റൻസി ബാധിക്കുക. കൂടാതെ
കാലാവസ്ഥ സാറ്റലൈറ്റ് ഇന്റർനെറ്റിനെ ബാധിക്കാനും സാധ്യതയുണ്ട്. കഠിനമായ കാലാവസ്ഥ ഉപഗ്രഹ പ്രക്ഷേപണത്തെ താൽക്കാലികമായി തടസ്സപ്പെടുത്താറുണ്ട്. കൊടുങ്കാറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ റെയിൻ ഫേഡ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് കരുതലോടെവേണം പുതിയ മാറ്റങ്ങളെ സ്വീകരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATELITE INTERNET
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.