കോട്ടയം. പാമ്പാടിയിൽ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചു. പാമ്പാടി ഏഴാം മൈലിൽ ഭീതി പടർത്തിയ നായ ചാവുകയും ചെയ്തിരുന്നു. ഏഴാം മൈൽ പാറയ്ക്കൽ വീട്ടിൽ നിഷാ സുനിൽ, കൊച്ചുപറമ്പിൽ സുമി കെ.വർഗീസ്, സുമിയുടെ മകൻ ഐറിൻ (10), രാജു കാലായിൽ (65), ഫെബിൻ (12), കൊച്ചൊഴത്തിൽ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്.
വയറിലും നെഞ്ചിലും ഉൾപ്പെടെ മുപ്പത്തിനാല് മുറിവുകളാണ് നായയുടെ ആക്രമണത്തിൽ നിഷയ്ക്ക് ഉണ്ടായത്. വീട്ടിൽ ഉറങ്ങികിടക്കുമ്പോഴാണ് നിഷയുടെ അയൽവാസിയായ ഏഴാം ക്ലാസുകാരൻ ഫെബിന് കടിയേറ്റത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേരെയും നായ കടിച്ചു. നായ ചത്തതോടെ പേവിഷബാധ ഉണ്ടെന്ന സംശയം ഉയർന്നിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർപ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു. അതേസമയം, പേവിഷബാധയെക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |