SignIn
Kerala Kaumudi Online
Sunday, 04 December 2022 2.44 PM IST

ഭാഗ്യദേവത കടാക്ഷിച്ചതോടെ വായ്‌പ വേണ്ടെന്ന് ബാങ്കിനെ അറിയിച്ചു, ഓട്ടോ ഓടിക്കുന്നത് നിർത്തും; തുക ഉപയോഗിക്കുക എന്തിനെന്ന് വെളിപ്പെടുത്തി അനൂപ്‌

anoop

തിരുവനന്തപുരം: 'അടിച്ചുചേട്ടായി.. " ഭാര്യ മായ ഇങ്ങനെ പറയുമ്പോൾ അമ്പരപ്പിലായിരുന്നു ശ്രീവരാഹം മുടുമ്പിൽ വീട്ടിൽ 30കാരനായ അനൂപ്. മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലിൽ അടുത്തയാഴ്ച ജോലിക്കു പോകാനിരുന്ന ഓട്ടോഡ്രൈവർ ബി.അനൂപ് കാശ് തികയാതെ വന്നതോടെ, മകന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേർത്താണ് ഓണം ബമ്പർ ലോട്ടറി ടിക്കറ്റെടുത്തത്. ഇന്നലെ നറുക്കെടുത്തപ്പോൾ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാംസമ്മാനം 25 കോടി അനൂപിന്. ആറുമാസം ഗർഭിണിയാണ് ഭാര്യ.


ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ ശാഖയിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് വാങ്ങിയ ടി.ജെ 750605 എന്ന ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റെടുത്ത് 24 മണിക്കൂർ തികയുംമുമ്പെത്തി ഭാഗ്യം. വൈകിട്ട് മൂന്നരയോടെയാണ് ബമ്പറടിച്ച വിവരം അനൂപറിഞ്ഞത്.

പിതൃസഹോദരി പുത്രിയും ലോട്ടറി ഏജന്റുമായ സുജയുടെ വീട് പണി പൂർത്തിയാക്കാനായി മൂന്ന് ലക്ഷം രൂപയുടെ വായ്പയ്‌ക്കായി മുട്ടത്തറ സഹകരണ ബാങ്കിൽ അപേക്ഷിച്ചിക്കെയാണ് അനൂപിന് ഭാഗ്യദേവതയുടെ കടാക്ഷം. അതോടെ വായ്പ വേണ്ടെന്ന് അറിയിച്ചു. ഇന്നലെ അവധിയായിരുന്നിട്ടും കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരെത്തി ടിക്കറ്റ് സൂക്ഷിക്കാൻ ലോക്കർ സൗകര്യമൊരുക്കി. ഇന്ന് ലോട്ടറി ഡ‌യറക്ടറേറ്റിന് കൈമാറും.

വർഷങ്ങൾക്ക് മുൻപ് സൗദിയിൽ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാൽ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകൾ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടർന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉൾപ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ, മകൻ അദ്വൈത്, മാതാവ് അംബിക എന്നിവരടങ്ങുന്നതാണ് കുടുംബം. സഹോദരി അശ്വതി, ഭർത്താവ് സനൽ. 12 വ‌ർഷം മുൻപ് പിതാവ് ബാബു മരിച്ചു.

ഹോട്ടൽ തുടങ്ങും

നാലു വർഷമായി ഓട്ടോ ഓടിക്കുന്ന അനൂപ് അതു നിറുത്തി ഹോട്ടൽ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.

കിട്ടുന്നത് 15.75 കോടി 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് 15.75 കോടിയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക. ലോട്ടറി ഏജൻസിക്ക് കമ്മിഷൻ 2.5 കോടി. നികുതി കിഴിച്ച് 1.60 കോടി ലഭിക്കുമെന്ന് ഭഗവതി ഏജൻസി ഉടമ തങ്കരാജ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഓണം ബമ്പർ നറുക്കെടുത്തത്. ടി.ജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ശാഖയാണ് ഇത് വിറ്റത്. പത്തു കോടി ഒന്നാംസമ്മാന തുകയായ പൂജാ ബമ്പറും ഇന്നലെ പുറത്തിറക്കി. 250 രൂപയാണ് വില.


ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവച്ചിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. സന്തോഷമുണ്ട്. ഒപ്പം ടെൻഷനും. അൻപതു രൂപ കുറവുണ്ടായിരുന്നതിനാൽ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽനിന്നുള്ള പണം കൂടിചേർത്താണ് എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞത്.-അനൂപ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONAM BUPER, KERALA LOTTERY, ANOOP, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.