മാവേലിക്കര: കേരളകൗമുദി കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ശ്രദ്ധേയമായ സാക്ഷ്യം വഹിച്ച പത്രമാണെന്ന് സജി ചെറിയാൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളകൗമുദി ആലപ്പുഴ യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച, പത്രാധിപർ കെ.സുകുമാരന്റെ 41-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ജാതി വ്യവസ്ഥയിൽ നിലനിന്നിരുന്ന അടിച്ചമർത്തലും ഉച്ചനീചത്വങ്ങളും തുടച്ചുനീക്കാൻ ആരംഭിച്ച പത്രമാണ് കേരളകൗമുദി. നവോത്ഥാന മുന്നേറ്റങ്ങൾക്ക് പത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസ ഉന്നമനം നേടിയെടുക്കാൻ പോരാടിയ പത്രമാണ് കേരളകൗമുദി. ഒർമ്മവെച്ച കാലം മുതൽ വായിക്കുന്ന കേരളകൗമുദി ഇപ്പോഴും എന്റെ പത്രവായനയിൽ പ്രഥമ സ്ഥാനത്തുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജിഹ്വയാണ് കേരളകൗമുദി'- അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരളകൗമുദി ന്യൂസ് എഡിറ്റർ എം.പി. സുനിൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് സ്വാഗതവും കേരളകൗമുദി ആലപ്പുഴ ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ് നന്ദിയും പറഞ്ഞു.
പത്രാധിപരെ പുതിയ കാലഘട്ടം മാതൃകയാക്കണം: എം.എസ്. അരുൺകുമാർ എം.എൽ.എ
മാവേലിക്കര: പത്രാധിപർ കെ.സുകുമാരനെ പുതിയ കാലഘട്ടം മാതൃകയാക്കണമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പത്രാധിപരുടെ പ്രവർത്തനം കേരളകൗമുദിയെ സാധാരണക്കാരന്റെ ജിഹ്വയായി വളർത്തിയെടുത്തു. കേരളകൗമുദിയുടെ ശൈലിയും ഇടപെടലും നാടിനെ മുന്നോട്ട് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലപ്ര, രാജൻ ഡ്രീംസ് എന്നിവർ സംസാരിച്ചു. കേരളകൗമുദി ഹരിപ്പാട് ലേഖകൻ യു.രാഹുൽ കൃഷ്ണന് പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം സജി ചെറിയാൻ സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിദ്യാഭ്യാസ രംഗത്ത് റാങ്കുകൾ കരസ്ഥമാക്കിയവരെയും അനുമോദിച്ചു. ടി.കെ.മാധവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.എസ്.മുഹമ്മദ് ഷാഫിക്ക് സജി ചെറിയാൻ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |