SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 PM IST

എലിസബത്ത് രാജ്ഞിക്ക് വിട ഫിലിപ്പ് രാജകുമാരനൊപ്പം അന്ത്യവിശ്രമം

elizabeth

ലണ്ടൻ: എലിസബത്ത് രാജ്ഞി കിംഗ് ജോർജ്സ് ആറാമൻ മെമ്മോറിയൽ ചാപ്പലിലെ രാജകീയ നിലവറയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം അന്ത്യവിശ്രമം. ഉറ്റബന്ധുക്കൾ മാത്രം പങ്കുകൊണ്ട സ്വകാര്യ ചടങ്ങിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഫിലിപ്പ് രാജകുമാരന്റെ ഭൗതികദേഹത്തിനൊപ്പം എലിസബത്ത് രാജ്ഞിയുടെയും ഭൗതികദേഹം അടക്കം ചെയ്തത്. ഏഴ് പതിറ്റാണ്ടോളം രാജസിംഹാസനത്തിലിരുന്ന രാജ്ഞിയുടെ അന്ത്യയാത്രയുടെ ചടങ്ങുകളുടെ വ്യത്യസ്ത ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വെസ്റ്റ് മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് മൃതദേഹ പേടകം എത്തിച്ചതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് പ്രദക്ഷിണമായി വെല്ലിംഗ്ടൺ ആർച്ചിലേക്ക് മൃതദേഹം എത്തിച്ചു. സെന്റ് ജോർജ്സ് ചാപ്പലിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ ചാൾസ് രാജാവും രാജകുമാരൻമാരായ വില്യമും ഹാരിയും മറ്റു രാജകുടുംബാംഗങ്ങളും കാൽനടയായി അനുഗമിച്ചു. ചാപ്പലിലെ ചടങ്ങുകളോടെ പൊതുജനത്തിന് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം അവസാനിച്ചു. സെപ്തംബർ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച വരെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിനു വച്ചിരുന്നു. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. രാജ്ഞിയെ ദിവസവും ഉണർത്തുന്ന പേഴ്സണൽ പൈപ്പർ അവസാനമായി ‘സ്ലീപ്പ്, ഡിയറീ, സ്ലീപ്പ്’ എന്ന പരമ്പരാഗത ഗീതം വായിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ആബിയിലെത്തിയിരുന്നു.

നേവി ഉദ്യോഗസ്ഥരും കുതിരപ്പട്ടാളവും അടങ്ങിയ മൂവായിരത്തിലധികം സേനാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും അകമ്പടിയോടെയായിരുന്നു വിലാപയാത്ര. പൊതുദർശനം അനുവദിച്ച കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം കാത്തു നിന്ന് അവസാനമായി രാജ്ഞിയ്‌ക്ക് ആദരവർപ്പിച്ചത്. പിന്നീട് ലണ്ടൻ ഹൈഡ് പാർക്കിൽ ഒത്തുകൂടി വിടചൊല്ലി.

പ്രാർത്ഥനകൾക്കും സമാപന ആശീർവാദത്തിനും വെസ്‌റ്റ്‌മിൻസ്‌റ്റർ ഡീൻ, കാന്റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ ബ്രിട്ടനും കോമൺവെൽത്ത് രാജ്യങ്ങൾക്കുമായി രാജ്ഞി ചെയ്ത സേവനങ്ങൾ ആർച്ച് ബിഷപ്പ് സ്മരിച്ചു. ഏഴ് പതിറ്റാണ്ടിനിടെ രാജ്ഞി വൻജനാവലിയുടെ ഹൃദയത്തെയാണ് കീഴടക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് മിൻസ്റ്റർ ആബിയിലാണ് 1947 ൽ ഫിലിപ്പ് രാജകുമാരനുമായുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹം നടന്നതും 1953ൽ 27-ാം വയസിൽ രാജ്ഞിയായി അവരോധിക്കപ്പെട്ടതും.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ അന്ത്യശുശ്രൂഷകൾക്കു ശേഷം രാജ്ഞിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സൈനികരുടെയും പൊലീസിന്റെയും അകമ്പടിയോടെ വെല്ലിംഗ്ൺ ആർച്ചിലേക്കു നീങ്ങി. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് ശേഷം രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പേടകം ആദ്യം വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തിച്ചു. 1600 സൈനികർ അകമ്പടിയേകിയ 8 കിലോമീറ്റർ യാത്രയിൽ സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ലോകനേതാക്കളുൾപ്പെടെയുള്ളവർ രണ്ട് മിനിട്ട് മൗനം ആചരിച്ച ശേഷം ബ്രിട്ടന്റെ ദേശീയ ഗാനം ആലപിച്ചു. രാജാവിനെ ദൈവം രക്ഷിക്കട്ടെ എന്ന് ഉദ്ഘോഷിച്ചതിന് ശേഷമായിരുന്നു ദേശീയഗാനാലാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ELIZABETH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.