SignIn
Kerala Kaumudi Online
Thursday, 25 April 2024 1.13 PM IST

സർക്കാരും ദേവസ്വം ബോർഡും ചുമതലകൾ മറക്കുന്നുവോ? ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി നടക്കാറുള്ള യോഗങ്ങൾ പോലും ചേരുന്നില്ല

sabarimala

ബരിമലയിൽ പുതിയ തീർത്ഥാടനകാലം തുടങ്ങാൻ ഇനി രണ്ടു മാസം തികച്ചില്ല. പ്രളയവും പിന്നാലെ കൊവിഡും വരുത്തിയ വിനാശകാലം കഴിഞ്ഞ് നിയന്ത്രണങ്ങൾ ഇല്ലാതെ പൂർണതോതിൽ തീർത്ഥാടനം ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കാം.

വിപുലമായ രീതിയിൽ ശബരിമല തീർത്ഥാടനം ഏറ്റവും അവസാനമായി നടന്നത് 2017ലാണ്. തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും ഏറ്റവും ഭീകരമായി നടമാടിയത് പമ്പയിലാണ്. തെളിഞ്ഞ് ശാന്തമായി ഉഴുകിക്കൊണ്ടിരുന്ന പമ്പാ നദിയുടെ മുഖം വികൃതമായി. ഗതിമാറി പല ദിക്കുകളിലേക്ക് കുതിച്ചു പാഞ്ഞ നദി കണ്ണിൽ കണ്ടതെല്ലാം ഒഴുക്കി കൊണ്ടുപോയി. പമ്പയിൽ തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ വലിയ പാറക്കഷണങ്ങളും കൂറ്റൻ തടികളും അണക്കെട്ടുകളിലെ മണലും കെട്ടിടാവശിഷ്ടങ്ങളുമെല്ലാം കൂനകളായി പമ്പാ മണൽപ്പുറം നിറഞ്ഞ കാഴ്ച പ്രളയത്തിന്റെ ഏറ്റവും രൗദ്രഭാവത്തെയാണ് കാണിച്ചു തന്നത്. ഏകദേശം രണ്ടു വർഷത്തോളം വേണ്ടിവന്നു പമ്പയെ പഴയരൂപത്തിലാക്കാൻ. നദിയുടെ ഒഴുക്കു വീണ്ടെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിച്ച് സുഗമമായ തീർത്ഥാടനത്തിന് പമ്പയും പരിസരങ്ങളും ഒരുങ്ങിയപ്പോഴാണ് മഹാമാരിയായി കൊവിഡ് കട‌ന്നുവന്നത്. കർക്കശ നിയന്ത്രണങ്ങളിൽ നിന്നുകൊണ്ട് മണ്ഡല മകരവിളക്ക് പൂജകൾ മാത്രമായി ശബരിമലയിലെ ചടങ്ങുകൾ ചരുക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതോടെ കഴിഞ്ഞ വർഷം തീർത്ഥാടനം തുടങ്ങിയെങ്കിലും താമസ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർണതോതിൽ ലഭ്യമല്ലാത്തതു കാരണം ഭക്തരുടെ എണ്ണം കുറഞ്ഞിരുന്നു. പൂർണതോതിൽ നടക്കാതെപോയ അഞ്ച് തീർത്ഥാടന വർഷങ്ങൾ ദേവസ്വം ബോർഡിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ പ്രതിസന്ധയിലായ ബോർഡിന് കൈത്താങ്ങായത് സർക്കാരിന്റെ ചില സാമ്പത്തിക സഹായങ്ങളാണ്.

ഇത്തവണ പൂർണതോതിലുള്ള തീർത്ഥാടനത്തിന് ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തിരുവനന്തപുരത്ത് ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായിരുന്ന ദേവസ്വം ബോർഡ് ഇത്തവണ വിലയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ല. ചെലവ് ചുരുക്കാൻ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾക്കുള്ള ക്രമീകരണം എന്നിവ മുൻ തീർത്ഥാടന കാലത്തേപ്പോലെ തുടരാനാണ് തീരുമാനം. കരാറുകാർക്ക് നൽകാനുള്ള ഇരുപത്തഞ്ച് കോടിയുടെ ബാദ്ധ്യതയാണ് പ്രധാനമായും ദേവസ്വം ബോർഡിനുള്ളത്. അടുത്ത തീർത്ഥാടനം സുഗമമായി നടന്നാൽ ഇതൊഴിവാകുമെന്നാണ് പ്രതീക്ഷ.

ചെലവ് ചുരുക്കി ദേവസ്വം ബോർഡ്

തീർത്ഥാടകർ നേരിടാൻ പോകുന്ന വലിയപ്രശ്നം ദുരിതയാത്രയാണ്. പ്രധാന ശബരിമല പാതകളിൽ റീ ടാറിംഗ് ഇത്തവണ മഴമൂലം തടസപ്പെട്ടിരിക്കുകയാണ്. റോഡുകളിലെ കുഴിയടക്കൽ മാത്രമാണ് പൊതുമരാമത്ത് ഏറ്റെടുത്തിട്ടുള്ളത്. പതിനേഴ് റോഡുകളാണ് അറ്റകുറ്റപ്പണികൾ ചെയ്യാനുള്ളത്. പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പുനലൂർ - കോന്നി റീച്ചിൽ പണികൾ പൂർത്തിയായില്ല. വലിയ വാഹനങ്ങൾ നിയന്ത്രിച്ചാണ് മുപ്പത് കിലോമീറ്റർ ദൂരം കടത്തിവിടുന്നത്. കെ.എസ്.ടി.പിയുടെതാണ് പദ്ധതി. വനപാത കൂടിയായ മണ്ണാരക്കുളഞ്ഞി - പ്ളാപ്പള്ളി പൊതുമരാമത്ത് റോഡിൽ ഇത്തവണ നടന്നത് കുഴിയടക്കൽ മാത്രം. മുപ്പത്തിരണ്ട് കിലോമീറ്ററാണ് റോഡിന്റെ ദൂരം. മണ്ണാരക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെ റോഡ് ദേശീയപാത എ യുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ഇത്തവണ അറ്റകുറ്റപ്പണിയില്ല. മറ്റൊരു പ്രധാന പാതയായ എരുമേലി - ഇലവുങ്കൽ റോഡിലും നടന്നത് കുഴിയടക്കൽ മാത്രം.

ചെലവ് ചുരുക്കിയുളള തീർത്ഥാടനത്തിനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇലക്ട്രിക്, പ്ളംബിംഗ് അറ്റകുറ്റപ്പണികൾ മാത്രം നടത്തുന്നു. സന്നിധാനത്ത് നടപ്പന്തൽ നവീകരണം വേണമോ വേണ്ടയോ എന്ന തീരുമാനമായില്ല. പമ്പയിൽ സ്ഥിരം നടപ്പന്തൽ വേണ്ടെന്നാണ് ഹൈപവർ കമ്മറ്റിയുടെ തീരുമാനം. തീർത്ഥാടകർക്ക് വെയിലും മഴയുമേൽക്കാതെ വിശ്രമിക്കാൻ താൽക്കാലിക നടപ്പന്തൽ ഇത്തവണയും നിർമിക്കേണ്ടിവരും.

ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചാലക്കയം - പമ്പ റോഡിൽ കുഴികൾ അടച്ച് താൽക്കാലിക അറ്റകുറ്റപ്പണികൾക്കാണ് നീക്കം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പ്രഥാമികാവശ്യങ്ങൾക്ക് നിലവിലുള്ള സംവിധാനങ്ങളാണ് തുടരുന്നത്. പമ്പ - നീലിമല - ശരംകുത്തിപാത കോൺക്രീറ്റ് പടികൾ നിർമിക്കുന്ന ജോലികൾ മാത്രമാണ് പുരോഗമിക്കുന്നത്.

സുഗമമാകണം പുതിയ തീർത്ഥാടനം

ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശബരിമലയെ പലരും അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് പുറമേ തമിഴ്നാട‌്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകരെത്തുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ വ്രതാനുഷ്ഠാനത്തോടെ ദിവ്യദർശനം തേടിയെത്തുന്നു. പിഴവുകൾ കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഭക്തർ എങ്ങനെയെങ്കിലും ദർശനം നടത്തിപ്പോകട്ടെയെന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്. എല്ലാ തീർത്ഥാടന കാലത്തിനും രണ്ടു മാസം മുൻപ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരാറുണ്ട്. ഇത്തവണ അവലോകന യോഗം ഇതുവരെ നടന്നില്ല. ജാഗ്രതാ പൂർണമായ സമീപനം സർക്കാരിന്റെയും ബോർഡിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ വലിയ ഭക്തജന രോഷം നേരിടേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, SABARIMALA, PILGRIM, MANDALAM MAKARAVILAKKU, DEVASWOM BOARD
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.