കൊച്ചി: ജില്ലാ ഭരണകൂടവും കൊച്ചി സർവകലാശാലാ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ 'പ്രജ്ഞയും ’ കേരള സാമൂഹ്യ നീതിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബോധി പദ്ധതിയുടെ ഭാഗമായി ലോക അൽഷിമേഴ്സ് ദിനമായ ഇന്ന് ഡിമെൻഷ്യ ബോധവത്കരണത്തിന്റെ ഭാഗമായി 'മെമ്മറി വാക്ക്' സംഘടിപ്പിക്കും.
കലൂർ ജവഹർ ലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നു മണിക്കാണ് മെമ്മറി വാക്ക്. ഡിമെൻഷ്യയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഡിമെൻഷ്യ ബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് 'മെമ്മറി വാക്ക്' സംഘടിപ്പിക്കുന്നത്. മെമ്മറി വാക്കിൽ ഏറ്റവും മികച്ച രീതിയിൽ പങ്കെടുക്കുന്ന സംഘങ്ങൾക്ക് 15,000 രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കളമശ്ശേരി മണ്ഡലത്തെ ഡിമെൻഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 'ഓർമ്മ മറയുന്നവർക്ക് ഒപ്പം കളമശ്ശേരി' കാമ്പയിൻ മന്ത്രി പി. രാജീവ് എലൂർ നഗരസഭ ടൗൺഹാളിൽ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെമ്മറി ക്ലിനിക് ആരംഭിക്കും. കൊച്ചിൻ സർവകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ കൊച്ചി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ, ബോധി മെമ്മറി വാക് കൺവീനർ ബേബി ചക്രപാണി, മീഡിയ അക്കാഡമി സെക്രട്ടറി കെ. രാജഗോപാൽ, ബോധി പ്രോജക്ട് ഡയറക്ടർ ഡോ. ബേബി ചക്രപാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |