SignIn
Kerala Kaumudi Online
Monday, 05 December 2022 10.11 AM IST

കേരളത്തിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഡ്രൈവർമാർ താൽക്കാലികക്കാരായിരിക്കും, വാഹനം വെള്ള നമ്പർ പ്ളേറ്റുള്ളതും, അതെന്തുകൊണ്ടാണെന്ന് അറിയുമോ?

vehicle

കേരളം കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് പറയുന്നത് സംസ്ഥാനം ഭരിക്കുന്നവർ തന്നെയാണ്. എന്നാൽ ധൂർത്തും അഴിമതിയും നിയന്ത്രിക്കാനുള്ള കാര്യമായ ഒരു ശ്രമവും എങ്ങുനിന്നും ഉണ്ടാകുന്നില്ലെന്നിടത്താണ് ഭരണകർത്താക്കളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് 122 വകുപ്പുകളിലായി എത്രവാഹനങ്ങൾ ഉണ്ടെന്നും അവയൊക്കെ ആർക്കുവേണ്ടി ഓടുന്നുവെന്നതും സംബന്ധിച്ച് കൃത്യമായൊരു കണക്ക് ആരുടെയും പക്കലില്ല. ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ഔദ്യോഗികാവശ്യങ്ങൾക്കും അല്ലാതെയും വാഹനത്തിൽ പായുന്നതിന്റെയും അതിന് ചെലവാകുന്ന പണത്തിന്റെയും കൃത്യമായ കണക്കില്ല. നൂറുകണക്കിന് വാഹനങ്ങൾ ഇങ്ങനെ ലക്കും ലഗാനുമില്ലാതെ ഓടുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ചോരുന്നത് കോടികളാണ്.

വാഹനദുരുപയോഗം കണ്ടെത്തി റിപ്പോർട്ട് ചെയ്യാനും നപടി സ്വീകരിക്കാനും സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗമുണ്ട്. വേലിതന്നെ വിളവ് തിന്നുന്നു എന്ന് പറയും പോലെ ധനകാര്യ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥരും വാഹന ദുരുപയോഗത്തിൽ മുന്നിലെന്ന ആരോപണം നേരിടുമ്പോൾ മറ്റുള്ളവരുടെ ദുരുപയോഗം എങ്ങനെ കണ്ടെത്താനാകും ? സർക്കാരാഫീസുകളും തദ്ദേശ സ്ഥാപനങ്ങളും ഒപ്പത്തിനൊപ്പം എല്ലാ വിലക്കുകളും ലംഘിച്ച് സർക്കാരാഫീസുകളും തദ്ദേശ സ്ഥാപനങ്ങളും വാഹനദുരുപയോഗത്തിൽ മത്സരിക്കുന്നു. സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ധനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വകുപ്പ് മേധാവികൾ, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർ, കളക്ടർമാർ, മന്ത്രിമാരുടെ സ്റ്റാഫുകൾ തുടങ്ങിയവർക്ക് മാത്രമാണ് താമസസ്ഥലത്ത് നിന്ന് ഓഫീസിലെത്താൻ സർക്കാർ വാഹനം ഉപയോഗിക്കാവുന്നത്. എന്നാൽ വാഹനം ഉപയോഗിക്കുന്ന മിക്ക ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്രചെയ്യാൻ സർക്കാർ വാഹനമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മറവിൽ സ്വകാര്യ ആവശ്യങ്ങൾക്കായാണ് മിക്കവരും വാഹനം ഉപയോഗിക്കുന്നത്. മാർക്കറ്റിൽ പോകാനും മത്സ്യം വാങ്ങാനും മക്കളെ സ്കൂളിലെത്തിക്കാനും ഭാര്യമാർക്ക് ഷോപ്പിംഗിനും ബ്യൂട്ടി പാർലറിൽ പോകാനും വരെ സർക്കാർ വാഹനം ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. കൂടാതെ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, സിനിമ തിയേറ്റർ, ആരാധനാലയങ്ങൾ, വിവാഹം, രാഷ്ട്രീയ പാർട്ടി പരിപാടികൾ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കും വാഹനം ദുരുപയോഗം ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓഫീസർ ഓൺ ഡ്യൂട്ടി, ആർ. മോഹനന്റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയും കാലടി സർവ്വകലാശാലയുടെ തിരുവനന്തപുരം വഞ്ചിയൂരിലെ, സബ് സെന്ററിൽ പ്രൊഫസറുമായ പൂർണിമ മോഹൻ പതിവായി രാവിലെ ഡ്യൂട്ടിക്ക് പോകുന്നതും വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഈയിടെ ഒരു ചാനൽ പുറത്തുവിട്ടത് വിവാദമായിരുന്നു. എന്നിട്ടും വാഹന ദുരുപയോഗത്തിനെതിരെ കാര്യമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും വാഹന ഉപയോഗം സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും കാര്യമായ പരിശോധന ഇക്കാര്യത്തിൽ ഇല്ലാത്തത് വാഹന ദുരുപയോഗത്തിന് ആക്കം കൂട്ടുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുന്ന ഓഫീസർമാർ ലോഗ്ബുക്കിൽ ഔദ്യോഗിക ആവശ്യമാക്കി മാറ്റി കൃത്രിമം കാട്ടുന്നതും പതിവാണ്. വാഹന ദുരുപയോഗം പാടില്ലെന്ന് അക്കമിട്ട് ഉത്തരവിറക്കിയ ധനകാര്യ വകുപ്പിലെ ജീവനക്കാർ പോലും ആ ഉത്തരവിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. മുമ്പൊക്കെ അംബാസിഡർ കാറായിരുന്നിടത്ത് ഇന്ന് 25- 30 ലക്ഷം രൂപ വരെ വിലയുള്ള ഇന്നോവ കാറുകളാണ്. വാഹനങ്ങൾക്കുള്ള ഇന്ധന വിലകൂടി കണക്കാക്കിയാൽ കോടികളുടെ ധൂർത്താണ് ഈയിനത്തിൽ നടക്കുന്നത്.

തദ്ദേശസ്ഥാപന ധൂർത്ത് ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അദ്ധ്യക്ഷന്മാർക്ക് ഔദ്യോഗിക കാര്യങ്ങൾക്കായി വാഹനം ഉപയോഗിക്കാമെങ്കിലും മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാഹനദുരുപയോഗം വ്യാപകമാണെന്നത് ഏവർക്കും അറിയാം. കോർപ്പറേഷനിലും ജില്ലാപ്പഞ്ചായത്തിലും ഉപാദ്ധ്യക്ഷന്മാർക്കും വാഹനം അനുവദിച്ചിട്ടുണ്ട്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും സ്ഥിരം ഡ്രൈവർമാരേക്കാൾ പ്രിയം താത്ക്കാലികക്കാരോടാണ്. ജനപ്രതിനിധികളുടെ സ്വകാര്യ, രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ഓട്ടത്തിന് സ്ഥിരം ഡ്രൈവർമാർ വിമുഖതകാട്ടും. അതിനാൽ അദ്ധ്യക്ഷരുടെ ഇഷ്ടക്കാരെയോ ബന്ധുക്കളെയോ ആകും താത്‌കാലിക ഡ്രൈവർമാരായി നിയമിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ വാഹന ദുരുപയോഗം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി ആവർത്തിച്ചാവർത്തിച്ച് ഉത്തരവുകൾ ഇറക്കാറുണ്ട്. അടുത്ത കാലത്തിറക്കിയ ഉത്തരവിൽ പറയുന്നതിങ്ങനെ : വാഹനദുരുപയോഗം സംബന്ധിച്ച് ധനകാര്യ വകുപ്പ് നിരന്തരം ഉത്തരവുകൾ പുറപ്പെടുവിക്കുകയും അതനുസരിച്ച് താക്കീത് നൽകുകയും ചെയ്തിട്ടും വ്യാപകമായി ഇത്തരം പരാതികളുണ്ടാകുന്നത് സർക്കാർ ഗൗരവമായാണ് വീക്ഷിക്കുന്നത്. വകുപ്പ് മേധാവികളും മറ്റ് ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ തക്കസമയത്ത് കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവുകൾ അങ്ങനെ ഇറങ്ങും, വാഹനങ്ങൾ അതിന്റെ വഴിയ്ക്ക് ഓടും. അത്രതന്നെ.

മുമ്പ് ഓരോ മാസവും സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിക്കാവുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും ഇല്ല. പലർക്കും പ്രിയം വാടക വാഹനം സാമ്പത്തിക നിയന്ത്രണം കാരണം ഇപ്പോൾ സർക്കാർ ഓഫീസുകളിലേക്ക് പുത്തൻ വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. അതിനാൽ പല ഓഫീസുകളും കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്കെടുക്കും. സ്വകാര്യ ആവശ്യങ്ങൾക്കായി ഇത്തരം വാഹനങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതിനാൽ വാടക വാഹനങ്ങളോട് പല ഓഫീസ് മേധാവികളും അമിതതാത്പര്യം കാട്ടുന്നതായി പറയപ്പെടുന്നു. നിയമവും ചട്ടവും അനുസരിച്ച് മഞ്ഞ നമ്പർ പ്ളേറ്റുള്ള ടൂറിസ്റ്റ് ടാക്സി വാഹനങ്ങളാണ് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ വാടകയ്ക്കെടുക്കേണ്ടത്. എന്നാൽ ഈ നിബന്ധനകൾ കാറ്റിൽ പറത്തി തങ്ങളുടെ ഇഷ്ടക്കാരുടെ വെള്ളനമ്പർ പ്ളേറ്റുള്ള വാഹനങ്ങളാണ് വാടകയ്ക്കെടുക്കുന്നത്. സ്വന്തം വാഹനം ബിനാമി പേരിൽ വാടകവാഹനമായി ഉപയോഗിക്കുന്ന വിരുതന്മാരും കുറവല്ലെന്നത് പരസ്യമായൊരു രഹസ്യമാണ്. നിയമസഭയിലുമെത്തി വാഹന ദുരുപയോഗം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ഗീതാഗോപി എം.എൽ.എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ വാഹനദുരുപയോഗം വ്യാപകമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ വാഹനത്തിൽ വീട്ടിൽപ്പോയി വരാൻ അനുമതിയുള്ളത് ഏതൊക്കെ തസ്തികയിലെ ഉദ്യോഗസ്ഥർക്കാണെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇതാണ്: പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സ്പെഷ്യൽ സെക്രട്ടറിമാർ, കമ്മിഷണറേറ്റുകളിലെ കമ്മിഷണർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ ജഡ്ജിക്ക് തുല്യമായതോ ഉയർന്നതോ പദവി വഹിക്കുന്ന ജുഡിഷ്യൽ ഓഫീസർമാർ, ആഭ്യന്തരവകുപ്പിലെ കമ്മിഷണർ, സൂപ്രണ്ട് തസ്തികയ്ക്ക് തുല്യമായതോ ഉയർന്നതോ പദവി വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, ഫോറസ്റ്റ് കൺസർവേറ്റർക്ക് തുല്യമോ ഉയർന്നതോ ആയ പദവി വഹിക്കുന്ന വനം വകുപ്പുദ്യോഗസ്ഥർ, കോ - ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാർ, ലേബർ കമ്മിഷണർ, ചീഫ് എൻജിനിയർമാർ, എല്ലാ പ്രധാന വകുപ്പ് മേധാവികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ്, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാ‌ർ.

വാഹനദുരുപയോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വ്യക്തമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയുണ്ട്. നിയമങ്ങൾ വേണ്ടുവോളമുണ്ട്. പക്ഷേ ആര് കേൾക്കാൻ, നിയന്ത്രിക്കേണ്ടവർ തന്നെ നിയമം തെറ്റിച്ചാൽ പിന്നെ ആർക്ക് എന്ത് ചെയ്യാനാകും ? കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത നാട്ടിലാണ് കുറെ ഉദ്യോഗസ്ഥ പ്രമാണിമാരും രാഷ്ട്രീയ നേതാക്കളും സർക്കാർ ചെലവിൽ ചുറ്റിയടിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA GOVERNMENT, VEHICLE, EXTRAVAGANT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.