പത്തനംതിട്ട : ആറൻമുള നാൽക്കാലിക്കലിൽ ഒൻപത് വയസുകാരന് അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു. ആഴത്തിലുള്ള മുറിവുള്ളതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നാൽക്കാലിക്കൽ ചെക്കാട്ട് വീട്ടീൽ സുനിൽകുമാറിന്റെ മകൻ നിരഞ്ജനാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. രാവിലെ പേപ്പർ വാങ്ങാൻ കടയിലേക്ക് പോകാനിറങ്ങിയതായിരുന്നു നിരഞ്ജൻ. അയൽ വീട്ടിലെ വളർത്തുനായ തുടൽ പൊട്ടിച്ച് ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. താഴെ വീണ നിരഞ്ജന്റെ തലയിൽ നായ ആഴത്തിൽ കടിച്ചിട്ടുണ്ട്. രണ്ട് കൈയിലും കാലിലും മുറിവേറ്റിട്ടുണ്ട്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നായയെ നീരീക്ഷിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |