SignIn
Kerala Kaumudi Online
Friday, 29 March 2024 3.32 PM IST

അമേരിക്കയെയും റഷ്യയെയും പിന്തള്ളി,​ ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ ഇന്ത്യയ്‌ക്ക് സ്വന്തം

hybrid-1

തിരുവനന്തപുരം: ബഹിരാകാശ വൻശക്തികളായ അമേരിക്കയെയും റഷ്യയെയും പിന്തള്ളി, ലോകത്ത് ആദ്യമായി ബഹിരാകാശ വാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡൈസറും ഉപയോഗിക്കുന്ന സങ്കര സാങ്കേതിക വിദ്യ (ഹൈബ്രിഡ് മോട്ടോർ)​ ഇന്ത്യ സ്വന്തമാക്കി. പരിസ്ഥിതി സൗഹൃദ ഹരിത സാങ്കേതിക വിദ്യയാണിത്.

ഈ നേട്ടം ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയ്‌ക്ക് വൻ കുതിച്ചുചാട്ടം നൽകുമെന്ന് ശാസ്‌ത്രജ്ഞർ അറിയിച്ചു.

തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ വികസിപ്പിച്ച ഹൈബ്രിഡ് എൻജിന്റെ ഗ്രൗണ്ട് പരീക്ഷണം ഇന്നലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ സെന്ററിൽ പൂർത്തിയാക്കി. ഒരു സൗണ്ടിംഗ് റോക്കറ്റിന്റെ മോട്ടോറിലാണ് സങ്കേതം പരീക്ഷിച്ചത്. പതിനഞ്ച് സെക്കൻഡ് ജ്വലിപ്പിച്ച് 30കിലോന്യൂട്ടൺ തള്ളൽശക്തി കൈവരിച്ചു. ഇനിയും പരീക്ഷണങ്ങളുണ്ട്.

ബഹിരാകാശ യാനങ്ങൾ നിറുത്തിയും റീസ്റ്റാർട്ട് ചെയ്‌തും വേഗത കുറച്ചും കൂട്ടിയും ബ്രേക്ക് ചെയ്തുമെല്ലാം ഉപയോഗിക്കാൻ ഹൈബ്രിഡ് മോട്ടോറിന് കഴിയും. ഇതോടെ റോക്കറ്റുകൾ ആവർത്തിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യയിലേക്ക് ഐ. എസ്. ആർ. ഒ ഒരു ചുവടുകൂടി അടുത്തു.

സങ്കര ഇന്ധനം

ഹൈഡ്രോക്സിൽ ടെർമിനേറ്റഡ് പോളി ബ്യൂട്ടാഡിൻ ( HTPB ) എന്ന രാസവസ്തു അടിസ്ഥാനമാക്കിയുള്ള ഖര ഇന്ധനവും ഓക്സിഡൈസറായി ദ്രവ ഓക്സിജനുമാണ് ഉപയോഗിച്ചത്. (റോക്കറ്റ് എൻജിനുകളിൽ ഇന്ധനം ജ്വലിക്കാൻ ഓക്സിജൻ നൽകുന്നത് ഓക്സിഡൈസറാണ് )​

നിലവിൽ മൂന്ന് രീതി

ഖര ഇന്ധനവും ഖര ഒാക്സിഡൈസറും ( ഓക്സീകാരി )​

സാധാരണ താപനിലയിലുള്ള ദ്രവ ഇന്ധനവും ദ്രവ ഒാക്സിഡൈസറും

ഹൈഡ്രജൻ ഇന്ധനമായും ഓക്സിജൻ ഓക്സിഡൈസറായും ശീതീകരിച്ച് ദ്രവരൂപത്തിലാക്കി ജ്വലിപ്പിക്കുന്ന ക്രയോജനിക് എൻജിൻ

ഹൈബ്രിഡ് സങ്കേതം

ഖര ഇന്ധനവും ദ്രവ ഒാക്സിഡൈസറും

ക്രയോജനിക്കിലെ പോലെ മൈനസ് 183 ഡിഗ്രിയിൽ ശീതീകരിച്ച് ദ്രാവകമാക്കിയ ഓക്സിജൻ ( ലിക്വിഡ് ഓക്സിജൻ -LOX) ഹൈബ്രിഡിലും ഓക്സിഡൈസർ.

ദ്രവ ഒാക്സിഡൈസർ വാൽവിലൂടെ നിയന്ത്രിച്ച് കടത്തിവിട്ട് ഖരഇന്ധനം നിയന്ത്രിച്ച് ജ്വലിപ്പിക്കാം.

അടുത്ത ഘട്ടങ്ങൾ

ഹൈബ്രിഡ് മോട്ടോർ സൗണ്ടിംഗ് റോക്കറ്റിൽ ഘടിപ്പിച്ച് അന്തരീക്ഷത്തിലും ബഹിരാകാശത്തും ഭൂമിയിൽ തിരിച്ചിറക്കിയും പരീക്ഷിക്കും.

പിന്നീട് വിക്ഷേപണ റോക്കറ്റുകളിലും മറ്റ് പേടകങ്ങളിലും ഉപയോഗിക്കും.

നേട്ടങ്ങൾ

ഖരഇന്ധനത്തിന്റെ സ്ഫോടനസാദ്ധ്യത ഇല്ല

മനുഷ്യദൗത്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാം.

സ്പെയ്സ് സ്റ്റേഷൻ പദ്ധതികളിൽ പ്രയോജനം

ഖരഇന്ധനത്തിന്റെ രാസമാലിന്യം ഒഴിവാകും

ബഹിരാകാശ ദൗത്യങ്ങൾ പരിസ്ഥിതി സൗഹൃദമാകും

വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാം

വിക്ഷേപണ ചെലവ് വൻതോതിൽ കുറയ്ക്കാം

അന്യഗ്രഹ പര്യടനങ്ങൾക്കും ഗുണകരം

വിമാനം പോലെ ബഹിരാകാശ വാഹനങ്ങളെ ലാൻഡ് ചെയ്യിക്കാം

ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ പുതിയ ആശയമാണ്.ശാസ്ത്രജ്ഞരുടെ കൂട്ടായ വിജയമാണ്. ഭാവിയിൽ വളരെ പ്രയോജനങ്ങളുണ്ട്.

---എസ്.ഉണ്ണികൃഷ്ണൻനായർ

വി.എസ്.എസ്.സി.ഡയറക്ടർ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.