തിരുവനന്തപുരം: ഡ്യൂട്ടിയെ ചൊല്ലി ആര്യനാട് സ്റ്റേഷനിൽ പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ വാക്പോര് നടത്തിയ വനിതാ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സംഭവം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇന്ന് റൂറൽ എസ്.പിക്ക് സമർപ്പിക്കും.
അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും ആര്യനാട് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നതായാണ് സൂചന. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ടായിരുന്നു എസ്.ഐ എൽ. ഷീനയുടെ സാന്നിദ്ധ്യത്തിൽ പൊലീസുകാരായ ഗിരിജയും സരിതയും പോരടിച്ചത്.
ഇരുവരുടെയും വാക്കുതർക്കം ഉച്ചത്തിലായതോടെ പുറത്തുനിന്നെത്തിയ നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങൾ വൈറലാകുകയായിരുന്നു. സംഭവം വിവാദമായതോടെ സി.ഐ എസ്.എം. പ്രദീപ് കുമാർ വനിതാ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |