SignIn
Kerala Kaumudi Online
Thursday, 18 April 2024 9.38 AM IST

ഉന്മാദ ലഹരി..!

drug

ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന രാസലഹരിയുടെ ഉന്മാദത്തിൽ മുങ്ങുകയാണ് കേരളം. സിം​ബാ​ബ്‌വേയിലെ​ ​ ഹരാരെയിൽ നിന്ന് കൊണ്ടുവന്ന 158 കോടി വിലയുള്ള 23 കിലോഗ്രാം ഹെറോയിൻ തിരുവനന്തപുരത്ത് ബാലരാമപുരത്ത് പിടിയിലായത് കഴിഞ്ഞദിവസമാണ്. നിത്യേന ലഹരിമരുന്ന് പിടികൂടുന്ന സംഭവങ്ങൾ എല്ലാ ജില്ലകളിലുമുണ്ടാവുന്നു. രണ്ടുവർഷത്തിനിടെ 1000കോടിയുടെ മയക്കുമരുന്നാണ് കേരളത്തിൽ പിടികൂടിയത്. ഒറ്റുമ്പോൾ മാത്രമാണ് പിടികൂടുന്നതെന്നതിനാൽ യഥാർത്ഥ മയക്കുമരുന്ന് കടത്ത് ഇതിന്റെ പല ഇരട്ടിയുണ്ടാവും. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന സർക്കാരിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ലഹരിവ്യാപാരത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന ദുരവസ്ഥയിലേക്കു കൂപ്പുകുത്തുകയാണ് ദൈവത്തിന്റെ സ്വന്തം നാട്.

കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നിത്യേന കേരളത്തിലെത്തുന്നത്. നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല,​ എവിടെയും ഉന്മാദലഹരി സുലഭം. കഞ്ചാവിലും മയക്കുപൊടികളിലും ഒതുങ്ങുന്നതല്ല കേരളത്തിലെ ലഹരിവ്യാപാരം. ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവയെല്ലാം സുലഭം. 35ലക്ഷം അന്യസംസ്ഥാനക്കാരുള്ള കേരളത്തിൽ ആ വഴിക്കും ലഹരികടത്തുണ്ട്. ഭൂഖണ്ഡങ്ങൾകടന്ന് വമ്പൻ ലഹരിയെത്തുന്നത് കൂടുതലും കൊച്ചിയിലേക്കാണ്. ഏറ്റവുംവലിയ മൂന്നാമത്തെ ലഹരിവിപണിയാണ് കൊച്ചി. അമൃത്‌സറും മുംബയുമാണ് മുന്നിൽ. രാജസ്ഥാനിൽ മരുന്നിനായി സർക്കാർ ഉത്പാദിപ്പിക്കുന്ന 'ഓപിയം' കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ട് മൊത്തവ്യാപാരം നടത്തുന്നുണ്ട്. വിദേശത്തെ ലാബുകളിലുണ്ടാക്കുന്ന ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന ഗന്ധമില്ലാത്ത സിന്തറ്റിക് മയക്കുമരുന്ന് സ്റ്രിക്കറായി നാവിലൊട്ടിക്കാം, ക്രിസ്റ്റലായുമുണ്ട്. 12മണിക്കൂർ വരെ ലഹരിയുണ്ടാവും. അഫ്ഗാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തുന്നു.

കോളേജ് ഹോസ്റ്റലുകളിൽ ലഹരിപാർട്ടി നടത്തിയും ലഹരിയുപയോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചും കൂസലില്ലാതെ വിലസുകയാണ് ആൺ-പെൺ വ്യത്യാസമില്ലാതെ യുവതലമുറ. തൊടുപുഴയിൽ എം.ഡി.എം.എയുമായി പിടിയിലായ പെൺകുട്ടി അലറിവിളിക്കുന്നത് കേരളത്തെ കരയിച്ചു. നാവിൽ ഒട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റിക്കറുകളായും കഞ്ചാവ് പൊതികളായും കുത്തിവയ്ക്കാനുള്ള മരുന്നായുമൊക്കെ ലഹരി കോളേജുകളിലേക്ക് ഒഴുകുകയാണ്. നിയന്ത്രിക്കാനാവാതെ അദ്ധ്യാപകരും മാനേജ്മെന്റും പകച്ചുനിൽക്കുന്നു. കലാലയങ്ങൾക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർത്തും പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങൾ കുഴിച്ചുമൂടിയും സർക്കാരിന് അറുത്തുമാറ്റാവുന്നതല്ല ലഹരിമാഫിയയുടെ നീരാളിക്കൈകൾ. അതിശക്തമായ നിയമനടപടികളാണ് ആവശ്യം. സൗജന്യമായി ലഹരി നൽകി അടിമകളാക്കിയ വിദ്യാർത്ഥികൾ കോളേജിലേക്കുള്ള കാരിയർമാരും സഹപാഠികൾക്ക് ലഹരികച്ചവടം നടത്തുന്നവരുമാണ്. സർക്കാർ കോളേജുകളിൽ ലഹരിയുപയോഗത്തിന് യാതൊരു നിയന്ത്രണവുമില്ല. ലഹരിയുടെ ഉന്മാദത്തിൽ ഇവർ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുന്നതും ഇവരെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട്. എൻജിനീയറിംഗ്, മെഡിക്കൽ കോളേജുകളിലും ലഹരിമാഫിയ പിടിമുറുക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യകേന്ദ്രങ്ങൾ പോലുമുണ്ട്. ഒന്നരവർഷത്തിനിടെ, 21വയസിൽ താഴെയുള്ള 3933പേരെയാണ് ലഹരിവിമുക്ത കേന്ദ്രത്തിലയച്ചത്. ഇതിൽ 40ശതമാനവും 18വയസിൽ താഴെയുള്ളവരാണ്. ഇക്കൊല്ലം ആദ്യ ആറുമാസം 21വയസിൽ താഴെയുള്ളവർ പ്രതികളായ 389കേസുകളുണ്ട്.

നിലവിലെ കേന്ദ്രനിയമ പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും വിൽപ്പനക്കാർക്കും വ്യത്യസ്ത ശിക്ഷകളാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചാണ് ശിക്ഷ. മയക്കുമരുന്ന് വലിയ അളവിൽ വിപണനത്തിനുപയോഗിക്കുന്നവർക്ക് വധശിക്ഷ വരെ കിട്ടാം. പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിൽ മൂന്നുതരത്തിലാണ് ശിക്ഷയുടെ കാഠിന്യം. കഞ്ചാവ് ചെടി വളർത്തിയാൽ 10വർഷം കഠിനതടവും ഒരുലക്ഷം പിഴയും കിട്ടിയേക്കാം. എന്നാൽ ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്താൻ ഒരുവർഷം കഠിനതടവും പതിനായിരം രൂപ പിഴയുമേ ശിക്ഷയുള്ളൂ. പിടിക്കുന്നത് കൂടിയ അളവാണെങ്കിൽ 10വർഷം തടവുകിട്ടാം. വൻതോതിൽ കഞ്ചാവ് കൈവശം വച്ചാൽ 20വർഷം വരെ തടവും രണ്ടുലക്ഷം പിഴയും ശിക്ഷിക്കാനും വകുപ്പുണ്ട്.

നിലവിൽ ഏതെങ്കിലും ലഹരിമരുന്ന് ഉപയോഗിക്കുന്നത് എൻ.ഡി.പി.എസ് ആക്ടിന്റെ സെക്ഷൻ 27പ്രകാരം കുറ്റകരമാണ്. കൊക്കെയ്ൻ, മോർഫിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗത്തിന് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും കിട്ടാം. മറ്റേതെങ്കിലും മയക്കുമരുന്നുകളാണെങ്കിൽ ആറുമാസം തടവും പതിനായിരം പിഴയുമാണ് ശിക്ഷ. നിലവിൽ ഒരു കിലോ വരെ കൈവശം വയ്ക്കുന്നത് ചെറിയ അളവായും 20കിലോയോ അതിൽ കൂടുതലോ വാണിജ്യ അളവായുമാണ് കണക്കാക്കുന്നത്. ചരസ്, ഹാഷിഷ് തുടങ്ങിയവ100ഗ്രാം ചെറിയ അളവും ഒരു കിലോയിലേറെ വാണിജ്യ അളവുമായി പരിഗണിക്കുന്നു. ഇങ്ങനെ എല്ലാ മയക്കുമരുന്നുകളും ഈ പരിധി നിശ്ചയിച്ചിട്ടുണ്ട്. കുറ്റം ആവർത്തിച്ചാൽ പരമാവധി കാലാവധിയുടെ ഒന്നര ഇരട്ടിവരെ തടവുശിക്ഷ വിധിക്കാനും വകുപ്പുണ്ട്. വ്യാപാരം നടത്താതെ, നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവർക്ക് ജാമ്യം ലഭിക്കും. ജാമ്യം കിട്ടാതിരിക്കാൻ പിടിക്കപ്പെടുന്നവർ വിൽപ്പന ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസും എക്സൈസും കോടതിയിൽ പറയാറുണ്ട്.

അഞ്ചുഗ്രാം ഹെറോയിൻ കൈവശം വച്ചാൽ ഒരുവ‌ർഷം വരെ കഠിനതടവ് കിട്ടും. 250ഗ്രാം പിടിച്ചെടുത്താൽ 20വർഷം വരെ തടവുശിക്ഷയാവും. കൊക്കെയ്ൻ, ആംഫെറ്റാമിൻ, മെത്തഡോൺ എന്നിവ രണ്ടു ഗ്രാം കൈവശമുണ്ടെങ്കിലും ഒരുവ‌ർഷം ശിക്ഷ കിട്ടും. 50 ഗ്രാം ആംഫെറ്റാമിനും 100 ഗ്രാം കൊക്കൈയിനും കൈയിലുണ്ടെങ്കിൽ 10 മുതൽ 20 വർഷംവരെ കഠിനതടവും പിഴയും ലഭിക്കാം. കൊക്കെയ്ൻ രണ്ടു ഗ്രാമിനു മുകളിൽ കൈയിലുണ്ടെങ്കിൽ ശിക്ഷ കടുക്കും. മയക്കുമരുന്നിന് അടിമയായവർക്ക് പരിരക്ഷ നൽകാനും എൻ.ഡി.പി.എസ് ആക്ടിന്റെ സെക്ഷൻ 64എയിൽ വകുപ്പുണ്ട്. കോടതിക്കാണ് ഇതിന് അധികാരം. ചെറിയ അളവിൽ ലഹരിമരുന്നുമായി പിടിയിലായെങ്കിലേ ഈ പരിരക്ഷ കിട്ടൂ.

നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കഞ്ചാവ്, കറുപ്പ്, കൊക്ക- പോപ്പി ഇലകൾ കൊണ്ടുണ്ടാക്കുന്ന മയക്കുമരുന്നുകൾ എന്നിവയെല്ലാം ലഹരി പദാർത്ഥങ്ങളുടെ പട്ടികയിലാണ്. കൊക്കെയ്ൻ, മോർഫിൻ, കൊഡൈൻ, ഹെറോയിൻ, ഡയസെറ്റൈൽമോർഫിൻ, ഹാഷിഷ്, ചരസ്, ഹാഷിഷ് ഓയിൽ, കൊക്ക പേസ്റ്റ് എന്നിവയെല്ലാം പരിധിയിലുണ്ട്. സിന്തറ്റിക് ഡ്രഗുകളായ Amphetamines, ecstasy, diazepam, methaqualone, mandrax എന്നിവയും ലിസ്റ്റിലുണ്ട്. നാവിലൊട്ടിക്കുന്ന ഉന്മാദ ലഹരിയായ എൽ.എസ്.ഡിയും നിരോധിത പട്ടികയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.