SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

മക്കളേ...ജപ്തി അവസാന വാക്കല്ല

abhirami

'പപ്പാ മുത്തച്ഛനെ കാണാൻ ആളുകൾ വരുമ്പോൾ ഈ ബോർഡ് കാണില്ലേ, അത് ഇളക്കി മാറ്റുകയോ എന്തെങ്കിലും വെച്ച് മറക്കുകയോ ചെയ്യ് പപ്പാ '.....

'മോളെ അത് സർക്കാർ വെച്ചതല്ലേ നമ്മൾ സ്വന്തമായി ഇളക്കി മാറ്റുന്നത് ശരിയല്ല. ഞാൻ ബാങ്കിൽ പോയി സംസാരിച്ചിട്ട് എന്തെങ്കിലും ചെയ്യാം '
നിഷ്‌കളങ്കയായ ഒരു മകളുടെയും അച്ഛന്റെയും അവസാനത്തെ സംഭാഷണമായിരുന്നു ഇത്. ബാങ്കിൽ മാനേജരുമായി സംസാരിച്ചിരിക്കുമ്പോഴാണ് അച്ഛൻ മകളുടെ വിയോഗവാർത്തയറിഞ്ഞത്.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് പഞ്ചായത്തിൽ തൃക്കുന്നപ്പുഴ എന്ന സ്ഥലത്ത് കോളേജ് വിദ്യാർത്ഥിനിയായ അഭിരാമിയുടെ ആത്മഹത്യ മലയാളക്കരയുടെ ആകെ നൊമ്പരമായി. എസ്.എസ് .എൽ.സി ക്കും പ്ലസ്ടു വിനും ഫുൾ എ പ്ലസോടെ പരീക്ഷാവിജയം നേടിയ അഭിരാമി ചെങ്ങന്നൂർ ശ്രീ അയ്യപ്പാകോളേജിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു. അഭിരാമിയുടെ പിതാവ് അജി കേരള ബാങ്കിൽ നിന്നും വീട് വെച്ചതിനും മാതാപിതാക്കളുടെ ചികിത്സാ ചെലവിന്റെ ബാദ്ധ്യത തീർക്കാനുമായി പത്തുലക്ഷം രൂപ ലോണെടുത്ത വകയിൽ കുടിശ്ശിക ഉണ്ടായതിനെത്തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി നോട്ടീസ് (ബോർഡ് ) പതിച്ചത്.
വിവാഹം കഴിഞ്ഞ് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ് അഭിരാമി ജനിച്ചത്. ഈ മകൾക്ക് വേണ്ടിയാണ് ആ പിതാവ് മരുഭൂമിയിലും നാട്ടിലും കഷ്ടപ്പെട്ട് കൂലിവേല ചെയ്തതും.

കേരളത്തിൽ ഇത്തരത്തിലുള്ള നയപരമായ ഒരു വിഷയത്തിൽ തീരുമാനമെടുക്കണമെങ്കിൽ എന്തെങ്കിലുമൊരു അനിഷ്ട സംഭവം നടക്കണമെന്ന കീഴ്വഴക്കം നിലനിൽക്കുന്നു.

ജീവിതം ജീവിച്ച്

തീർക്കാനുള്ളതാണ്
കേരളത്തിൽ ഭൂരിഭാഗം കുടുംബങ്ങളും ബാങ്ക് വായ്പയോ മറ്റ് കടബാദ്ധ്യതകളോ ഉള്ളവരാണ്. സാമ്പത്തിക ബാദ്ധ്യതകൾ നമ്മുടെ ജീവിതത്തിന് വിരാമം കുറിക്കേണ്ടതല്ലെന്ന ചിന്താഗതി കുട്ടികളിൽ വളർത്തിയെടുക്കണം.

അഭിരാമിയെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും ആശുപത്രി കേസുകളും അലട്ടിയിട്ടുണ്ടാകാം. ഒറ്റകുട്ടിയായി വളർന്ന ആ കുഞ്ഞിന് ഇതൊന്നും താങ്ങാനുള്ള കരുത്ത് ഇല്ലായിരുന്നിരിക്കാം. പ്രതിസന്ധികളെ മറികടക്കാനുള്ള പോംവഴികളെക്കുറിച്ചുള്ള അജ്ഞതയും അഭിമാനക്ഷതവും ഇവിടെ വില്ലനായിട്ടുണ്ടാകാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുട്ടികളെ കരുത്തോടെ വളർത്തുക മാത്രമാണ് പോംവഴി. വീട്ടിലെ ജീവിതപ്രയാസങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവയ്‌ക്കുന്നത് നല്ലതല്ല.

വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്ന പല രക്ഷിതാക്കളും അവിടെ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും സ്വന്തം മാതാപിതാക്കളോടോ മക്കളോടോ എന്തിനേറെ പങ്കാളിയോട് പോലും പറയാറില്ല. മാതാപിതാക്കളുടെ ജോലിസ്ഥലത്തെ പ്രയാസങ്ങളും വിഷമങ്ങളും മക്കളുമായി പങ്കുവെയ്ക്കണം. കുടുംബത്തിന്റെ ആകെ വരുമാനവും ചെലവും ആ വീട്ടിലെ എല്ലാവരും അറിഞ്ഞിരിക്കണം. ഒപ്പം പ്രതിസന്ധിവന്നാൽ അതെങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് കുട്ടികളുടെ സാന്നിദ്ധ്യത്തിൽത്തന്നെ ചർച്ച ചെയ്യണം. അതിലൂടെ അവർ തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരും ആത്മവിശ്വാസമുള്ളവരും ധൈര്യശാലികളുമായി വളരട്ടെ.
എൽ . സുഗതൻ
വിദ്യാഭ്യാസ

ബാലവകാശ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABHIRAMI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.