SignIn
Kerala Kaumudi Online
Friday, 19 April 2024 11.20 PM IST

മിർക്കയുടെ പ്രണയനായകൻ

federer-mirka

ചെറുതും വലുതുമായി 103 കിരീടങ്ങൾ, അതിൽ 20 ഗ്രാൻസ്ളാമുകൾ, ഒളിമ്പിക്സിൽ സ്വർണവും വെള്ളിയും,ഡേവിസ് കപ്പിലും ഹോപ്മാൻ കപ്പിലും രാജ്യത്തിനായി കിരീടനേട്ടങ്ങൾ,310ആഴ്ചകൾ (അതിൽ 237ആഴ്ചകൾ തുടർച്ചയായി ) ലോക റാങ്കിലെ ഒന്നാം സ്ഥാനം...എണ്ണിയാലൊടുങ്ങാത്ത ഈ നേട്ടങ്ങളിലേക്ക് റോജർ ഫെഡററെ കൈപിടിച്ചുനടത്തിയ ഒരാളുണ്ട്. അയാളുടെ പ്രണയിനി; മിറോസ്ളാവയെന്ന മിർക്ക ഫെഡറർ. ഒരർത്ഥത്തിൽ മിർക്കയുടെ സമർപ്പണമാണ് ഇന്നുകാണുന്ന ഫെഡറർ.

പ്രതിഭയിലും പെരുമാറ്റത്തിലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറോടാണ് ഫെഡററെ സാദൃശ്യപ്പെടുത്താവുന്നത്. ഫെഡററുടെ കടുത്ത ആരാധകൻ കൂടിയാണ് സച്ചിൻ. ഫെഡറർ തിരിച്ചും. അതിലുപരി ഇരുവരെയും ഒരുമിപ്പിക്കുന്ന മറ്റൊരു ഘടകം,തങ്ങളേക്കാൾ പ്രായമുള്ള ജീവിതപങ്കാളികളെയാണ് കണ്ടെത്തിയതെന്നതാണ്. രണ്ടുപേരുടെയും പ്രൊഫഷണൽ ജീവിതത്തിന്റെ കുടുംബജീവിതത്തിന്റെയും കെട്ടുറപ്പ് ഈ പങ്കാളികളിലൂടെയാണെന്നതും ശ്രദ്ധേയം.

ഫെഡററേക്കാൾ മുമ്പ് റാക്കറ്റേന്തിയവളാണ് മിർക്ക.പ്രൊഫഷണൽ റാങ്കിംഗിലും ആദ്യമായി ഇടംപിടിച്ചത് മിർക്കയാണ്. ആരെയും മയക്കുന്ന പുഞ്ചിരിയുമായി പൊടിമീശക്കാരൻ ഫെഡറർ 1999ൽ പ്രൊഫഷണൽ സർക്യൂട്ടിലേക്ക് കടന്നുവരുമ്പോൾ മിർക്ക സ്വിസ് ടെന്നിസിലെ മിന്നും താരമാണ്.2000 സിഡ്നി ഒളിമ്പിക്സിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 22കാരിയായ മിർക്കയും 18കാരനായ റോജറും മിക്സഡ് ഡബിൾസിൽ ഒരു ടീമായിരുന്നു. ഗെയിംസ് വില്ലേജിലെ താമസം അനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. സ്വതവേ നാണക്കാരനായ താൻ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് ആദ്യമായി മിർക്കയെ ചുംബിച്ചതെന്ന് ഫെഡറർ പിന്നീട് പറഞ്ഞിട്ടുണ്ട്. പ്രായത്തിൽ കുറവായിരുന്ന തന്നെ ആദ്യമൊരു കുട്ടിയായാണ് മിർക്ക കണ്ടതെന്നും രണ്ടാഴ്ചത്തെ ഒളിമ്പിക്സ് ജീവിതം പ്രണയത്തിന്റെ വാതായനങ്ങൾ തുറന്നതോടെ പ്രായവ്യത്യാസം അലിഞ്ഞില്ലാതായെന്നും ഫെഡറർ പറഞ്ഞിട്ടുണ്ട്.

മിർക്കയുടെ പ്രണയത്തിന്റെ തീവ്രതയാണ് ഫെഡററുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ടത്. ഫെഡറർക്ക് വേണ്ടി തന്റെ കരിയർ മിർക്ക വേണ്ടെന്നുവച്ചു. പ്രണയിനിക്കൊപ്പം കളിക്കളത്തിലെ ഉപദേശകയും പബ്ളിക് റിലേഷൻസ് മാനേജരും ജീവകാരുണ്യപ്രവർത്തനങ്ങളിലെ പങ്കാളിയുമായി. ലോകംചുറ്റിയുള്ള പടയോട്ടങ്ങളിൽ നിഴലുപോലെ ഫെഡറർക്ക് ഒപ്പം മിർക്കയുണ്ടായിരുന്നു. വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ ഒപ്പംനിന്നു.ഒൻപത് വർഷത്തോളം നീണ്ട പ്രണയത്തിനാെടുവിൽ 2009ൽ ഇരുവരും വിവാഹിതരായി.ആ വർഷംതന്നെ മിർക്ക ഇരട്ടപെൺകൊടികൾക്ക് ജന്മം നൽകി. മൈല റോസും ചാർലിൻ റിവയും. 2014ൽ വീണ്ടുംഇരട്ടക്കുട്ടികളെ നൽകി ദൈവം ഇരുവരെയും അനുഗ്രഹിച്ചു.ഇത്തവണ ആൺകുരുന്നുകളായിരുന്നു,ലിയോയും ലെന്നിയും.

ഗാലറികളിലെ ഫെഡററുടെ ഫാമിലി ബോക്സും ആരാധകർക്ക് വിരുന്നായിരുന്നു. പ്രിയതമന് പ്രോത്സാഹനവുമായി നാലുകുരുന്നുകൾക്കൊപ്പം മിർക്ക സഞ്ചരിച്ചുകൊണ്ടേയിരുന്നു. തളർത്താനെത്തിയ പ്രായത്തിനും പരിക്കിനും മുന്നിൽ പതറാതെനിന്നത് മിർക്കയുടെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് ഫെഡറർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FEDERER MIRKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.