ഭൂമിയിലെ വലിയ ജീവികളിലൊന്നാണ് കാണ്ടാമൃഗങ്ങൾ. ഇവ വംശനാശഭീഷണി നേരിടുകയാണ്. ഗ്രീക്ക് ഭാഷയിൽ റൈനോ എന്നാൽ മൂക്ക്, സിറസ് എന്നാൽ കൊമ്പ് എന്നാണ് അർത്ഥം. മൂക്കിൽ കൊമ്പുള്ള ജീവി എന്ന അർത്ഥത്തിലാണ് റൈനോസിറസ് എന്ന് ഇവയെ പറയുന്നത്. അഞ്ചിനം കാണ്ടാമൃഗങ്ങളാണ് ലോകത്തുള്ളത്. സുമാത്ര, ജാവ, ഇന്ത്യ എന്നിവിടങ്ങളിൽ കാണുന്നതിനൊപ്പം കറുപ്പ്, വെളുപ്പ് നിറത്തിലുള്ളവയും കൂടി ചേരുമ്പോൾ അഞ്ചിനങ്ങളാകും. ഇന്ത്യൻ കാണ്ടാമൃഗങ്ങൾ ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലുണ്ട്. പുല്ലും ഇലകളുമൊക്കെയാണ് ഭക്ഷണം.
ധൈര്യത്തോടെ
പോരാടും
ഇവ പൊതുവേ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണെന്ന് പറയാം. അമ്മയും കുട്ടിയുമുൾപ്പെട്ട വെള്ള കാണ്ടാമൃഗങ്ങളെ അപൂർവമായി കൂട്ടത്തോടെ കാണാറുണ്ട്. ഒരു സമയം ഒരൊറ്റ കുഞ്ഞിനെ മാത്രമേ പ്രസവിക്കൂ. ഗർഭകാലം 16 മാസമാണ്. കാണുമ്പോൾ പേടി തോന്നുമെന്നതിനാൽ മറ്റു വലിയ മൃഗങ്ങളൊന്നും ആക്രമിക്കാൻ വരില്ല. എന്നാൽ ആരെങ്കിലു ം കടന്നാക്രമിക്കാൻ വന്നാൽ ധൈര്യത്തോടെ ഇവ പോരാടും.
ദിനം വന്നത്
90കളുടെ തുടക്കത്തിൽ തന്നെ ആഫ്രിക്കൻ കാണ്ടാമൃഗത്തിന്റെ വംശനാശഭീഷണി ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എങ്കിലും അതിനായി എന്തു ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത വന്നത് 2010 ലാണ്. ആ വർഷം സെപ്തംബർ 22 ന് ദക്ഷിണാഫ്രിക്കയിൽ കാണ്ടാമൃഗദിനം സമുചിതമായി ആചരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ലോകം കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ഈ ദിനം ഏറ്റെടുത്തു. കൂടുതലും ബോധവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പുകളെ തേടി മനുഷ്യരുടെ പ്രയാണം തുടങ്ങിയപ്പോഴാണ് അവയുടെ ജീവന് ഭീഷണി ഉയർന്നത്. കൊമ്പുകൾക്ക് ചികിത്സാഗുണമുണ്ടെന്ന വിശ്വാസമാണ് ആപത്തായത്. ലോകത്തിലെ വ്യത്യസ്തമായ അഞ്ചുതരം കാണ്ടാമൃഗങ്ങളും ഇന്ന് വംശനാശത്തിലെത്തി നിൽക്കുന്നു.
ഭീഷണി ഇങ്ങനെ
നേരത്തെ യൂറേഷ്യയിലും ആഫ്രിക്കയിലും കാണ്ടാമൃഗങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാലിന്ന് ആ സ്ഥിതി മാറി. ഏഷ്യയിലും ഇവ വംശനാശഭീഷണിയിലാണ്. കാണ്ടാമൃഗങ്ങളെ നിലനിറുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഇന്ത്യയിൽ ഇവയുടെ എണ്ണം പതുക്കെ കൂടുന്നുണ്ട്. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങൾ ഇവർക്ക് കേൾക്കാം. രാത്രിയിലാണ് മിക്കപ്പോഴും സഞ്ചാരം.ശരീരതാപനില കുറയ്ക്കാൻ ചെളിയിൽ കിടക്കും. ശത്രുവിനെ തിരിച്ചറിയുന്നത് മണത്തിലൂടെയാണ്. ദേഷ്യം വന്നാൽ അപകടകാരിയാണ്. ചീറിപ്പാഞ്ഞു വന്ന് തല കൊണ്ട് ശക്തമായി ഇടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |