SignIn
Kerala Kaumudi Online
Thursday, 25 April 2024 12.25 AM IST

ആനവണ്ടിക്കറിയാം അതിന്റെ വലിപ്പം

ss

ഗുരുവായൂർ കേശവനെയും തെച്ചിക്കോട്ട് രാമചന്ദ്രനെയും പാമ്പാടി രാജനെയും സ്നേഹിക്കുന്ന ആളുകളാണ് നമ്മുടെ കെ.എസ്.ആർ.ടി.സി വണ്ടികളെയും സ്നേഹിക്കുന്നത്. ആനവണ്ടി എന്ന് സ്നേഹിക്കുന്നവരെല്ലാം വിളിക്കുന്നത് അതുകൊണ്ടാണ്. അവരെല്ലാം ആനപ്രേമികളാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന പക്ഷത്തോട് ദ്രോണർക്ക് യോജിപ്പില്ലെന്ന് പറയാൻ കാരണം ആനവണ്ടിയെ നോക്കിയും കണ്ടും ആർജ്ജിച്ചെടുത്ത അനുഭവം കൊണ്ടാണ്. ആനവണ്ടിക്ക് ആ വലിപ്പത്തെപ്പറ്റി നൂറ്റുക്ക് നൂറ് ശതമാനവും അറിയാം.

ഗുരുവായൂർ കേശവനോടോ തെച്ചിക്കോട്ട് രാമചന്ദ്രനോടോ പാമ്പാടി രാജനോടോ ദ്രോണർക്ക് അടുത്തിടപഴകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് അവരുടെ കാര്യം വിടുന്നു. എന്നാൽ ആനവണ്ടിയോട് പലപ്പോഴും മല്ലിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് ആനവണ്ടിയുടെ വലിപ്പം ആനവണ്ടിക്കെന്നത് പോലെ ദ്രോണർക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ദ്രോണരും ഒരാനവണ്ടി പ്രേമിയാകുന്നു.

നെറ്റിപ്പട്ടം കെട്ടിയിട്ടല്ല എഴുന്നെള്ളാറ് എന്ന വ്യത്യാസം ഒഴിച്ചുനിറുത്തിയാൽ ആനവണ്ടിയും ഗജരാജന്മാരും തമ്മിൽ കാര്യമായ വ്യത്യാസം ഒറ്റനോട്ടത്തിലില്ലെന്നാണ് എല്ലാവരും പറയുന്നത്. കെ.എസ്.ആർ.ടി.സി വണ്ടിയുടെ പുതിയ ഇനമായ സ്വിഫ്റ്റ് വണ്ടിക്ക് നെറ്റിപ്പട്ടമൊക്കെ ഉണ്ട്. അതുകൊണ്ട് ആ വണ്ടിയെ ഗജരാജൻ എന്ന് പേരിട്ടിട്ടാണ് വിളിക്കുന്നത്. ഗജരാജൻ തുടക്കത്തിൽ മെരുങ്ങാൻ അല്പം സമയമെടുത്തതായി കേട്ടിരുന്നു. അല്ലറചില്ലറ ഉരസലും ഇടിക്കലും ഒക്കെയായിട്ട്. അങ്ങനെ ഗജരാജൻ റോഡിലിറങ്ങിയാൽ ആളുകൾ പേടിച്ച് പോകുന്ന അവസ്ഥ ഇന്നിപ്പോൾ ഏതാണ്ടൊക്കെ മാറി. ഗജരാജൻ അത്രയ്ക്കത്രയ്ക്കേ ഉള്ളൂ. വലിയ പുലിയായി കാണേണ്ടതില്ല. നെറ്റിപ്പട്ടം കെട്ടാത്ത ആനവണ്ടിയുടെ കാര്യത്തിൽ പക്ഷേ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. അവന്റെ കണ്ണുകളിൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണുന്നവരുണ്ട്. അവന് എപ്പോഴാണ് മദമിളകുക എന്ന് പ്രവചിക്കാനാവില്ല. പാപ്പാന്മാരുടെ കാര്യം അതിലും ഭീതിജനകമാണ്. ആനവണ്ടിയിൽ കാണുന്ന മദപ്പാടിന്റെ ലക്ഷണങ്ങളെല്ലാം അവയുടെ പാപ്പാന്മാരിലും കാണപ്പെടുന്നു. സാധാരണ ആനയിൽ നിന്ന് ആനവണ്ടിയെ വേറിട്ട് നിറുത്തുന്നത് ഇതാണെന്ന് പ്രശസ്തരായ ഗജചികിത്സകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആനവണ്ടിയെയും അതിന്റെ പാപ്പാന്മാരെയും ഒരുമിച്ച് തളയ്ക്കുകയെന്ന വളരെ ബുദ്ധിമുട്ടേറിയ വഴികളിലൂടെ നാട്ടുകാരിൽ പലർക്കും സഞ്ചരിക്കേണ്ടി വരുന്നു എന്നതാണ് അതിന്റെ പരിണിതഫലം. എന്നാൽ ആനവണ്ടിയെയും അതിന്റെ പാപ്പാന്മാരെയും ഈ പറയുന്ന നാട്ടുകാർ വല്ലാതെ തെറ്റിദ്ധരിച്ച് പോയതാണെന്ന് ഈ ആക്ഷേപങ്ങൾക്ക് മറുവാദവുമുണ്ട്. ആനവണ്ടിയും പാപ്പാന്മാരും ശരിക്കും ശുദ്ധാത്മാക്കൾ മാത്രമാണ്. ശാസ്ത്രീയ സോഷ്യലിസം ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടരാണ് ഈ പാപ്പാന്മാർ. ആനവണ്ടിയെ ഒരിടത്ത് ചങ്ങലയ്ക്കിട്ട് നിറുത്തിക്കഴിഞ്ഞാൽ പാപ്പാന്മാർ ചെയ്യുന്നത് സോഷ്യലിസം ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിയെടുക്കാനുള്ള പരീക്ഷണത്തിൽ ഏർപ്പെടുകയാണ്.

എല്ലാവരും സമന്മാരാകണം. എല്ലാവർക്കും ഒരുപോലെയായിരിക്കണം ഓണം. എല്ലാവർക്കും ഒരുപോലെയാവണം പെരുന്നാൾ. ആർക്കും ഒരു പരാതിക്കും ഇട വരുത്താതിരിക്കാനുള്ള അങ്ങേയറ്റത്തെ ജാഗ്രത വച്ചുപുലർത്തണം. പാപ്പാന്മാർക്ക് ഇരിക്കാനോ കിടക്കാനോ ഇടമില്ലെങ്കിൽ കണ്ടക്കോരൻമുക്കിലെയോ കപ്പലണ്ടി മുക്കിലെയോ സാദാ ലോക്കൽസും ഇരിക്കുകയോ കിടക്കുകയോ ചെയ്യാൻ പാടില്ല. പാപ്പാന്മാർക്ക് ഭക്ഷണമില്ലെങ്കിൽ മറ്റവരും പട്ടിണി കിടക്കാനുള്ള ത്യാഗത്തിന് തയാറാവണം. ചില പാപ്പാന്മാർ ആനവണ്ടിയെ ഓടിച്ച് കൊണ്ടുപോയി നടുറോഡിൽ സകലരെയും കുരുക്കിലാക്കിക്കൊണ്ട് നിറുത്തിയിടുന്ന പരിപാടിയുണ്ട്. കെ.എസ്.ആർ.ടി.സിയിലേക്ക് ചാടിയിറങ്ങിപ്പോയ ഞങ്ങളോ കുരുക്കിലായിപ്പോയി. അതുകൊണ്ട് ഇനിയീ റോഡിലെ എല്ലാവരും കുരുക്കിൽ കിടക്കട്ടെ എന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് അന്നേരം പാപ്പാന്മാർ ഉയർത്തിപ്പിടിക്കാറുള്ളത്. കുറേയാളുകളൊക്കെ ചിലപ്പോൾ ചീത്തവിളിച്ചു എന്ന് വരും. അതവരുടെ ജോലി. നമ്മൾ സോഷ്യലിസം നടപ്പാക്കുന്നതിൽ വ്യാപൃതരാവുക. മറ്റൊന്നും നോക്കേണ്ടതില്ല.

തിരുവനന്തപുരത്തെ കാട്ടാക്കടയിൽ നടന്നതും ഏതാണ്ട് ഇതുതന്നെയാണ്. ശാസ്ത്രീയ സോഷ്യലിസത്തിനുള്ള കർമ്മപദ്ധതിയാണ് അവിടെ നടപ്പാക്കിയത്. നമ്മൾക്കോ ജീവിതത്തിൽ കൺസഷൻ കിട്ടുന്നില്ല. അതുകൊണ്ട് മറ്റുള്ളവരും കൺസഷൻ കിട്ടാതെ ജീവിക്കണം. പ്രേമനൻ എന്നയാൾക്കോ അയാളുടെ മകൾക്കോ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ അല്പം സമയമെടുക്കേണ്ടിവന്നു. കാര്യങ്ങൾ മനസ്സിലാകാത്തവർക്ക് ഡെമോൺസ്ട്രേഷൻ വഴി മാത്രമല്ല, ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ സ്വീകരിച്ചും മനസ്സിലാക്കിക്കൊടുക്കുന്ന ഏർപ്പാട് പാപ്പാന്മാർക്ക് അറിയാം. അതാണ് കാട്ടാക്കടയിൽ കണ്ടത്. അതൊരു ചെറിയ പാഠം മാത്രമായിരുന്നു. അതിലും വലുത് ഇനിയുമെത്ര വരാനിരിക്കുന്നു എന്നാണ് ഈ കുറ്റം പറയുന്ന ആളുകളോട് പറയാനുള്ളത്. വെറുതെയല്ല കെ.എസ്.ആർ.ടി.സി നന്നാവാത്തത് എന്ന് പ്രേമനൻ പറഞ്ഞത് അദ്ദേഹത്തിന്റെ അറിവില്ലായ്മയായി കണ്ടുകൊണ്ട് മാത്രം നേരിട്ട് പഠിപ്പിക്കലിലേക്ക് കടന്നതാണ്. അദ്ദേഹം ഇപ്പോൾ പഠിച്ചു.

കെ.എസ്.ആർ.ടി.സിയിൽ ഇത്തരം കലാപരിപാടികൾ അനുസ്യൂതം നടക്കേണ്ടത് നാടും കാലവും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് വർദ്ധിതവീര്യത്തോടെ തുടരുക എന്നാണ് ദ്രോണർക്ക് അഭ്യർത്ഥിക്കാനുള്ളത്. എല്ലാവരും ഒന്നുപോലെയാവണമെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് നമ്മളെപ്പോലെയാവുന്നതാണ് (കെ.എസ്.ആർ.ടി.സി) എല്ലാവർക്കും നല്ലത്. പിന്നെ കച്ചറയില്ലല്ലോ.

......................................................

- ന.മോ.ജി നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾക്കൊപ്പം പാടുകയും നൃത്തം വയ്ക്കുകയും ചെയ്തെന്നാണ് പറയുന്നത്. പല ക്ഷുദ്രജീവികളെയും കൈവെള്ളയിലിട്ട് കൈകാര്യം ചെയ്യുന്നയാളാണ് ന.മോ.ജി. ആ കൈകൾക്ക് മുന്നിൽ ചീറ്റയൊക്കെ തുലോം നിസ്സാരമാണ്. വംശനാശം വന്നുപോയ ജീവികളെയെല്ലാം തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ന.മോ.ജിയുടെ ഈയിടയ്ക്കായുള്ള സഞ്ചാരം. അതുകൊണ്ട് നമീബിയയിൽ നിന്ന് കുറേ ചീറ്റകളെ കൊണ്ടുവന്നതാണ്. ചീറ്റകൾക്കൊപ്പം സല്ലപിക്കുന്ന ന.മോ.ജി നാട്ടിലെ പാവപ്പെട്ടവനെ മറന്ന് പോകുന്നെന്ന് രാഹുൽജി പറയുന്നത് അസൂയകൊണ്ടാണ്. ഇനിയിപ്പോൾ രാഹുൽജിയുടെ പാർട്ടിക്ക് വംശനാശം വന്നുപെട്ടാൽ പോലും ന.മോ.ജി ആ പാർട്ടിയെ ഏത് ബാലികേറാമലയിൽ ചെന്നിട്ടായാലും ഇറക്കുമതി ചെയ്ത് എത്തിക്കുമെന്നുറപ്പാണ്. ന.മോ.ജിയുടെ നെഞ്ചിന്റെ ആ 56 ഇഞ്ച് അളവ് ആ വിശാലഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്. ചീറ്റകൾക്ക് പോലും ആ ഹൃദയം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി . രാഹുൽജി അതുകൊണ്ട് അല്പം കൂടി വിശാലമായി ചിന്തിച്ച് കാര്യങ്ങൾ പറയണം.

ഇ-മെയിൽ:dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANA VANDI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.