SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.16 PM IST

കോടതികളിൽ കുമിയുന്ന ലിവിംഗ് ടുഗതർ കേസുകൾ

living-together

വിവാഹമോചന കേസുകളിൽ പരമോന്നത നീതിപീഠത്തിൽ നിന്നുള്ള സുപ്രധാന വിധികൾ ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. ലിവിംഗ് ടുഗതറുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലേക്ക് ഗണ്യമായി എത്തുന്നതാണ് പുതിയ ചർച്ചാവിഷയം. പുതിയ യുഗത്തിൽ, പുതിയ തലമുറ, മാറ്റങ്ങൾക്ക് പിന്നാലെ പായുമ്പോൾ സമൂഹത്തിലുളവാക്കുന്ന ചലനങ്ങൾ ചെറുതല്ല.

ബാദ്ധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതുതലമുറ വിവാഹത്തെ കാണുന്നുവെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗതർ ബന്ധങ്ങൾ കൂടുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം ഈ അവസരത്തിൽ പ്രസക്തമാണ്. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്‌ക്ക് നല്ലതല്ല. മൂന്ന് പെൺകുട്ടികളുടെ അച്‌ഛനായ ആലപ്പുഴ സ്വദേശിയുടെ വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണവും ആശങ്കകളും.

വിവാഹബന്ധങ്ങൾക്ക് വലിയവില നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. ഇന്ന് അതൊക്കെ മാറിമറിയുകയാണ്. കുട്ടികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെ ദമ്പതികൾ വിവാഹബന്ധങ്ങൾ അവസാനിപ്പിക്കുന്നത് വർദ്ധിക്കുന്നു. ഉപഭോക്തൃസംസ്‌‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചിരിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം നിലവിലെ സാമൂഹിക ജീവിതത്തിന്റെ നേർകാഴ്ചയാണ്.

എപ്പോൾ വേണമെങ്കിലും ഗുഡ്ബൈ പറയാവുന്ന ബന്ധങ്ങൾ കൂടുന്നുവെന്ന നിരീക്ഷണത്തോടെയാണ് ആലപ്പുഴ സ്വദേശിയുടെ ഹർജി ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തള്ളിയത്. ഭാര്യയിൽനിന്നുള്ള പീഡനം കാരണം വിവാഹമോചനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാൽ, പരസ്‌ത്രീ ബന്ധം മൂലമാണ് തന്നെയും കുട്ടികളെയും ഉപേക്ഷിക്കുന്നതെന്നായിരുന്നു യുവതിയുടെ ആരോപണം. ഭർത്താവിനൊപ്പം ജീവിക്കാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. ഭാര്യയിൽ നിന്നുള്ള പീഡനം തെളിയിക്കാൻ യുവാവിന് സാധിച്ചതുമില്ല. ഭർതൃമാതാവും യുവതിക്ക് അനുകൂലമായ നിലപാടെടുത്തതോടെ യുവാവിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. സമാന സംഭവങ്ങൾ ദിവസേന അരങ്ങേറുമ്പോൾ മാറുന്ന സമൂഹത്തിൽ ഉടലെടുക്കുന്ന ഗുരുതര വിഷയങ്ങളാണ് ചർച്ചചെയ്യപ്പടേണ്ടത്. നിസാരമായി കൈകാര്യം ചെയ്യാവുന്നതല്ല ഈ വിഷയങ്ങൾ. ചിന്താഗതിയിൽ കാതലായ മാറ്റങ്ങളാണ് വരേണ്ടത്.

ഉപഭോക്തൃ സംസ്‌കാരവും കുടുംബബന്ധങ്ങളും തമ്മിലുള്ള അന്തർധാരയെ അടിസ്ഥാനമാക്കിയുള്ള കേരള ഹൈക്കോടതിയുടെ വിധി വലിയ ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്. ജീവിതം ആസ്വദിക്കുന്നതിന് തടസമാകുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് തുറന്നടിക്കുന്നതാണ് വിധിന്യായം. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളർച്ച മുരടിപ്പിക്കുകയും ചെയ്യും. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി' - എന്നിങ്ങനെ പോകുന്നു ഉത്തരവിലെ പരാമർശങ്ങൾ.

ലിവിംഗ് ടുഗതർ അംഗീകരിച്ച കോടതി തന്നെയാണ് അതിനെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഒരു വശത്തു വിവാഹബന്ധത്തെ 'യൂസ് ആൻഡ് ത്രോ' ആയി കോടതി വിശേഷിപ്പിക്കുമ്പോൾ തന്നെ ഏതാനും ആഴ്ചകൾക്കു മുമ്പ് മറ്റൊരു കോടതി പറഞ്ഞതും ശ്രദ്ധിക്കണം. 'ഭാര്യയെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യുന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി നിർവചിക്കാം' എന്നതായിരുന്നു നിരീക്ഷണം.

ലിവിംഗ് ടുഗതർ ബന്ധങ്ങൾ ലൈംഗികാതിക്രമങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നതായി മദ്ധ്യപ്രദേശ് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മാന്യമായ ജീവിതം നയിക്കാനും സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി ഇത്തരം ബന്ധങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് രാജസ്‌ഥാൻ മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു. സർക്കാരുകളും കോടതികളും പ്രായപൂർത്തിയായവർക്ക് ലൈംഗിക ബന്ധങ്ങളിൽ സ്വാതന്ത്ര്യം നൽകിയതോ‌ടെയാണ് രാജ്യത്ത് ലിവിംഗ് ടുഗതർ ബന്ധങ്ങൾ വർദ്ധിച്ചത്. ഇത് ഗുരുതരമായ സാമൂഹിക, ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ലിവ് ഇൻ ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കോടതിക്ക് മേൽ സമ്മർദ്ദമുണ്ടാകുകയാണെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ഇൻഡോർ ബെഞ്ചിലെ ജഡ്ജി ജസ്‌റ്റിസ് സബോധ് അഭയങ്കാർ തുറന്നു പറഞ്ഞിരുന്നു. പങ്കാളി പീഡിപ്പിച്ചെന്ന യുവതിയുടെ ഹർജിയിലായിരുന്നു ജഡ്ജിയുടെ കമന്റ്.

2013 നവംബറിൽ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇത്തരം ബന്ധങ്ങൾക്ക് ആദ്യമായി അനുമതി നൽകിയത്. വിവാഹിതരാകാതെ സ്ത്രീപുരുഷന്മാർ ഒന്നിച്ചു താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് അഭിപ്രായപ്പെട്ട പരമോന്നതകോടതി അത്തരം ബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്കും ജനിക്കുന്ന കുട്ടികൾക്കും വേണ്ടി പാർലമെന്റ് നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹം കഴിക്കാതെ 18 വർഷം ഒന്നിച്ച് താമസിച്ച പുരുഷൻ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കർണാടക സ്വദേശിനി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. 2018 മെയിൽ മറ്റൊരു കേസിൽ ജസ്റ്റിസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീം കോടതിബെഞ്ച് ഈ നിലപാട് ആവർത്തിക്കുകയും ചെയ്തു. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇത്തരം ബന്ധങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.

സ്ത്രീ - പുരുഷ ബന്ധങ്ങൾ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യന്ത്യാപേക്ഷിതമാണ്. ലൈംഗിക താത്പര്യങ്ങൾക്കപ്പുറം ഇണയുടെ താത്പര്യങ്ങളും സംരക്ഷിച്ച് കുട്ടികളുടെ സംരക്ഷണ ചുമതലയും ഏറ്റെടുക്കുമ്പോഴെ ബന്ധങ്ങൾക്ക് പവിത്രതയും കെട്ടുറപ്പുമുണ്ടാകുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIVING TOGETHER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.