ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഉപ്പ്. ആഹാരത്തിൽ രുചിക്ക് മാത്രമായി ചേർക്കുന്ന ഒന്ന് മാത്രമല്ലിത്. മറ്റ് പല ഉപയോഗങ്ങളും ഇവയ്ക്കുണ്ട്. യഥാർത്ഥ ഔഷധ ഗുണങ്ങളാണ് ഉപ്പിനുള്ളതെന്ന് പലർക്കും അറിയില്ല. പല്ലു വൃത്തിയാക്കാനും ശരീരഭാഗങ്ങളിലെ ചതവിനും വരെ ഉപ്പ് ഉപയോഗിക്കാവുന്നതാണ്.
തേനീച്ചയുടെ കുത്തേറ്റാൽ
തേനീച്ചയുടെയോ മറ്റ് പ്രാണികളുടെയോ കുത്തേറ്റാൽ അവിടെ ഉപ്പ് തിരുമ്മിയാൽ വേദനയ്ക്ക് ശമനമുണ്ടാവും. കാലിലോ മറ്റോ നീരു വരുകയോ ചെയ്താൽ കല്ലുപ്പുപയോഗിച്ച് കെട്ടിവയ്ക്കുന്നത് നീര് കുറയ്ക്കാൻ സഹായിക്കും.
തേങ്ങ നിറം മാറാതിരിക്കാൻ
തേങ്ങയുടെ നിറം മാറാതിരിക്കാൻ ഉപയോഗിക്കാവുന്ന ഒരു മാർഗമാണ് ഉപ്പ് തേയ്ക്കുക എന്നത്. മുറിച്ച തേങ്ങ നിറം മാറാതിരാക്കാനായി ഉപ്പ് കലക്കിയ വെള്ളം തേക്കുന്നത് നല്ലതാണ്. അതുപോലെ ആപ്പിൾ, ഉരുളക്കിഴങ്ങ് എന്നിവ കറുക്കാതിരിക്കാൻ ഇവ ഉപ്പു വെള്ളത്തിൽ ഇട്ടാൽ മതിയാകും.
പല്ലു വൃത്തിയാക്കാൻ
പല്ലിലുള്ള അഴുക്ക് പോകുവാൻ ഉപ്പ് ഉപയോഗിച്ച് പല്ലു തേക്കുന്നത് നല്ലതാണ്. വായ്നാറ്റം മാറാനും ഇത് ഏറെ ഉപകരിക്കും.
കാലിലെ നീര് കുറയാൻ
നീര് കുറയാനും വാത സംബന്ധമായ രോഗങ്ങൾക്കും ഉപ്പ് ഉപകാര പ്രദമാണ്. ചെറിയ കിഴിപോലെ ഉപ്പ് കെട്ടി, അത് ചെറുതായി ചട്ടിയിലോ മറ്റൊ വച്ച് ചൂടാക്കി കാലിലോ നടുവിലോ നീരുള്ള ഭാഗത്ത് വയ്ക്കുക. ശരീരത്തിലെ നീർക്കെട്ടിനും ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുളിച്ചാൽ മതിയാകും. യൂറിക് ആസിഡ് പോലുള്ള രോഗങ്ങൾക്ക് ഭക്ഷണത്തിൽ പൊടിഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
തൊണ്ട വേദനയ്ക്ക് പരിഹാരം
തൊണ്ട വേദന ഇല്ലാതാക്കാൻ ചെറു ചുടുവെള്ളത്തിൽ ഉപ്പിട്ട് രണ്ടു മിനിറ്റ് വായിൽ കൊള്ളുന്നത് വളരെ നല്ലതാണ്. വായിൽ ഈ വെള്ളം പിടിക്കുന്നതിനാൽ ചെറുചുട് തൊണ്ടയ്ക്കു കിട്ടുന്നത് കഫക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |