SignIn
Kerala Kaumudi Online
Thursday, 18 April 2024 10.27 AM IST

പ്ലാ​റ്റിനം ജൂബിലി നിറവിൽ സി.എസ്.ഐ സഭ

csi

സി.എസ്.ഐ. സഭ രൂപീകൃതമായതിന്റെ 75ാം വാർഷികം 27 ന്

...............

45 ലക്ഷത്തിലധികം വിശ്വാസികളുള്ള ഇന്ത്യയിലെ ഏ​റ്റവും വലിയ പ്രൊട്ടസ്​റ്റന്റ് സഭയായ സി.എസ്.ഐ. നേടിയത് അഭിമാനകരമായ വളർച്ചയാണ്. രൂപീകരണം മുതൽ അനവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച സഭ ഒത്തൊരുമയോടെയാണ് 75 വർഷം പിന്നിട്ടതും നേട്ടങ്ങൾ കൈവരിച്ചതും. 1806 ഏപ്രിൽ 25ന് മൈലാടി കേന്ദ്രീകരിച്ച് റവ.വില്യം തോബിയാസ് റിങ്കിൾടോബെയാണ് ദക്ഷിണേന്ത്യയിൽ പ്രൊട്ടസ്​റ്റന്റ് ക്രിസ്ത്യൻ വിഭാഗമായ എൽ.എം.എസിന്റെ (ലണ്ടൻ മിഷണറി സൊസൈ​റ്റി) പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സി.എസ്.ഐ. രൂപീകരണം

സഭകളുടെ ഐക്യത്തിന് തയ്യാറായവരുടെ ആദ്യ ജനറൽ അസംബ്ലി 1905 ജൂലായിൽ നടന്നു. ദക്ഷിണേന്ത്യയിൽ നിന്നും ജാഫ്നയിൽ നിന്നുമുള്ള മിഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 1908 ജൂലായ് 25ന് നടന്ന രണ്ടാമത് ജനറൽ അസംബ്ലിയിൽ വച്ച് കോൺഗ്രിഗേഷണൻ സഭകളും പ്രെസ്ബി​റ്റീരിയൻ സഭകളും ചേർന്ന് സൗത്ത് ഇന്ത്യൻ യൂണൈ​റ്റഡ് ചർച്ച് (എസ്.ഐ.യു.സി) രൂപീകരിച്ചു. 1919 ലെ തരങ്കംപാടി സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ എല്ലാസഭകളും ഐക്യത്തിന് ആഹ്വാനം ചെയ്തു. വിവിധ സഭാപ്രതിനിധികളെ ഉൾപ്പെടുത്തി ഐക്യസമിതി രൂപീകരിച്ചു. 1943 ൽ മെതഡിസ്​റ്റ് സഭ ഐക്യസഭയുടെ ഭാഗമായി. ദക്ഷിണേന്ത്യയിലെ നാല് മഹായിടവകൾക്ക് ഐക്യസഭയുടെ ഭാഗമാകാൻ 1945 ൽ ആംഗ്ലിക്കൻസഭയും അനുമതി നൽകി.

ഐക്യമാഗ്രഹിച്ച സഭകൾ കരട് അടിസ്ഥാനതത്വങ്ങൾക്കും ഭരണഘടനയ്‌ക്കും 1946ൽ അംഗീകാരം നൽകി. 1947 സെപ്തംബർ 27ന് ചെന്നൈയിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽവച്ചാണ് സി.എസ്.ഐ. യാഥാർത്ഥ്യമായത്. ആംഗ്ലിക്കൻസഭ, മെതഡിസ്​റ്റ് സഭ, എസ്.ഐ.യു.സി എന്നീ സഭാവിഭാഗങ്ങൾ ഒന്നിച്ചാണ് സി.എസ്.ഐ രൂപം കൊണ്ടത്.

ഔദ്യോഗിക ചിഹ്നം

വെളുത്തപ്രതലത്തിൽ കുരിശിന്റെ കൈകളും താമരയുടെ ദളങ്ങളും പരിശുദ്ധാത്മാവിന്റെ അഗ്നിജ്വാലകൾ എന്നിവ മനോഹരമായി ഇഴചേർന്നിരിക്കുന്നതാണ് സഭയുടെ ഔദ്യോഗികചിഹ്നം. രക്ഷയുടെ ചിഹ്നമായ കുരിശിനെ പുൽകി നിൽക്കുന്ന ഭാരതത്തിന്റെ ദേശീയപുഷ്പമായ താമര, സഭ ലക്ഷ്യമാക്കുന്ന സർവ്വ ലൗകീകരക്ഷയുടെ പ്രതീകമാണ്. കുരിശിന്റെ കേന്ദ്രസ്ഥാനം സഭയുടെ അടിത്തറയെയും വിശ്വാസത്തെയും സൂചിപ്പിക്കുന്നു. ഒരേനീളമുള്ള അതിന്റെ നാല് കൈകൾ സമത്വത്തെ പ്രഘോഷിക്കുന്നു. 'അവരെല്ലാവരും ഒന്നാകേണ്ടതിന്' എന്നതാണ് സഭയുടെ ആപ്തവാക്യം. ഒരു സുവിശേഷം, ഒരു സഭ, ഒരു ജനത എന്ന അടിസ്ഥാന കാഴ്ചപ്പാടാണ് സഭയുടേത്. ദക്ഷിണേന്ത്യാ സഭയുടെ ഭരണനിർവഹണം നടത്തുന്ന സമിതിയാണ് സിനഡ്. മോഡറേ​റ്ററാണ് സഭയുടെ പരമോന്നത നേതൃത്വം. ഡെപ്യൂട്ടി മോഡറേ​റ്റർ, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരാണ് മ​റ്റ് ഔദ്യോഗിക ഭാരവാഹികൾ. സഭയുടെ ഭരണഘടനയ്ക്കു വിധേയമായി ഓരോ മഹായിടവകയ്ക്കും പ്രത്യേക ഭരണഘടനയും ചട്ടങ്ങളുമുണ്ട്. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റവ.എ.ധർമരാജ് റസാലമാണ് നിലവിൽ മോഡറേ​റ്റർ.

സഭയുടെ വളർച്ച

1947 ൽ സഭ രൂപീകരിക്കുമ്പോൾ വിശ്വാസികളുടെ എണ്ണം 10 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 45 ലക്ഷത്തിലധികമായി. 15000ത്തിലേറെ ഇടവകകൾ, 3200 പുരോഹിതന്മാർ, അയ്യായിരത്തിലധികം അയ്‌മേനി പ്രവർത്തകർ, 2300 ൽ പരം സ്‌കൂളുകൾ, അഞ്ച് എൻജിനീയറിംഗ് കോളേജുകൾ, നൂറോളം ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, 15 ടീച്ചർ ട്രെയിനിങ്ങ് സ്‌കൂളുകൾ, 51 പോളിടെക്നിക്കുകൾ, 75 ആശുപത്രികൾ, നൂറിലധികം ക്ലിനിക്കുകൾ, വയോധികർക്കായി 22 മന്ദിരങ്ങൾ, മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജുകൾ, നഴ്സിംഗ് സ്‌കൂളുകൾ, തിയോളജിക്കൽ കോളേജുകൾ, ബോർഡിംഗ് ഹോമുകൾ, ഹോസ്​റ്റലുകൾ എന്നിവയൊക്കെയുണ്ട്. തിരുവനന്തപുരം കാരക്കോണത്തുള്ള ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജും സഭയുടേതാണ്. സഭ രൂപീകരിക്കുമ്പോൾ മഹാ ഇടവകകൾ 14 ആയിരുന്നു. ഭാഷാ അടിസ്ഥാനത്തിലും ഭരണസൗകര്യത്തിനും വിഭജിച്ചപ്പോൾ എണ്ണം 24 ആയി.

ദക്ഷിണകേരള, കൊല്ലം കൊട്ടാരക്കര , മദ്ധ്യകേരള , ഈസ്​റ്റ് കേരള, കൊച്ചി , മലബാർ എന്നിവയാണ് കേരളത്തിലെ മഹായിടവകകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സഭകളുമായിട്ടുള്ള വൈകാരികമായ ബന്ധം കൊണ്ടാണ് ശ്രീലങ്കയിലെ ജാഫ്ന മഹായിടവക സി.എസ്.ഐയുടെ ഭാഗമായി തുടരുന്നത്. ഇതരക്രൈസ്തവ സഭകളുമായും മ​റ്റ് സമുദായങ്ങളുമായും പ്രശംസാർഹമായ സൗഹൃദബന്ധം സഭയ്ക്കുണ്ട്.

(ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറാണ് ലേഖകൻ. ഫോൺ : 9446700467)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CSI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.