SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 PM IST

ക്ളിയോപാട്രയേക്കാൾ സൗന്ദര്യറാണിയായിരുന്നു അവർ, നെഫർറ്റിറ്റി രാജ്ഞിയുടെ മമ്മി കണ്ടെത്തിയെന്ന് ആർക്കിയോളജിസ്‌റ്റ്

nefertiti

ന്യൂയോർക്ക് : പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന നെഫെർറ്റിറ്റി രാജ്ഞിയുടെ മമ്മി കണ്ടെത്തിയെന്ന അവകാശവാദവുമായി ആർക്കിയോളജിസ്റ്റ് രംഗത്ത്. അഖെനാറ്റൻ രാജാവിന്റെ പത്നിയായിരുന്നു നെഫെർറ്റിറ്റി. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തയായത്.

ഈജിപ്ഷ്യൻ ആർക്കിയോളജിസ്റ്റായ സാഹി ഹവാസാണ് നെഫെർറ്റിറ്റിയുടെ മമ്മി കണ്ടെത്തിയെന്ന് കരുതുന്നതായി പറയുന്നത്. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ ആളാണ് ഇദ്ദേഹം. ഈജിപ്റ്റിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രി കൂടിയാണ് ഹവാസ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മികളെ തേടിയുള്ള ഗവേഷണങ്ങളിലാണ് 75കാരനായ ഹവാസ്. നിരവധി പുരാതന കല്ലറകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണ സംഘം പഠന വിധേയമാക്കിയിട്ടുണ്ട്. പുരാതന ഈജിപ്റ്റിലെ സ്ത്രീകളെ പറ്റി ' ഡോട്ടേഴ്‌സ് ഒഫ് ദ നൈൽ " എന്ന പേരിൽ ഒരു പ്രദർശനം നടത്താൻ തയാറെടുക്കുകയാണ് ഇദ്ദേഹം.

നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വാലി ഒഫ് ദ കിംഗ്സിൽ 2021 ഡിസംബർ 9 മുതലാണ് നെഫെർറ്റിറ്റി രാജ്ഞിയുടെ മമ്മി കണ്ടെത്താൻ ഹവാസും സംഘവും അന്വേഷണം ആരംഭിച്ചത്. ബി.സി 1370നും 1330നും ഇടയിലായിരുന്നു നെഫെർറ്റിറ്റി ഈജിപ്റ്റ് ഭരിച്ചിരുന്നത് എന്ന് കരുതുന്നു. ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ മാതാവാണ് നെഫെർറ്റിറ്റിയെന്ന് കരുതപ്പെടുന്നു.

അഖെനാറ്റൻ രാജാവിന്റെ മരണ ശേഷം നെഫെർറ്റിറ്റി ഈജിപ്റ്റിന്റെ ഭരണാധികാരിയായെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം. 18ാം തലമുറയിൽപ്പെട്ട ഈജിപ്ഷ്യൻ രാജകുടുംബത്തിന്റെ ഡി.എൻ.എ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഹവാസ് പറയുന്നു. അഖെനാറ്റൻ മുതൽ അമെൻഹോട്ടപ് മൂന്നാമൻ വരെയുള്ളവരുടെ മമ്മികളിൽ നിന്നാണ് ഇത് ശേഖരിച്ചത്.

വാലി ഒഫ് ദ കിംഗ്സിൽ തിരിച്ചറിയപ്പെടാത്ത രണ്ട് മമ്മികളും ഇതിൽ ഉൾപ്പെടുന്നു. വരുന്ന ഒക്ടോബറോടെ തുത്തൻഖാമന്റെ ഭാര്യ അൻഖെസെനമൂൻ, നെഫെർറ്റിറ്റി എന്നിവരുടെ മമ്മികൾ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് ഹവാസ് പറയുന്നു. ഈ രണ്ട് മമ്മികളിൽ ഒന്ന് നെഫെർറ്റിറ്റിയുടേത് ആകുമെന്ന് തനിക്കുറപ്പുണ്ടെന്ന് ഹവാസ് പറയുന്നു.

കാണാമറയത്തെ ക്ലിയോപാട്ര

ഈജിപ്ഷ്യൻ രാജ്ഞിമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രശസ്തയാണ് ക്ലിയോപാട്ര. ക്ലിയോപാട്രയുടെ ജീവിതവും മരണവുമെല്ലാം ഇന്നും നിഗൂഢതകൾ നിറ‌ഞ്ഞതാണ്. അതുപോലെ തന്നെയാണ് അവരുടെ കല്ലറയും. പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാൻഡ്രിയയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമായ ടപോസിരിസ് മാഗ്നയിലാണ് ക്ലിയോപാട്രയുടെ കല്ലറ എന്ന് കരുതുന്നു. ക്ലിയോപാട്രയുടെ കല്ലറയും മമ്മിയും കണ്ടെത്താനുള്ള പര്യവേക്ഷണങ്ങൾ ഇന്നും തുടരുന്നു. ബി.സി 305 നും 30 നും ഇടയിൽ ഈജിപ്‌റ്റ് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയായിരുന്നു ക്ലിയോപാട്ര.

ക്ലിയോപാട്രയുടെ ജീവിതം പല തവണ സിനിമയായിട്ടുണ്ട്. ഇതിൽ ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ക്ലിയോപാട്ര കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ബി.സി 31ൽ യുദ്ധത്തിൽ ശത്രുവായ ഒക്ടേവിയന് മുന്നിൽ പരാജയപ്പെട്ടതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇരുവരും എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നോ എവിടെ സംസ്കരിക്കപ്പെട്ടെന്നോ വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി തർക്കങ്ങൾ നിലവിലുണ്ട്. ആന്റണി വയറ്റിൽ കത്തി കുത്തിയിറക്കുയായിരുന്നുവെന്ന് വാദമുണ്ട്. ക്ലിയോപാട്ര വിഷം കഴിച്ചാണെന്നും പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നു.

ക്ലിയോപാട്രയുടെയും ആന്റണിയുടെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് അടക്കം ചെയ്തതെന്നാണ് കഥകൾ. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് പ്രൗഢഗംഭീരമായ ഇവരുടെ കല്ലറ എന്ന് എ.ഡി 45നും 120 നും ഇടയിൽ ജീവിച്ചിരുന്ന ഗ്രീക്ക് എഴുത്തുകാരനായിരുന്ന പ്ലൂട്ടാർക്കിന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEFERTITI MUMMY, CLEOPATRA, EGYPT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.