SignIn
Kerala Kaumudi Online
Tuesday, 29 November 2022 8.54 PM IST

എന്റെ ദക്ഷിണായനം

k-p-kumaran

മലയാള സിനിമയിലെ സമഗ്രസംഭാവനയ്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജെ.സി.ഡാനിയേൽ പുരസ‌്‌കാരം സ്വീകരിച്ച് കെ.പി.കുമാരൻ നടത്തിയ മറുപടിപ്രസംഗം

-----------------------------------------------------------------------------------------

മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയേലിന്റെ പേരിലുള്ള ഈ മഹത്തായ ബഹുമതിക്ക് എന്നെ അർഹനാക്കിയ, സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികൾ ഉൾപ്പെട്ട അവാർഡ് ജൂറിക്കും സംസ്ഥാന സർക്കാരിനും സാംസ്‌കാരികവകുപ്പിനും എന്റെ കൃതജ്ഞത വിനയപൂർവം രേഖപ്പെടുത്തട്ടെ.

ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സന്ദർഭത്തിലാണ് ഈ പുരസ്കാരം എന്നെത്തേടിയെത്തുന്നത്. 'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന അവസാനചിത്രം തിയേറ്ററുകളിലെത്തിയിട്ട് അധികനാളായില്ല. മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനവാരത്തിൽ ആ അനിതരവ്യക്തിത്വത്തിന്റെ ജീവിതചിത്രം മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അത്യന്തം അഭിമാനകരമായ അനുഭവമാണ്. അരനൂറ്റാണ്ടുകാലം നീണ്ട എന്റെ ചലച്ചിത്രപഥം അത്ര സുഗമമായിരുന്നില്ല. മുന്നൊരുക്കങ്ങളില്ലാതെ ഗോദയിലേക്ക് തള്ളിവിട്ട ഒരു ഗുസ്തിക്കാരനെപ്പോലെയാണ് ഞാനെന്റെ ആദ്യ കഥാചിത്രം ചെയ്തത്. 1974ൽ ആയിരുന്നു അത്. ചലച്ചിത്ര നിരൂപകരും മൂന്നു തലമുറകളിൽപ്പെട്ട പ്രേക്ഷകരും 'അതിഥി" എന്ന ആ ചി​ത്രത്തെ വാഴ‌്‌‌ത്തുന്നുണ്ട്. അന്നോളമുള്ള മലയാള സി​നി​മകളി​ൽ നി​ന്നും ഒരുപക്ഷേ പി​ൽക്കാല സി​നി​മകളി​ൽ നി​ന്നും സങ്കല്പത്തി​ലും ആഖ്യാനത്തി​ലും വ്യത്യസ്തമായി​രുന്നു അതി​ഥി​. കൊട്ടാരക്കര ശ്രീധരൻനായർ, പി​.ജെ. ആന്റണി​, ഷീല എന്നീ സമുന്നതരും ദീർഘകാല അഭിനയപാടവമുള്ളവരുമായി​രുന്നു കാമറയ്ക്ക് മുന്നി​ൽ. മുൻപരി​ചയമി​ല്ലാത്ത കഥാപാത്രങ്ങളുമായി​ തന്മയീഭാവത്തി​ലെത്താൻ അവർ വി​ഷമി​ച്ചി​രി​ക്കണം. ചി​ത്രം തി​യേറ്ററി​ലെത്തി​യപ്പോൾ വി​ദ്യാർത്ഥി​കളും യുവജനങ്ങളും അതി​നെ സഹർഷം സ്വാഗതം ചെയ്തു. എന്നാൽ അധികാരസ്ഥാനങ്ങൾ അതി​നെ തീർത്തും അവഗണി​ച്ചു. അധി​കാരസ്ഥാനങ്ങൾ എന്ന് ഞാനുദ്ദേശി​ക്കുന്നത് സർക്കാരി​നെ മാത്രമല്ല സാംസ്കാരി​കരംഗത്തെ എല്ലാ ശക്തി​കേന്ദ്രങ്ങളെയുമാണ്. ആ ആഘാതത്തി​ൽനി​ന്ന് ഇന്നും ഞാൻ മുക്തനായി​ട്ടി​ല്ല. എന്റെ മുന്നി​ൽ രണ്ട് വഴി​കളേ ഉണ്ടായി​രുന്നുള്ളൂ അന്ന്, ഒരു പൊതുമേഖലാ സ്ഥാപനത്തി​ൽ ഭേദപ്പെട്ട വരുമാനമുള്ള ജോലി​യുണ്ടായിരുന്ന ഞാൻ ആ ജോലി​യി​ൽ തുടരുക, സി​നി​മയെ മറക്കുക അല്ലെങ്കി​ൽ ജോലി​ ഉപേക്ഷി​ച്ച് മുഴുവൻ സമയവും സി​നി​മയി​ൽ മുഴുകുക. ഞാൻ രണ്ടാമത്തെവഴി​ സ്വീകരി​ച്ചു.

അടി​യന്തരാവസ്ഥ തുടങ്ങി​യ കാലമായി​രുന്നു. അത് മറ്റൊരു കഥ. തൊള്ളായി​രത്തി​ എഴുപതുകളുടെ തുടക്കത്തി​ൽത്തന്നെ ഇന്ത്യൻ സി​നി​മയി​ലും മലയാള സി​നി​മയി​ലും ന്യൂവേവ് എന്ന പേരി​ലറി​യപ്പെട്ട പുതി​യ ഒരു പ്രസ്ഥാനം പ്രത്യക്ഷപ്പെട്ടു. കേവലം ഒരു ബഹുജന വി​നോദത്തി​നുള്ള ഉപാധി​യും, ഒരു വൻ വ്യാപാര വ്യവസായമേഖലയും എന്ന അവസ്ഥയി​ൽനി​ന്നു ചലച്ചി​ത്രത്തെ യാഥാർത്ഥ്യബോധമുള്ള ഒരു കലാരൂപമാക്കി​ മാറ്റുവാനാകുകയെന്ന ലക്ഷ്യം ഒട്ടേറെ യുവാക്കളെ ആകർഷി​ച്ചു. പൂനെ ഫിലിം ഇൻസ്റ്റി​റ്റ്യൂട്ടി​ൽനി​ന്ന് പഠി​ച്ചുവന്നവരോ വി​വി​ധ കലാരംഗങ്ങളി​ൽ തഴക്കമുള്ളവരോ ആയ യുവാക്കൾ പുതുസി​നി​മയി​ൽ ചുവട് വയ്ക്കാൻ സന്നദ്ധരായി​. ഈ ധാര മലയാളസിനി​മയെ ദേശീയതലത്തി​ലും അന്തർദ്ദേശീയമായും അടയാളപ്പെടുത്തി​. മാത്രവുമല്ല മുഖ്യധാരയ്ക്ക് വേണ്ട പ്രഗത്ഭരായ സാങ്കേതി​കജ്ഞരെയും അഭി​നേതാക്കളെയും കണ്ടെത്താനുള്ള പരി​ശീലനക്കളരി​യുമായി​ത്തീർന്നു നവസി​നി​മ.

നവസി​നി​മയ്ക്ക് നേതൃത്വം നൽകി​യ മി​ക്കവരും ഇന്ന് ജീവി​ച്ചി​രി​ക്കുന്നി​ല്ല. ഈ അസുലഭ നി​മി​ഷത്തി​ൽ എനി​ക്ക് അവരെ ഓർക്കാതി​രി​ക്കാനാവി​ല്ല. അവരോരുത്തരും വ്യത്യസ്തരായിരുന്നു. അവരുടെ കഥാസൃഷ്ടികൾ പോലെതന്നെ അവരിൽ അഭിഷിക്തരുണ്ടായിരുന്നു. അവഗണിതരും. എന്നാൽ ഒരേ തൂവൽപ്പക്ഷികൾ പോലെയായിരുന്നു ഞങ്ങൾ. അവരോരുത്തരും എന്റെ പരീക്ഷണഘട്ടങ്ങളിൽ എനിക്ക് നൽകിയ പിൻബലം മറക്കാനാവുന്നതല്ല. പി.എൻ. മേനോൻ, അസീസ്, അരവിന്ദൻ, ജോൺ എബ്രഹാം, പി.എ. ബക്കർ, എഡിറ്റർ രവി, ദേവദാസ്, കെ.ആർ. മോഹനൻ, ഗോവിന്ദൻ, പവിത്രൻ, രവീന്ദ്രൻ, ആസാദ്, രാമൻ നായർ, ജി.എസ്. പണിക്കർ, കെ.കെ. ചന്ദ്രൻ, പത്മകുമാർ, ഐസക് തോമസ് കൊട്ടുകാപ്പള്ളി, കെ.എൻ. ശശിധരൻ, രാധാകൃഷ്ണൻ തുടങ്ങിയ നവസിനിമയുടെ പതാക വാഹകരായിരുന്ന ആ പ്രിയ സുഹൃത്തുക്കളുടെ ഓർമ്മയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ടു പോകുവാൻ എനിക്ക് ശക്തി പകർന്നത് ഊർജ്ജസ്വലരായ ഒരുകൂട്ടം ചലച്ചിത്രാസ്വാദകരുടെ സംവേദനക്ഷമതയാണ്. പലപേരുകളും മുഖങ്ങളും ഓർമ്മയിൽ തിളങ്ങി നിൽക്കുന്നുണ്ട്. നേരിട്ടറിയാത്ത ആയിരങ്ങളും എന്നും എന്നോടൊപ്പമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരോടുള്ള സ്നേഹവും നന്ദിയും ഞാനിവിടെ കുറിക്കട്ടെ.

ഇന്ന് ഈ മുഹൂർത്തത്തിൽ ഇവിടെ നിൽക്കുവാൻ എന്നെ പ്രാപ്തനാക്കിയ സർഗാത്മകതയുടെ വേരുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ രണ്ട് കാര്യങ്ങൾ എന്റെ മനസിൽ തെളിയുന്നു. ഒന്ന് തീരെ ചെറിയ പ്രായത്തിൽ മലയാള ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്താൻ എന്നെ പ്രാപ്തനാക്കിയ എന്റെ ജ്യേഷ്ഠ സഹോദരന്റെ ഓർമ്മയാണ്. കേരളം എന്ന സങ്കല്പം മൂർത്തവും പ്രത്യക്ഷവുമായ ഒരു അനുഭവമാക്കിത്തീർത്ത എന്റെ ജീവിതമാണ് രണ്ടാമത്തേത്. ഞാൻ ജനിച്ചുവളർന്നത് പഴയ ബ്രിട്ടീഷ് മലബാറിലെ കൂത്തുപറമ്പ് എന്ന ചെറുപട്ടണത്തിലാണ്. സ്വാതന്ത്ര്യാനന്തരവും മലബാറും കൊച്ചിയും തിരുവിതാംകൂറും തമ്മിൽ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. 1956 നവംബറിൽ കേരളപ്പിറവിയെടുത്ത് രണ്ട് മാസത്തിനകം അടുത്ത ജനുവരി ഒന്നാം തീയതി എന്റെ 19-ാം വയസ്സിൽ ഞാൻ പഴയ കൊച്ചിയിലെ തൃശ്ശിവപേരൂരിലെത്തിച്ചേർന്നു. ഒരുവർഷത്തിനകം ആലപ്പുഴയിലും വീണ്ടുമൊരു വർഷം കഴിഞ്ഞ് തിരുവനന്തപുരത്തും വന്നെത്തി. അതൊരു ദക്ഷിണായനം തന്നെയായിരുന്നു. അക്കാലത്തെ വടക്കേ മലബാറുകാരനായ ഒരു ചെറുപ്പക്കാരന് അതൊരു കൾച്ചറൽ ഷോക്ക് ആകുമായിരുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ഒരുപക്ഷേ, ഉൾക്കൊള്ളാനാവാത്ത ഒരു സത്യമാണ് ഞാൻ പറയുന്നത്. സംസാരഭാഷയിലും ഭക്ഷണരീതിയിലും പെരുമാറ്റത്തിലും വടക്കേ മലബാറും തിരുവിതാംകൂറും രണ്ട് രാജ്യങ്ങൾ തന്നെയായിരുന്നു അന്ന്. അതിനെ മറികടക്കാൻ എന്നെ സഹായിച്ചത് സി.വി. രാമൻപിള്ള. തകഴി, ബഷീർ, പൊൻകുന്നംവർക്കി തുടങ്ങിയ തിരുവിതാംകൂർകാരായ എഴുത്തുകാരുടെ നോവലുകളിലൂടെ മുമ്പ് തന്നെ ഞാൻ ഉൾക്കൊണ്ട ജീവിതവും ചരിത്രവുമാണെന്ന് ഞാനിന്നറിയുന്നു. അരൂർപാലം വരുന്നതിന് മുമ്പ് തന്നെ തിരുവിതാംകൂറിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയ നിമിഷത്തിൽ ഈ നാടിന്റെ ആരെയും വശീകരിക്കുന്ന ഭൂഭാഗഭംഗികൾ എന്നെ ആകർഷിച്ചു. പിന്നീട് ദശകങ്ങൾ നീണ്ടുനിന്ന തെക്കുവടക്ക് യാത്രകൾ കേരളമെന്ന അസ്‌തിത്വം എന്റെ വികാരമാക്കിത്തീർത്തു.

ജനിച്ചുവളർന്ന നാടിനോടുള്ള ജൈവബന്ധം കേരളീയമോ ദേശീയമോ എന്ന നിലയിൽനിന്ന് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠയായിത്തീർന്നത് പിൽക്കാലചരിത്രം. ജീവിതാനുഭവങ്ങളാണ് എന്റെ സർവകലാശാലകൾ. എന്റെ സർഗാത്മകതയുടെ പശ്ചാത്തലഭൂമിക. കാവ്യനീതി എന്ന് ഞാൻ കരുതുന്ന ഈ പുരസ്കാരത്തിന് നന്ദി. നമസ്കാരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K P KUMARAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.