SignIn
Kerala Kaumudi Online
Tuesday, 29 November 2022 10.36 PM IST

മൂന്നാംസമ്മാനം കിട്ടുന്ന ടിക്കറ്റുണ്ടെങ്കിൽ ഒരെണ്ണം എടുക്കാമായിരുന്നു

lottery

'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'

തത്വചിന്താപരമായ പല അർത്ഥതലങ്ങൾക്ക് പുറമേ പൂന്താനം എഴുതിയ ഈ വരികളിൽ വലിയ ദീർഘവീക്ഷണവുമുണ്ട്. നമുക്കു ചുറ്റും ഓരോ ദിവസവും നടക്കുന്ന പല സംഭവങ്ങളിലേക്കും കണ്ണോടിച്ചാൽ ഇത് അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം ബോദ്ധ്യമാവും. സർവാധിപത്യം പുലർത്തി അടക്കിഭരിച്ചിരുന്ന എത്രയോ ഭരണകർത്താക്കൾ ഒരു സുപ്രഭാതത്തിൽ നിഷ്കാസിതരാവുന്നു, പഞ്ചായത്ത് മെമ്പർപോലുമാവുമെന്ന് സ്വപ്നം കാണാത്ത ചിലർ ഒരു വേള എം.എൽ.എ ആകുന്നു, ചിലപ്പോൾ മന്ത്രിയും. വീട്ടിലെ കണ്ണാടിക്ക് മുന്നിൽ ഗോഷ്ടിയെങ്കിലും കാണിച്ചിട്ടില്ലാത്തവർ വലിയ അഭിനേതാക്കളാവുന്നു, സമ്പന്നത്തിൽ കുത്തിമറിഞ്ഞ് മദിച്ചു നടന്നവർ ഒരു നേരത്തെ അന്നത്തിന് യാചിക്കേണ്ടിവരുന്നു, മണിമാളികയിൽ അന്തിയുറങ്ങിയിരുന്നവർ മരച്ചോട്ടിൽ രാത്രി വെളുപ്പിക്കുന്നു... അങ്ങനെ എന്തെല്ലാം വൈരുദ്ധ്യങ്ങളും വൈപരീത്യങ്ങളുമാണ് ഓരോ കാലങ്ങളിൽ കണ്ടുപോകുന്നത്. ചിലർക്ക് ഭാഗ്യം കയറിവരുന്നതും തീരെ അപ്രതീക്ഷിതമായിട്ടാവും. പ്രത്യേകിച്ച് ലോട്ടറിയുടെ രൂപത്തിൽ . ലോട്ടറിയടിക്കുന്ന വ്യക്തിയെ ഭാഗ്യവാൻ എന്നാണ് വിശേഷിപ്പിക്കാറ്. സൗഭാഗ്യത്തിന്റെ ദിനങ്ങളാവും പിന്നീട് ആ വ്യക്തിയുടേതെന്നും നാം ധരിക്കും. പക്ഷേ ബമ്പർ ലോട്ടറി അടിച്ച പലരുടെയും അവസ്ഥ അങ്ങനെയല്ല, ഭാഗ്യവാനാവുന്ന ദിവസം മുതൽ അയാളുടെ ഉറക്കമില്ലാതാവും, സമാധാനമില്ലാതാവും, ജീവിതത്തിൽ സ്വസ്ഥത ഇല്ലാതാവും ഇതാണ് യാഥാർത്ഥ്യം.

ലോട്ടറിയെക്കുറിച്ചു പറയുമ്പോൾ കിലുക്കം എന്ന സിനിമയെയും ഇന്നസെന്റ് എന്ന നടനെയും നമുക്ക് ഓർക്കാതിരിക്കാനാവില്ല. കാമധേനു ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയതായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇന്നസെന്റിന്റെ 'കിട്ടുണ്ണി' എന്ന കഥാപാത്രം 'അടിച്ചുമോളേ ' എന്നു പറഞ്ഞ് നിലത്തേക്കു വീഴുന്നതും ഒരിക്കൽക്കൂടി തലഉയർത്തിയിട്ട് വീണ്ടും അബോധാവസ്ഥയിലാവുന്നതുമായ രംഗം എത്രകണ്ടാലും ചിരി അടക്കാൻ കഴിയില്ല. 'ലോട്ടറി ടിക്കറ്റ് ' എന്ന പഴയകാല മലയാള സിനിമയിൽ അടൂർഭാസി പാടി അഭിനയിച്ച 'ഒരു രൂപ നോട്ടുകൊടുത്താൽ ഒരു ലക്ഷം കൂടെ പോരും' എന്ന പാട്ട് സീനും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്. ഒന്നാം സമ്മാനമായി മിക്ക നറുക്കുകൾക്കും ഇപ്പോൾ സാമാന്യം വലിയ തുകയാണ് കിട്ടുന്നത്. നികുതി കിഴിച്ച് കിട്ടുന്ന പണം ബുദ്ധിപരമായി ഉപയോഗിക്കുന്നവർക്ക് ഭാവി ശോഭനമാക്കുകയും ചെയ്യാം. പക്ഷേ പല ഭാഗ്യവാന്മാരുടേയും പിന്നീടുള്ള അവസ്ഥ അത്ര ശോഭനമായിരുന്നില്ലെന്നതാണ് സത്യം. ഏതായാലും സംസ്ഥാന ധനകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഗുലാത്തി ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഇതേക്കുറിച്ച് ഒരു സർവേ നടത്താൻ തുടങ്ങുകയാണ്. കഴിഞ്ഞ പത്തുവർഷത്തെ സമ്മാനജേതാക്കളെയാവും മിക്കവാറും സർവേയിൽ ഉൾപ്പെടുത്തുക.

ശ്രീവരാഹത്തുള്ള അനൂപ് എന്ന ചെറുപ്പക്കാരന് കഴിഞ്ഞ ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ച ശേഷമുള്ള ആറുദിസത്തെ സംഭവവികാസങ്ങളാണ് മുൻപറഞ്ഞ ചിന്തകളിലേക്ക് നയിച്ചത്. ഓട്ടോറിക്ഷ ഓടിച്ച് വലിയ അല്ലലില്ലാതെ സന്തോഷകരമായി കഴിഞ്ഞുവന്ന കുടുംബം. ഭാര്യ മായ, രണ്ടരവയസുള്ള മകൻ അദ്വൈത്, അനൂപിന്റെ മാതാവ് അംബിക എന്നിവരടങ്ങിയ കുടുംബം.

ഒന്നാം സമ്മാനത്തിന്റെ വാർത്ത വന്നതോടെ അനൂപ് പൊടുന്നനെ ചാനൽ സ്ക്രീനുകളിൽ താരമായി, അടുത്ത ദിവസം പത്രമാദ്ധ്യമങ്ങളുടെ പ്രധാന പേജിൽ നിറഞ്ഞു. കഷ്ടിച്ചു നടന്നു മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ അഭിമുഖത്തിനായി ചാനലുകാരും പത്രക്കാരും ഓൺലൈൻകാരും യൂട്യൂബർമാരും അനൂപിന്റെ വീട്ടിലേക്ക് ഏന്തിവലിഞ്ഞു ചെല്ലുന്നു, എങ്ങോട്ടും തിരിയാനാവാത്ത അവസ്ഥ. തനിക്ക് ലോട്ടറി ടിക്കറ്റ് തന്ന ഏജന്റിനെ ഈ ഘട്ടത്തിൽ മറക്കരുതെന്ന് അനൂപിന്റെ നല്ല മനസ് ഉള്ളിലിരുന്ന് മൊഴിഞ്ഞു. തിരക്ക് അൽപ്പമൊന്ന് ഒഴിഞ്ഞപ്പോൾ നേരെ അവിടേക്ക് വച്ചുപിടിച്ചു. അനൂപിന്റെ കൈപിടിച്ച് കുലുക്കി ലോട്ടറി കടക്കാരനും സന്തോഷം പങ്കിട്ടു. കടയിൽവച്ചു തന്നെ ഒരു മായാജാലക്കാരന്റെ ഭാവത്തിൽ അനൂപ് തനിക്ക് സമ്മാനമെത്തിച്ച ലോട്ടറി ടിക്കറ്റ് ഉയർത്തിക്കാട്ടി. മഹാഭാഗ്യവാനായി മാറിയ അനൂപിന് തൊട്ടടുത്ത നിമിഷം കിട്ടി, സമ്മാനാർഹനായ ശേഷമുള്ള ആദ്യ പ്രഹരം. തോളിൽതട്ടി പരിചയമില്ലാത്ത ഒരാൾ വിളിച്ചു, 'രോഗബാധ കൊണ്ടു മുടിഞ്ഞു, ചികിത്സയ്ക്ക് മാർഗ്ഗമില്ല, കുറച്ചു പണംതന്നു സഹായിക്കണം.' ശരിയെന്ന മട്ടിൽ തലയാട്ടി വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം മുതൽ വീട്ടിൽ തിരക്കോട് തിരക്ക്, അനൂപിന്റെയും മായയുടെയും മൊബൈൽ ഫോണിന് വിശ്രമമില്ലാതായി. ചികിത്സ, വിവാഹസഹായം, കടബാദ്ധ്യത തീർക്കൽ, വിദ്യാഭ്യാസസഹായം, ക്ഷേത്രനിർമ്മാണം, ക്ളബ്ബ് വാർഷികം, അനാഥാലയ നടത്തിപ്പ് സഹായം... അങ്ങനെ നീളുന്നു ആവശ്യക്കാർ. പൊതുസമൂഹത്തിൽ ഇത്രയും വ്യത്യസ്തങ്ങളായ സഹായ ധനങ്ങളുണ്ടെന്ന് അപ്പോഴാണ് അനൂപ് തിരിച്ചറിയുന്നത്.

സഹികെട്ടപ്പോൾ വീടുമാറി, ചില ബന്ധുവീടുകളിലാക്കി താമസം. പക്ഷേ അനൂപിനേക്കാൾ അദ്ദേഹത്തിന്റെ ബന്ധുവീടുകൾ നിശ്ചയമുള്ളവർ സഹായപാരയുമായി അവിടെയുമെത്തി. തന്റെ കുട്ടിയുമായി ആശുപത്രിയിലെത്തി ഒ.പി കൗണ്ടറിൽ നിൽക്കുമ്പോൾ, പിറകിൽനിന്ന് ഒരു ശബ്ദം, 'എന്നെയൊന്ന് സഹായിക്കണം.'വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ ഒരു മാന്യന്റെ ഫോൺകോൾ, 'ഒരു രണ്ടുകോടി കൊണ്ട് നമുക്ക് സിനിമയെടുക്കാം, ഒന്നാംതരം കുടുംബചിത്രം' . അനൂപിനെ അതിൽ നായകനാക്കാമെന്നും മായയെകൊണ്ട് പാട്ടുപാടിക്കാമെന്നും കൂടി പറയും മുമ്പ് അനൂപ് ഫോൺ കട്ടുചെയ്തു.

അതോടെ അനൂപിന് മനസിലായി , ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. സോഷ്യൽ മീഡിയ വഴി തന്റെ ധർമ്മസങ്കടം അനൂപ് തന്നെ വെളിപ്പെടുത്തി. മനസിലുള്ളത് പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം കൂടി അദ്ദേഹം തുറന്നുപറഞ്ഞു.' ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു.'

ഇതുകൂടി കേൾക്കണേ

വലിയ തുകകൾ സമ്മാനം അടിക്കുന്നവർക്ക് എങ്ങനെ പണം സുരക്ഷിതമായി ചെലവഴിക്കാമെന്ന് ധനകാര്യവകുപ്പ് പരിശീലനം നൽകാൻ ആലോചന തുടങ്ങി. സംസ്ഥാനം മേടിച്ചു കൂട്ടിയ കടം എങ്ങനെ തീർക്കാമെന്ന് ഏതു ക്ളാസിൽ പഠിപ്പിക്കുമോ ആവോ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOTTERY BHAGYAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.