SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.01 PM IST

റോജർ ഭരണം അവസാനിച്ചു

federer

ലണ്ടൻ : അവസാന യുദ്ധത്തിൽ വിജയിക്കാനായില്ലെങ്കിലും പിന്നിട്ട പടയോട്ടവിജയങ്ങളുടെ ഓർമ്മകൾ തുളുമ്പിയ രാവിൽ,സന്തോഷവും സങ്കടവും കൂടിക്കലർന്ന് കണ്ണീർക്കണങ്ങളായടർന്നുവീഴവേ കളിക്കളത്തിൽ എതിരാളികളായിരുന്നപ്പോഴും ഹൃദയത്തിനുള്ളിൽ സൗഹൃദം കാത്തുസൂക്ഷിച്ചവരുടെ തോളിലേറി റോജർ ഫെഡറർ എന്ന ഇതിഹാസം ടെന്നിസ് കോർട്ടിനോട് വിടചൊല്ലി.

കഴിഞ്ഞരാത്രി ലണ്ടനിൽ നടന്ന ലേവർ കപ്പ് ടീം ടെന്നിസ് ടൂർണമെന്റിന്റെ ഡബിൾസിൽ ഒരേസമയം ചിരവൈരിയും ഉറ്റകൂട്ടുകാരനുമായിരുന്ന റാഫേൽ നദാലിനൊപ്പം ടീം യൂറോപ്പിനായി ഇറങ്ങിയ ഫെഡററെ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഫെഡറർ -നദാൽ സഖ്യം 6-4, 6-7, 11-9 എന്ന സ്കോറിന് പരാജയം സമ്മതിച്ചതോടെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് ലണ്ടനിലെ ഒളിമ്പിക് അരീന സാക്ഷ്യം വഹിച്ചത്.

ഗ്രാൻസ്ളാം കിരീടവിജയവേദികളെപ്പോലും ആനന്ദാശ്രുക്കൾകൊണ്ട് തരളിതമാക്കുന്ന ഫെഡറർ തന്റെ വിടവാങ്ങൽ വേദിയിൽ പൊട്ടിക്കരഞ്ഞുപോയി. രണ്ടുപതിറ്റാണ്ടിലേറെ മാന്ത്രികവടിപോലെ റാക്കറ്റുചുഴറ്റി ഒന്നൊന്നായി 20 ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയ ഇതിഹാസതാരം പതിവുപോലെ നിർമലമനുഷ്യനായി മാറി. തന്റെ കരിയറിൽ പിന്തുണനൽകിയവർക്ക് നന്ദി പറയുമ്പോൾ... ഒപ്പവും എതിരെയും കളിച്ചവരുമായി ഓർമ്മകൾ പങ്കിടുമ്പോൾ...ആ മുഖത്ത് കണ്ണീർച്ചാലുകൾ ഒഴുകിക്കൊണ്ടേയിരുന്നു. ആ വലിയ കളിക്കാരന്റെ ,മനുഷ്യന്റെ അവസാനമത്സരത്തിൽ പങ്കെടുക്കകവഴി ഒരു യുഗാന്ത്യത്തിന് സാക്ഷിയാകുന്നതിന്റെ ഹൃദയഭാരവുമായി റാഫേൽ നദാലും നൊവാക്ക് ജോക്കോവിച്ചും ആൻഡി മുറേയും സിസ്റ്റിപ്പാസുമൊക്കെയടങ്ങുന്ന സഹതാരങ്ങളും വേദിയിൽ അണിനിരന്നു. നദാലിനൊപ്പം വീണ്ടും കളിക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ച ഫെഡറർ, നൊവാക്ക് ജോക്കോവിച്ച്ഉൾപ്പടെയുള്ള മറ്റ് ടീം അംഗങ്ങളോടും നന്ദി പറഞ്ഞു. ഫെഡററുടെ വികാരനിർഭരമായ വിടവാങ്ങൽ ഗാലറിയിരുന്ന ആരാധകരെയും കണ്ണീരിലാഴ്ത്തി.

എന്റെ ഭാര്യയാണ് എന്റെ ശക്തി. അവളുടെ പിന്തുണകൊണ്ടുമാത്രമാണ് ഇത്രയും നാൾ എനിക്ക് കോർട്ടിൽ തിളങ്ങാനായത്. നേരത്തേ എനിക്ക് വിരമിക്കാമായിരുന്നു. പക്ഷേ മിർക്ക അതിന് അനുവദിച്ചില്ല. എന്നോട് ടെന്നീസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾ ആവശ്യപ്പെട്ടു. അതുപോലെതന്നെ എന്റെ അമ്മയും. അമ്മയില്ലായിരുന്നുവെങ്കിൽ ഞാനിവിടെയുണ്ടാകുമായിരുന്നില്ല. അച്ഛന്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ദൈവത്തിന് നന്ദി എല്ലാവർക്കും നന്ദി.

- റോജർ ഫെഡററുടെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്ന്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FEDERER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.